X

കേന്ദ്രത്തിന്റെ യുദ്ധപ്രഖ്യാപനം നേരിടും: മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണമേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍.ഡി.എഫ് കക്ഷിനേതാക്കളും തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ നടത്തിയ സമരത്തില്‍ പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും രൂക്ഷവിമര്‍ശം.

രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ചു വരെയായിരുന്നു സത്യഗ്രഹം. മുഖ്യമന്ത്രിയുടെ പോസ്റ്ററുമേന്തി സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന സമരമുഖത്തെത്തിയതും ശ്രദ്ധേയമായി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കാല്‍നടജാഥയായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തില്‍ പങ്കെടുക്കാനെത്തിയത്. സഹകരണ മേഖലയോട് യുദ്ധപ്രഖ്യാപനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും അതിനെ ശക്തമായി നേരിടാന്‍ തയാറാണെന്ന് കുമ്മനം രാജശേഖരന്‍ മനസിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നുണപ്രചാരണം നടത്തുകയെന്നത് എല്ലാ കാലത്തും ആര്‍.എസ്.എസ് അജണ്ടയാണ്. ബി.ജെ.പിയുടെ പോക്കറ്റിലുള്ള സംഘടനയാണ് റിസര്‍വ് ബാങ്കെന്നാണ് അവര്‍ കരുതുന്നത്. കേരളത്തിന്റെ വളര്‍ച്ചയില്‍ ഒരു പങ്കും വഹിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. പകരം, അതിനു സഹായിച്ച സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രി നല്ലതു ചെയ്താല്‍ നല്ലതെന്ന് പറയാന്‍ മടിയില്ല. സത്യഗ്രഹം അവസാനിച്ചുവെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടിക്കെതിരായ പ്രതിഷേധം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന്റെ തുഗ്ലക് പരിഷ്‌കാരത്തിനെതിരായി രാജ്യത്ത് ആദ്യമായുണ്ടാകുന്ന മുന്നേറ്റമാണ് തിരുവനന്തപുരത്ത് നടന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നോട്ടു മാറാന്‍ ക്യൂ നില്‍ക്കുന്ന ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മോദിയുടെ നെഞ്ചത്താണ് ചാപ്പകുത്താന്‍ പോകുന്നതെന്ന് ഭരണപരിഷ്‌കാര ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

chandrika: