X

കെ.പി ശശികല നാടുവിടും വരെ സമരമെന്ന് നാട്ടുകാര്‍

പാലക്കാട്: ഏറെക്കാലം വല്ലപ്പുഴയില്‍ ജോലിചെയ്ത ശേഷം നാടിനെ പാകിസ്ഥാനായി ഉപമിച്ച കെപി ശശികല ഇനി സ്‌കൂള്‍ വിടുംവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നാട്ടുകാര്‍. താന്‍ പഠിപ്പിക്കുന്ന വിദ്യാലയവും അതു സ്ഥിതി ചെയ്യുന്ന നാടും പാകിസ്താനാണെന്ന കെ പി ശശികലയുടെ പ്രസംഗത്തിനെതിരെ വല്ലപ്പുഴക്കാര്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയിരിക്കുകയാണ്.

സ്‌ക്കൂളിലെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസാണ് നിലവില്‍ ശശികല. ഹെഡ്മിസ്ട്രസ് തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ആ പദവി വഹിച്ചുവരുന്നു. ഇക്കാലത്തിനിടയില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടും 36 വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍പ്പോലും വല്ലപ്പുഴ ഗവ. ഹൈസ്‌ക്കൂളിലെ കുട്ടികളോ രക്ഷിതാക്കളോ കെ പി ശശികലയ്‌ക്കെതിരെ തിരിഞ്ഞിരുന്നില്ല.

എ്ന്നാല്‍ സ്വന്തം നാടിനെതിരെയും വര്‍ഗീയ പ്രസംഗങ്ങള്‍ നടത്താന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. വെളളിയാഴ്ച രാവിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ആദ്യം സമരവുമായെത്തിയത്. ഇവര്‍ ശശികലക്കെതിരെ കരിങ്കൊടി കാണിച്ചു. ഉച്ചയോടെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ ‘ സേവ് വി എച്ച് എസ്, ബാന്‍ ശശികല’ പോസ്റ്ററുകളുമായെത്തി ഉച്ചക്ക് 3 മണിക്കു ശേഷം സ്‌കൂളില്‍ പഠനം മുടങ്ങി. രണ്ട് മൂന്ന് ദിവസമായി പോലീസുകാര്‍ സ്‌കൂളിനു മുമ്പില്‍ കാവലുണ്ട്.

തിങ്കളാഴ്ച്ച മുതല്‍ സ്‌കൂളില്‍ അനിശ്ചിത കാല പഠിപ്പ് സമരം ആരംഭിക്കുകയാണ്. എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ചേര്‍ന്ന ഐക്യമുന്നണിയാണ് സമരാഹ്വാനം നടത്തിയത്. ക്ലാസ്സ് ബഹിഷ്‌കരിക്കാന്‍ രക്ഷിതാക്കളും തീരുമാനിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരമുണ്ടാക്കാന്‍ ശനിയാഴ്ച്ച സ്‌കൂളില്‍ പി ടി എ കൂടുന്നുണ്ട്.

2011 ല്‍ അമേരിക്കയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ശശികല വല്ലപ്പുഴയെ പാക്കിസ്ഥാനോട് ഉപമിച്ചത്. താന്‍ ജീവിക്കുന്ന നാടും അധ്യാപികയായി ജോലി ചെയ്യുന്ന സ്‌കൂളും പാക്കിസ്ഥാന് തുല്യമെന്നാണെന്നായിരുന്നു പരാമര്‍ശം. എന്നാല്‍ നാട്ടുകാര്‍ രംഗത്തെത്തിയതോടെ താന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് 95 ശതമാനം പേരും മുസ്ലിംകളാണെന്നും അതിനാലാണ് പാകിസ്താനായി ചിത്രീകരിച്ചതെന്നുമാണ് ശശികലയുടെ വാദം. വേദങ്ങള്‍ പിറന്ന പാകിസ്താന്‍ എങ്ങനെ മോശമാവുമെന്നും ശശികല ചോദിക്കുന്നു.
വര്‍ഷങ്ങളായി മതവിദ്വേഷം പ്രചരിപ്പിച്ചിട്ടും കെ പി ശശികല എന്ന അധ്യാപികയ്‌ക്കെതിരെ വല്ലപ്പുഴ ഹയര്‍സെക്കണ്ടറി സ്‌കൂളിലോ നാട്ടിലോ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ശശികലയുടെ രാഷ്ട്രീയം സ്‌കൂളിനു പുറത്തായിരുന്നു. പക്ഷെ സ്‌കൂളിനേയും നാടിനേയും പാക്കിസ്ഥാനോട് ഉപമിച്ചതോടെ കാര്യങ്ങള്‍ മാറി. ഇനിയും വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തി മുന്നോട്ടു പോകാനാണ് ശശികലയുടെ തീരുമാനമെങ്കില്‍, ഈ നാട്ടില്‍ വെച്ചുവേണ്ട എന്നാണ് വല്ലപ്പുഴക്കാര്‍ പറയുന്നത്.

chandrika: