X
    Categories: Video Stories

കുല്‍ഭുഷണ്‍ യാദവിനെ കാണാന്‍ മാതാവും ഭാര്യയും പാകിസ്താനില്‍

കുല്‍ഭൂഷണ്‍ യാദവ്‌

ഇസ്ലാമാബാദ്: വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭുഷണ്‍ യാദവിനെ കാണാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ എത്തി. അമ്മ അവന്തി, ഭാര്യ ചേതന്‍കുല്‍ എന്നിവരാണ് പാകിസ്താന്‍ വിദേശ മന്ത്രാലയത്തിന്റെ അനുമതിയോടെ ഇസ്ലാമാബാദിലെത്തിയത്. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ജെ.പി സിംഗും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ട്.

ഇന്ത്യക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്നാരോപിച്ചാണ് മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനായ കുല്‍ഭുഷണെ പാകിസ്താന്‍ തടവിലാക്കിയിരിക്കുന്നത്. ബലൂചിസ്ഥാനില്‍ വെച്ച് 2016 മാര്‍ച്ച് മൂന്നിന് പിടിയിലായ അദ്ദേഹത്തിന് പട്ടാള കോടതി ഈ വര്‍ഷമാണ് ശിക്ഷ വിധിച്ചത്. എന്നാല്‍, സൈന്യത്തില്‍ നിന്ന് വിരമിച്ച കുല്‍ഭുഷണ്‍ അതിനു ശേഷം തങ്ങളുമായി ഒരുനിലക്കും ബന്ധപ്പെട്ടിട്ടില്ലെന്നും ചാരപ്രവര്‍ത്തനം നടത്തി എന്ന ആരോപണം അസംബന്ധമാണെന്നും വ്യോമസേന പറയുന്നു.

കുല്‍ഭുഷണെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് പാകിസ്താന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ശിക്ഷക്കെതിരായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജികള്‍ എല്ലാം തള്ളുകയാണുണ്ടായത്. ഇദ്ദേഹത്തിന്റെ ദയാ ഹര്‍ജി പാക് സൈന്യാധിപന്‍ ജന. ഖമര്‍ ജാവേദ് ബജ്വയുടെ പരിഗണനയിലാണ്.

കുല്‍ഭുഷണുമായി ബന്ധപ്പെടാനുള്ള നയതന്ത്ര ശ്രമങ്ങള്‍ നിഷേധിച്ച പാക് നടപടിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിട്ടുണ്ട്. വിധി പറയുന്നതു വരെ ജാദവിന്റെ ശിക്ഷ നടപ്പാക്കരുതെന്ന് അന്താരാഷ്ട്ര കോടതി പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: