കോഴിക്കോട്ട് കഴിഞ്ഞ ദിവസം ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവം കേരളത്തിലെ അപൂര്‍വവും ഞെട്ടിപ്പിക്കുന്നതുമാണ്. രാത്രി രണ്ടുമണിയോടെ റോഡില്‍ സ്‌കൂട്ടര്‍ ഓടിച്ചുപഠിക്കുന്നതിനിടെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്തതാണ് മരണത്തിന് കാരണമെന്നാണ് പരാതി. ചങ്ങനാശേരി സ്വദേശിനി തൃക്കൊടിത്താനം മുക്കാഞ്ഞിരം മനോഹരന്റെ മകള്‍ ആതിര( 19) യാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്.
പൊലീസ് ഉദ്യോഗസ്ഥന്‍ രാത്രി കസ്റ്റഡിയിലെടുത്ത യുവതി രണ്ടര മണിക്കൂര്‍ സ്‌റ്റേഷനില്‍ കഴിഞ്ഞ ശേഷം വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് മൊഴി. കുറ്റ്യാടിയിലെ സ്വകാര്യ ആസ്പത്രിയില്‍ ജീവനക്കാരിയായിരുന്നു ആതിര. വെള്ളിയാഴ്ച രാത്രി ആസ്പത്രി പരിസരത്ത് ആതിരയും കൂട്ടുകാരികളും ഡ്രൈവിങ് പഠിക്കുകയായിരുന്നുവത്രെ. രാത്രി ഡ്രൈവിങ് പഠിക്കുന്നതിനെ തെറ്റായി കാണാനാവില്ലെന്നിരിക്കെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്തിനെന്നത് പരിശോധിക്കപ്പെടണം. നാദാപുരം ഡിവൈ.എസ്.പി കെ. ഇസ്മയിലാണ് പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ മനോവീര്യം ഉയര്‍ത്തുന്നതാണ് സംഭവമെന്ന് സര്‍ക്കാര്‍ ഇക്കാര്യത്തിലും പറയുമോ.
സത്യത്തില്‍ പൊലീസ് കാട്ടിയത് പൊറുക്കാനാവാത്ത അപരാധമാണ്. പെണ്‍കുട്ടികള്‍ രാത്രി പുറത്തിറങ്ങുന്നതിന് എതിരു നില്‍ക്കുന്ന സമൂഹമാണ് പൊതുവെ സാക്ഷര കേരളമിപ്പോഴും. ജോലിത്തിരക്കുകള്‍ കാരണമാണ് പെണ്‍കുട്ടികള്‍ പലപ്പോഴും രാത്രി റോഡില്‍ തിരക്കൊഴിഞ്ഞ നേരം നോക്കി ഡ്രൈവിങ് പരിശീലിക്കുന്നത്. ഇതിനെ പ്രോല്‍സാഹിപ്പിച്ചില്ലെങ്കില്‍ കൂടി ശിക്ഷിക്കപ്പെടാവുന്ന കുറ്റമായി പൊലീസ് കരുതിയത് ശരിയായില്ല. ഒരു തരത്തില്‍ സദാചാര ഗുണ്ടായിസമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയിട്ടുള്ളത്. 19 വയസ്സുകാരിയായ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും പാലിക്കേണ്ട മര്യാദകളും നടപടിക്രമങ്ങളും പൊലീസ് പാലിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. സര്‍ക്കാരും ആഭ്യന്തര വകുപ്പും ഇക്കാര്യത്തില്‍ കാട്ടുന്ന മൗനം ദുരൂഹമാണ്. കേരളത്തെ പോലുള്ള ഒരു സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം തന്നെ ഇടുക്കി അടിമാലിയില്‍ ആദിവാസികളുടെ വീടിന് തീയിട്ട സംഭവവുമുണ്ടായി. കൂട്ടത്തോടേ ഇവരെ പുറത്താക്കിയ ശേഷം സ്ഥലത്ത് മരച്ചീനി നടുകയായിരുന്നുവത്രെ. ഇതെല്ലാം വെളിച്ചത്താക്കുന്നത് കേരളവും രാജ്യത്തെ ഇതര സംസ്ഥാനങ്ങളുടെ നിലവാരത്തിലേക്ക് പോകുന്നുവെന്നാണ്. ദലിതുകള്‍ക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഹീനമായ ക്രൂരതകള്‍ സംഘ്പരിവാറിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇവര്‍ക്കെതിരെ വാതോരാതെ പ്രസംഗിക്കാറുള്ള ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനമാണ് കേരളം. പിണറായി വിജയന്‍ എന്ന സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമാണ് മുഖ്യമന്ത്രി. ഈ സമയത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നാണെങ്കിലും ഉണ്ടായ വീഴ്ച സര്‍ക്കാരിന് ലളിതമായി കാണാനാവില്ല. കുട്ടികളെ കസ്റ്റഡിയിലെടുത്തതിന് പൊലീസ് പറയുന്ന കാരണം, ആതിര ഉപയോഗിച്ച സ്‌കൂട്ടര്‍ കൂട്ടുകാരിയുടേതാണെന്നതാണ്. കൂട്ടുകാരിയുടെ ഭര്‍ത്താവാകട്ടെ രാഷ്ട്രീയക്കേസ് പ്രതിയും. എന്നാല്‍ തന്നെയും പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ ഇതിന്റെ പേരില്‍ വിളിച്ചുവരുത്തിയത് എന്തിനായിരുന്നു.
കോഴിക്കോട്ട് തന്നെ മുമ്പ് സദാചാര പൊലീസ് ചമഞ്ഞ് ഗുണ്ടകള്‍ യുവാക്കളെ മര്‍ദിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. അന്നൊന്നും പക്ഷേ മരണത്തിന്റെ അവസ്ഥയിലേക്ക് അത് മാറിപ്പോയിരുന്നില്ല. പൊലീസ് സ്റ്റേഷന്‍ എന്നത് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സാധാരണ ജനങ്ങള്‍ക്ക് പേടി സ്വപ്‌നമാണ്. ജനമൈത്രി പൊലീസ് എന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ കൊട്ടിഘോഷിച്ച ആശയമാണ്. പൊലീസിനെയും പൊലീസ് സ്റ്റേഷനുകളെയും ജനകീയമാക്കുക എന്നതാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാലിപ്പോഴും പൊലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡി മരണങ്ങള്‍ പതിവാണ്. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെയാണ് രണ്ടുമാസം മുമ്പ് കൊല്ലത്ത് പൊലീസ് സ്റ്റേഷനില്‍ ഒരാള്‍ കൊലചെയ്യപ്പെട്ടത്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്തും തൃശൂരില്‍ പൊലീസിനെ കണ്ട് ഭയന്നോടി ആളുകള്‍ മരിച്ച സംഭവവുമുണ്ടായിട്ടുണ്ട്. അടുത്തിടെയാണ് പൊലീസ് ഏകപക്ഷീയമായി വെടിവെച്ചുകൊന്നെന്നാരോപിച്ച് മാവോ തീവ്രവാദികളും പൗരാവകാശപ്രവര്‍ത്തകരും ഇടതു സര്‍ക്കാരിനെതിരെ രംഗത്തുവന്നത്. സമൂഹത്തിലെ നിര്‍ധനരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ദലിതുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സമയത്തുപോലും രക്ഷക്കായി ഓടിയൊളിക്കേണ്ട അവസ്ഥ ഉണ്ടാകുന്നത് ആ പാര്‍ട്ടികള്‍ക്കുമാത്രമല്ല, കേരളത്തിന്റെ മഹിതമായ സാംസ്‌കാരിക പാരമ്പര്യത്തിനും പുരോഗതിക്കും യോജിച്ചതല്ല. ദലിത് സംഘടനകളും ആദിവാസികളും ഏറെക്കാലമായി വിവിധ ആവശ്യങ്ങളുന്നയിച്ച് സമര പാതയിലുമാണ്. ഈ അവസരത്തിലാണ് ഒരു ദലിത് യുവതിക്ക് പൊലീസ് പീഡനം കാരണം ജീവന്‍ വെടിയേണ്ടിവന്നിരിക്കുന്നത്. സ്വന്തമായി സ്‌കൂട്ടര്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നിരിക്കണം കൂട്ടുകാരിയുടെ വാഹനം ഉപയോഗിക്കാന്‍ ആതിര നിര്‍ബന്ധിക്കപ്പെട്ടിരിക്കുക. ജോലിയും സ്വന്തമായ വാഹനവും ഡ്രൈവിങും ഇന്ന് കേരളത്തിലെ മാത്രമല്ല ലോകത്തെ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗങ്ങളാണ്. ആതിരയും സ്വപ്‌നം കണ്ടത് ഇതിലപ്പുറമൊന്നുമല്ല.
ഏതായാലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും ആതിരയുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കുകയും വേണം. കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതും ദലിത് പീഡനം ചുമത്തുകയും വേണം. മാത്രമല്ല, സമാനമായ ഒരു സംഭവവും കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷന്‍ പരിധിയിലും നടക്കില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. എല്ലാ അതിക്രമങ്ങളും അത് നടത്തുന്നവരുടെ സൗകര്യത്തിനും ഇരകളുടെ പീഡനത്തിനുമാണ്. ഇരകള്‍ ഇന്നല്ലെങ്കില്‍ നാളെ ഇതിനെതിരെ പ്രതികരിക്കുകയും ഈ സുഖസൗകര്യങ്ങള്‍ തിരിച്ചെടുക്കുകയും ചെയ്തതായാണ് ചരിത്രത്തിലുടനീളമുള്ളത്. ഇക്കാര്യം ദുര്‍ബലരുടെ ഉന്നമനം പറയുന്ന കമ്യൂണിസ്റ്റ് കക്ഷികള്‍ക്ക് അറിയില്ലെന്നുണ്ടോ ഇപ്പോള്‍. രാജ്യത്ത് പ്രത്യേകിച്ചും ഗുജറാത്തിലെ ഉനയില്‍ നടന്ന ദലിത് പീഡനം ഉണ്ടാക്കിയ ചരിത്ര റാലിയും സമ്മേളനവും ദലിത് ഉയിര്‍ത്തെഴുന്നേല്‍പും ചുരുങ്ങിയത് കേരളത്തിനെങ്കിലും പാഠമാകേണ്ടതാണ് എന്ന് ഓര്‍മിപ്പിക്കട്ടെ. മറ്റു വിഷയങ്ങളേക്കാള്‍ ദലിത്, ന്യൂനപക്ഷ വിഷയങ്ങള്‍ വരുമ്പോള്‍ പൊതു സമൂഹവും മുഖ്യധാരാ മീഡിയയും കാണിക്കുന്ന ആലസ്യം ഇവരെവിടെ നില്‍ക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ്. ഏതാണ്ട് ഒരേ സമയം സംഭവിച്ച കുറ്റ്യാടിയിലെയും അടിമാലിയിലെയും സംഭവങ്ങള്‍ കേരളത്തിന്റെ പൊതുമനസ്സ് എങ്ങോട്ട് ചലിക്കുന്നു എന്നുകൂടിയാണ് ഓര്‍മിപ്പിക്കുന്നത്.