കുറ്റിയാടി: പശുക്കടവ് സെന്റര്‍മുക്ക് എക്കല്‍മലയിലെ കടന്ത്രപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ വിദ്യാര്‍ഥികളടക്കം ആറു പേരെ കാണാതായി. ഒന്‍പതുപേരാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. തൊട്ടില്‍പാലം മരുതോങ്കര കോക്കോട് സ്വദേശികളും അയല്‍വാസികളുമാണ് അപകടത്തില്‍പെട്ടവര്‍. പാറക്കല്‍ രതീഷ്, രാജന്റെ മകന്‍ ജിഷ്ണു, അക്ഷയരാജ്, അശ്വന്ത്, സജില്‍, വിപിന്‍ എന്നിവരെയാണ് കാണാതായത്. ഒരാളുടെ മൃതദേഹം രാത്രി 10.30ഓടെ കണ്ടെത്തി. ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിക്കുന്നുമ്മുല്‍ വിനീഷ്(18), ജിഷ്ണു പാറയുള്ള പറമ്പത്ത് (20), അമര്‍ കൃഷ്ണ പാറയുള്ളപറമ്പത്ത്(18) എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. ഇവരെ കുറ്റിയാടി ഗവ. താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് അപകടം. അവധി ആഘോഷിക്കാനായാണ് 18നും 25നും ഇടയില്‍ പ്രായമുള്ള സംഘം എത്തിയതെന്നാണ് വിവരം. പൂഴിത്തോട് ജലവൈദ്യുതി പദ്ധതിക്ക് സമീപം ഇരിക്കുമ്പോള്‍ അപ്രതീക്ഷിതമായി പുഴയില്‍ ജലനിരപ്പ് ഉയരുകയായിരുന്നു. കുറ്റിയാടി പുഴയുടെ ഉത്ഭവസ്ഥാനമായ ബാണാസുര മാവട്ട വനത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് നിഗമനം. കടന്ത്രപ്പുഴയുടെ ഇരുകരകളും വനമേഖലയാണ്. പുഴയിലൂടെ കല്ലുകള്‍ ഒഴുകി വരുന്നതും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. കാട്ടിലേക്ക് നീന്തിക്കയറാനുള്ള സാധ്യത പരിഗണിച്ച് വനത്തിലും പുഴയിലുമായി പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേന(എന്‍.ഡി. ആര്‍.എഫ്)യുടെ സേവനവും തേടിയിട്ടുണ്ട്. തൃശൂരില്‍നിന്നുള്ള സംഘം രാത്രിയോടെ തന്നെ അപകടസ്ഥലത്ത് എത്തുമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനും രാത്രിയോടെ അപകട സ്ഥലത്ത് എത്തി. ചേലക്കാട് നിന്നും പേരാമ്പ്രയില്‍നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍ കുന്നത്. കനത്ത മഴയും കൂരിരുട്ടും കാരണം രക്ഷാപ്രവര്‍ത്തനം പലവട്ടം തടസപ്പെട്ടിരുന്നു.