X

കുരുക്ക് മുറുകി ബി.ജെ.പി, കൂടുതല്‍ ആരോപണങ്ങള്‍ മുനവച്ച് കത്ത്

 
മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍പ്പെട്ടുഴലുന്ന ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം. സംസ്ഥാനത്തെ പ്രമുഖ ബി.ജെ.പി നേതാക്കള്‍ നടത്തിയ അഴിമതിക്കഥകള്‍ എണ്ണിപ്പറയുന്ന, സേവ് ബി.ജെ.പി ഫോറത്തിന്റെ പേരിലുള്ള കത്താണ് പുറത്തു വന്നത്.
‘അഴിമതിയില്‍ മുങ്ങിക്കുളിച്ച് പാര്‍ട്ടി നേതൃത്വം, തലകുനിച്ച് പ്രവര്‍ത്തകര്‍ പൊതുസമൂഹത്തില്‍’ എന്ന തലക്കെട്ടിലുള്ളതാണ് കത്ത്. നേതാക്കളാരെന്ന് നേരിട്ട് പറയാതെ, ഓരോരുത്തരെക്കുറിച്ചും വ്യക്തമായ സൂചന നല്‍കിയാണ് കത്തില്‍ കോടികളുടെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കഴക്കൂട്ടത്ത് മത്സരിച്ച പ്രമുഖ നേതാവ് തെരഞ്ഞെടുപ്പ് സമയത്ത് തലസ്ഥാനത്ത് വാടകക്കെടുത്ത വീട്ടില്‍ ഇപ്പോള്‍ അഞ്ച് ജീവനക്കാരുമായി സമാന്തര സംസ്ഥാന കമ്മിറ്റി ഓഫീസാക്കി പ്രവര്‍ത്തിക്കുകയാണെന്ന് കത്തില്‍ ആരോപിക്കുന്നു. രണ്ടരലക്ഷത്തോളം രൂപയാണ് പ്രതിമാസം ഈ നേതാവ് ഇതിനായി ചെലവഴിക്കുന്നത്. പാര്‍ട്ടിയിലെ ഏക വനിതാ ജനറല്‍ സെക്രട്ടറി വന്‍ സാമ്പത്തിക ക്രമക്കേടുമായി മുന്നേറുകയാണ്. ഇവര്‍ ഇതിനകം കാല്‍ക്കോടിയോളം വിലയുള്ള ആഢംബര വാഹനം സ്വന്തമാക്കി. ഇവരെ ബിനാമി ഇടപാടില്‍ സഹായിക്കാന്‍ ഭര്‍ത്താവും രംഗത്തുണ്ട്.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ കെട്ടിട സമുച്ചയത്തിന് നികുതി ഇളവ് നേടിക്കൊടുക്കാന്‍ ചില നേതാക്കള്‍ കോടികള്‍ കൈക്കൂലിവാങ്ങി. ചാനല്‍ ചര്‍ച്ചയില്‍ പ്രാസംഗികനായ ഒരു സംസ്ഥാന സെക്രട്ടറി 2011 ല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമ്പോള്‍ 24 ലക്ഷത്തിന്റെ ആസ്തിയും 4.9 ലക്ഷം ബാധ്യതയും ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും മത്സരിച്ചപ്പോള്‍ കോടികളുടെ ആസ്തിയുണ്ടെന്നും ബാധ്യതകളൊന്നുമില്ലെന്നും വ്യക്തമായി. ഇപ്പോള്‍ 80 കോടിയുടെ ആസ്തി ഈ നേതാവിനുണ്ടെന്നും കത്തില്‍ പറയുന്നു.
ഇതിനിടെ ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ചേരിപ്പോരും പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. വി. മുരളീധരന്റെയും പി.കെ കൃഷ്ണദാസിന്റെയും നേതൃത്വത്തിലുള്ള ചേരികള്‍ ഒളിയുദ്ധം തുടരുകയാണ്. സംസ്ഥാന അധ്യക്ഷനെ വെറും കാഴ്ചക്കാരനാക്കിയാണ് നേതാക്കള്‍ തമ്മിലടിക്കുന്നത്. അഴിമതിക്കാരെ കൃഷ്ണദാസ് പക്ഷം സംരക്ഷിക്കുന്നുവെന്ന് കാട്ടി വി. മുരളീധരന്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. പാര്‍ട്ടി നേതൃയോഗത്തില്‍ കേന്ദ്രനിരീക്ഷകനായി എത്തിയ സംഘടനാ സഹസെക്രട്ടറി ബി.എല്‍ സന്തോഷിനെതിരേ കൃഷ്ണദാസ് പക്ഷവും പരാതി ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെയും കേന്ദ്രനേതൃത്വത്തിന് പരാതി ലഭിച്ചു.
അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയവരെ അനുകൂലിച്ച് ബി.എല്‍ സന്തോഷ് സംസാരിച്ചുവെന്നും കേന്ദ്രപ്രതിനിധിയെന്ന നിലയില്‍ പാലിക്കേണ്ട നിഷ്പക്ഷത കാണിച്ചില്ലെന്നുമാണ് കൃഷ്ണദാസ് പക്ഷത്തിന്റെ പരാതി.

chandrika: