X

കീഴാറ്റൂര്‍ സമരം വിജയം കണ്ടു ബദല്‍മാര്‍ഗം ആലോചിക്കുമെന്ന് മന്ത്രി

 

തിരുവനന്തപുരം/തളിപ്പറമ്പ്: തളിപ്പറമ്പ് കീഴാറ്റൂര്‍ വയലിലൂടെ ദേശീയപാത വികസനത്തിന്റെ ഭാഗമായി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ബദല്‍ സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ഇക്കാര്യത്തില്‍ സമവായം ഉണ്ടാകുന്നതുവരെ വിജ്ഞാപനം പുറത്തിറക്കില്ലെന്നും മന്ത്രി പറഞ്ഞു. കീഴാറ്റൂരിലെ സമരസമിതി നേതാക്കളായ നോബിള്‍ എം.പൈകട, സുരേഷ് കീഴാറ്റൂര്‍ എന്നിവരും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ജയിംസ്മാത്യു എംഎല്‍എ എന്നിവരും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. എന്നാല്‍ സമവായത്തിന്റെ പേരില്‍ പിന്നീട് ഇതുവഴി റോഡ് നിര്‍മ്മിക്കാനുള്ള നീക്കമുണ്ടായാല്‍ വീണ്ടും സമരരംഗത്തിറങ്ങുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. ഇന്ന് കീഴാറ്റൂരില്‍ ചേരുന്ന സമരസമിതി യോഗം മന്ത്രിയുമായി നടത്തിയ ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്തശേഷം സമരം നിര്‍ത്തിവെക്കുന്ന കാര്യം പരിഗണിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
സിപിഎം പാര്‍ട്ടിഗ്രാമമായ കീഴാറ്റൂരില്‍ വലിയ വിഭാഗം പാര്‍ട്ടിപ്രവര്‍ത്തകരാണ് ബൈപ്പാസിനായി വയല്‍ നികത്തുന്നതിനെതിരെ വയല്‍കിളികള്‍ എന്ന കൂട്ടായ്മയുണ്ടാക്കി കഴിഞ്ഞ 10 മുതല്‍ നിരാഹാര സമരവുമായി രംഗത്തിറങ്ങിയത്. ആദ്യം നിരാഹാരമനുഷ്ഠിച്ച സുരേഷ് കീഴാറ്റൂരിനെ 13 ദിവസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. പിന്നീട് സത്യഗ്രഹം തുടങ്ങിയ നമ്പ്രാടത്ത് ജാനകിയെ ബുധനാഴ്ച്ചയാണ് മാറ്റിയത്. ഇപ്പോള്‍ സി.മനോഹരനാണ് സത്യാഗ്രഹം നടത്തുന്നത്.
പത്തൊന്‍പത് ദിവസം നീണ്ടുനിന്ന സമരം വിജയിച്ചതോടെ കീഴാറ്റൂര്‍ വയലില്‍ ആഹഌദം അലതല്ലി. വയല്‍കിളികള്‍ നടത്തിയ സമരം വിജയമായതോടെ അഞ്ചുനാള്‍ നിരാഹാര സമരം നടത്തിയ 69 കാരി നമ്പ്രാടത്ത് ജാനകിയുടെ നേതൃത്വത്തില്‍ വയല്‍ പരിസരത്ത് ആഹഌദ പ്രകടനം നടത്തി. സമരം നടത്തിയവര്‍ ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതോടെ കീഴാറ്റൂര്‍ ഗ്രാമം മുഴുവന്‍ സമരപ്പന്തലിന് സമീപത്തേക്ക് ഒഴുകിയെത്തി. സമരവിജയത്തില്‍ വയല്‍കിളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് വൈകിട്ട് തളിപ്പറമ്പ് നഗരത്തില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്ത പ്രകടനവും നടന്നു.

chandrika: