ന്യൂയോര്‍ക്ക്: അമേരിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തകരെ നിരാശയിലാഴ്ത്തി ഒക്‌ലഹോമ അറ്റോര്‍ണി ജനറല്‍ സ്‌കോട്ട് പ്രുയിറ്റ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി മേധാവിയാകുന്നു. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് അദ്ദേഹത്തിന്റെ പേര് നാമനിര്‍ദേശം ചെയ്തത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുവന്ന പരിസ്ഥിതി സംരക്ഷണ നയങ്ങളെ ശക്തമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് പ്രുയിറ്റ്. കാലാവസ്ഥാ വ്യതിയാനമെന്ന ആശയം തന്നെ അദ്ദേഹം അംഗീകരിക്കുന്നില്ല.
പ്രുയിറ്റിന്റെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ട്രംപിന്റെ സീനിയര്‍ അഡൈ്വസര്‍ കെല്ലിയാന്‍ കോണ്‍വേ ഇതുസംബന്ധിച്ച് വ്യക്തമായ സൂചന നല്‍കിയിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ പ്രുയിറ്റിന് വലിയ യോഗ്യതകളും പ്രവര്‍ത്തന പാരമ്പര്യവുമുണ്ടെന്ന് അവര്‍ പറഞ്ഞു.
അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സിക്കെതിരെ പ്രുയിറ്റ് നിരവധി തവണ കോടതി കയറിയിരുന്നു. അടുത്ത കാലത്ത് വൈദ്യുതി നിലയങ്ങളില്‍നിന്ന് പുറത്തുവിടുന്ന കാര്‍ബണിന്റെ അളവ് കുറക്കാന്‍ ലക്ഷ്യമിട്ട് ഒബാമ മുന്നോട്ടുവെച്ച ക്ലീന്‍ പവര്‍ പ്ലാനിനെയും അദ്ദേഹം വിമര്‍ശിക്കുകയുണ്ടായി. കല്‍ക്കരി അധിഷ്ഠിത ഊര്‍ജ നിലയങ്ങളെ അടച്ചുപൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് അദ്ദേഹം ആരോപിക്കുന്നു. ആഗോളതാപനത്തിന് കാരണം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണെന്ന വാദം പ്രുയിറ്റ് അംഗീകരിക്കുന്നില്ല. ഒബാമയുടെ പരിസ്ഥിതി സംരക്ഷണ നയങ്ങളോട് ട്രംപിനും കടുത്ത എതിര്‍പ്പുണ്ട്. ദേശീയ താല്‍പര്യത്തിന് വിരുദ്ധവും തൊഴിലാളികള്‍ക്ക് ദോഷകരവുമായ കാലഹരണപ്പെട്ടതും അനാവശ്യവുമായ നയങ്ങളെല്ലാം റദ്ദാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ദു:ഖകരവും അപടകരവുമായ നീക്കമാണ് ഇതെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് പറഞ്ഞു.