X

കാലാവധി നീട്ടിയില്ല; റഹീലിന്റെ ആരാധകന്‍ ജീവനൊടുക്കി

ഇസ്്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ സൈനിക മേധാവി റഹീല്‍ ശരീഫിന് കാലാവധി നീട്ടിക്കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് 64കാരന്‍ ജീവനൊടുക്കി. കറാച്ചി പോര്‍ട് ട്രസ്റ്റില്‍ പ്രോഗ്രസീവ് വര്‍ക്കഴ്‌സ് യൂണിയന്‍ ചെയര്‍മാനായിരുന്ന ലുത്ഫ് അമീം ശിബ്‌ലിയാണ് വിഷം കഴിച്ച് മരിച്ചത്. റഹീലിന് സര്‍വീസ് നീട്ടിക്കൊടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി നവംബര്‍ ഒന്നുമുതല്‍ കറാച്ചി പ്രസ് ക്ലബ്ബിനു പുറത്ത് അദ്ദേഹം പ്രതിഷേധ സമരം നടത്തിയിരുന്നു.

റഹീല്‍ ശരീഫ് മിശിഹയാണെന്നും താന്‍ അദ്ദേഹത്തിന്റെ ആരാധാകനാണെന്നും രാജ്യത്തെ രക്ഷിക്കാന്‍ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ എന്നും എഴുതിയ പോസ്റ്ററുകളും ബാനറുകളും ശിബ്‌ലി പ്രതിഷേധ പന്തലില്‍ സ്ഥാപിച്ചിരുന്നു. റഹീല്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചതോടെ നവംബര്‍ 27നാണ് ശിബ്‌ലി വിഷം കഴിച്ചത്. അവശനിലയില്‍ ജിന്ന ആസ്പത്രിയിലും തുടര്‍ന്ന് ആഗാ ഖാന്‍ യൂനിവേഴ്‌സിറ്റി ആസ്പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച മരിക്കുകയായിരുന്നു. മരണാനന്തര പ്രാര്‍ത്ഥനകള്‍ കറാച്ച് പ്രസ് ക്ലബ്ബിനു മുന്നില്‍വെച്ച് നടത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യക്ക് കത്ത് എഴുതിവെച്ച ശേഷമാണ് ശിബ്‌ലി വിഷം കഴിച്ചത്.

chandrika: