X

കാര്‍ട്ടൂണുകളുടെ രാഷ്ട്രീയം


എ.വി ഫിര്‍ദൗസ്

ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ വലിയ സ്വാധീനം ചെലുത്തുന്ന കലാരൂപങ്ങളാണ് കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും. വരകളിലൂടെ നിലവിലുള്ള സാഹചര്യങ്ങളെ വിമര്‍ശനാത്മകമായി മാത്രം ആവിഷ്‌കരിക്കുന്നവയല്ല കാര്‍ട്ടൂണുകള്‍. സാഹചര്യങ്ങളെ അവയുടെ യഥാതദമായ അവസ്ഥയില്‍ നോക്കിക്കണ്ട് ആവിഷ്‌കരിക്കുന്ന ശൈലിയും കാര്‍ട്ടൂണുകള്‍ക്കുണ്ട്. ഹാസ്യാത്മകം ആയിരിക്കുക എന്നതിന് ‘വിമര്‍ശനാത്മകം’ ആയിരിക്കുക എന്ന അര്‍ത്ഥമേ നാം കല്‍പിച്ചു ശീലിച്ചിട്ടുള്ളൂ എന്നതാണ് പ്രശ്‌നം. നെഹ്‌റുവിന്റെ കാലത്ത് ശങ്കേഴ്‌സ് വീക്കിലിയില്‍ വരച്ചിരുന്ന കാര്‍ട്ടൂണുകളില്‍ ഗണ്യമായ പങ്ക് നെഹ്‌റുവിന്റെ ഭരണപരമായ ഇടപെടലുകളെ സ്തുതിക്കുന്ന സ്വഭാവമുള്ളവയായിരുന്നു. എന്നാല്‍ വരകളുടെ സവിശേഷതകള്‍കൊണ്ട് അവയില്‍ പരിഹാസം ദ്യോതിപ്പിക്കപ്പെട്ടു. കാര്‍ട്ടൂണുകളുടെ മികച്ച ഒരാസ്വാദകനായിരുന്ന നെഹ്‌റുവിന് വരകളുടെ വികാരങ്ങള്‍ പെട്ടെന്ന് മനസ്സിലാകുമായിരുന്നു. യഥാര്‍ത്ഥത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെപോലെ കാര്‍ട്ടൂണുകളുമായി സംവദിച്ചിരുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയില്‍ വേറെയുണ്ടായിട്ടില്ല എന്നതാണ് സത്യം. കാര്‍ട്ടൂണുകളെയും വരകളെയും ആസ്വദിക്കാന്‍ പ്രബുദ്ധ മനസ്സ് ആവശ്യമാണ് എന്നായിരുന്നു പാശ്ചാത്യ ചിന്തകരില്‍ പലരുടെയും അഭിപ്രായം. ബര്‍ട്രന്റ് റസ്സലിനെപോലുള്ളവര്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സാധാരണ രാഷ്ട്രീയ നേതാക്കളുടെ ക്ഷോഭതഗ കലുഷിതമായ മനോവികാരങ്ങള്‍ കാര്‍ട്ടൂണ്‍ ആസ്വാദനത്തിന് അനുകൂലമായിരിക്കില്ല. അതുകൊണ്ട് അവരില്‍ വലിയ വിഭാഗവും കാര്‍ട്ടൂണുകളെ അവഗണിക്കുകയാണ് പതിവ്. ഇന്ത്യയില്‍ വരകള്‍ക്ക് ഏറ്റവും കൂടുതല്‍ വിധേയമാക്കപ്പെട്ട ഭരണാധികാരി ഇന്ദിരാഗാന്ധിയാണെങ്കില്‍ വരകളെ ഏറ്റവും കൂടുതല്‍ അവഗണിച്ചിരുന്നതും അവര്‍ തന്നെയാണ്.
സാഹചര്യങ്ങളുടെ ഏതു വിധത്തിലുള്ള മാറ്റവും വരകളിലൂടെയുള്ള ആശയവിനിമയങ്ങളെ ബാധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകള്‍ നിര്‍വഹിച്ചുവരുന്നത് സത്യത്തില്‍ കാര്‍ട്ടൂണുകളുടെ തന്നെ ദൗത്യങ്ങളാണ്. എന്നാല്‍ ഒരു കാര്‍ട്ടൂണിന് പകരമാകാന്‍ ട്രോളിന് കഴിയില്ല എന്നതാണ് വാസ്തവം. പരിചിതങ്ങളായ ചില വിഷ്വലുകളെയും സംഭാഷണങ്ങളെയും സിനിമകളില്‍നിന്നോ മറ്റോ ഉള്ളവയെ, കോമഡി കലര്‍ത്തി ആവിഷ്‌കരിക്കുന്നവയാണ് പൊതുവേ ട്രോളുകള്‍. അതിനാല്‍ അവക്ക് ഘടനാപരമായ മൗലികത പകുതി മാത്രമാണ്. എന്നാല്‍ കാര്‍ട്ടൂണുകള്‍ തികച്ചും മൗലികമായി കാര്‍ട്ടൂണിസ്റ്റിന്റെ വരകളിലൂടെ വാര്‍ന്നുവീഴുന്നവയാണ്. വ്യക്തികളുടെയും സ്ഥല-സംഭവ വികാസങ്ങളുടെയും പൂര്‍വ്വ രൂപങ്ങള്‍ കാര്‍ട്ടൂണിലും ട്രോളിലും സമാനമായി കടന്നുവരുന്നു എന്നതാണ് ചിലരുന്നയിക്കുന്ന വാദം. കാര്‍ട്ടൂണിലെ വ്യക്തികളുടെയോ, സ്ഥലകാലങ്ങളുടെയോ രേഖീകരണം അതിന്റെ ആവിഷ്‌കാര ഘട്ടത്തില്‍ തികച്ചും നവീനമാണ്, മാതൃകകള്‍ ഉണ്ടെങ്കില്‍ തന്നെയും വരകള്‍ പുതുതാണ്. എന്നാല്‍ ട്രോളുകളില്‍ പരിചിതമായ ദൃശ്യം അതേപടി ആവര്‍ത്തിക്കുകയും അതിലേക്ക് ട്രോളര്‍ തന്റെ സന്ദേശം വാക്കുകളായും ചിഹ്നങ്ങളായും വിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. ആവിഷ്‌കാരത്തിലെ ഈ വ്യതിയാനം രണ്ടിനെയും രണ്ടായിത്തന്നെ കാണാന്‍ നിര്‍ബന്ധിക്കുന്നതാണ്. കാര്‍ട്ടൂണുകള്‍ക്ക് ആവശ്യമായിവരുന്ന സര്‍ഗ വിനിമയങ്ങളും ബൗദ്ധിക-ഹാസ്യ പരിണാമങ്ങളും ട്രോളുകള്‍ക്ക് ആവശ്യമായിവരുന്നില്ല. വികലമായ സോഷ്യല്‍ മീഡിയാ വിനിയോഗങ്ങളുടെ മികച്ച ഉദാഹരണങ്ങളായി മാറുന്നു പലപ്പോഴും ട്രോളുകള്‍. എങ്കില്‍ ഒരു മാധ്യമവും കലാരൂപവും എന്ന നിലയില്‍ കാര്‍ട്ടൂണുകള്‍ അവയുടെ മൗലികതയും അനന്യതയും പരിപാലിക്കുന്നതു കാണാം. ‘സോഷ്യല്‍ മീഡിയയുടെ വ്യാപനം കാര്‍ട്ടൂണുകളെ അപ്രസക്തമാക്കി’ എന്ന അഭിപ്രായമുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയതന്നെ നല്‍കുന്ന മറുപടികളാണ് ട്രോളുകള്‍. ‘വിവര സാങ്കേതികതയുടെ കാര്‍ട്ടൂണ്‍വത്കരണം’ എന്ന് ട്രോളുകളെ വിശേഷിപ്പിക്കാവുന്നതാണ്.
അറുപതുകള്‍ തൊട്ട് എണ്‍പതുകളുടെ തുടക്കം വരെയുള്ള കാലഘട്ടം ഇന്ത്യയില്‍ രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ സുവര്‍ണ കാലമായിരുന്നു. ശങ്കേഴ്‌സ് സ്‌കൂളില്‍ നിന്നുള്ള ഒരു തലമുറയുടെ സാന്നിധ്യമാണ് ഇതിന് കാരണം. വാര്‍ത്താമാധ്യമ വിവര വിതരണ രംഗത്ത് ഇന്ന് എത്തിനില്‍ക്കുന്ന പുരോഗതിയെക്കുറിച്ച് ചിന്തിക്കുകപോലും അസാധ്യമായിരുന്ന അറുപത്, എഴുപതുകളില്‍ ഉന്നതരായ കാര്‍ട്ടൂണ്‍ പ്രതിഭകള്‍ അവരുടെ വരകള്‍ക്ക് അടിസ്ഥാനമാക്കിയത് പലപ്പോഴും ഒരു ദിവസത്തെ പഴക്കം ചെന്ന വാര്‍ത്തകളായിരുന്നു എന്നോര്‍ക്കണം. എന്നാല്‍ രാഷ്ട്രീയ-സാമൂഹ്യ മേഖലകളുമായി ബന്ധപ്പെട്ട ദീര്‍ഘവീക്ഷണങ്ങളും പ്രവചനാത്മകങ്ങളായ അഭിപ്രായങ്ങളും അവരുടെ വരകളെ കാലത്തിന് മുമ്പേ നടത്തി. ആര്‍. രാമചന്ദ്രന്‍, എടത്തട്ട നാരായണന്‍ തുടങ്ങിയ ഡല്‍ഹിയിലെ പത്രമാധ്യമ ലോകത്ത് മുടിചൂടാമന്നന്മാരായിരുന്ന മുതിര്‍ന്ന മലയാളി പത്രപ്രവര്‍ത്തകരും ആബു, കുട്ടി തുടങ്ങിയ കാര്‍ട്ടൂണ്‍ പ്രതിഭകളും ദേശീയ രാഷ്ട്രീയത്തെ വരികളിലൂടെയും വരകളിലൂടെയും അമ്മാനമാടിക്കൊണ്ടിരുന്നു. നെഹ്‌റുവിയന്‍ പൊളിറ്റിക്‌സിനെയും ആ ഭരണാധികാരിയുടെ വ്യക്തി എന്ന നിലയിലുള്ള സവിശേഷ മാനറിസങ്ങളെയും ഒപ്പിയെടുത്ത ശങ്കറിന് പക്ഷേ ഒരു പകരക്കാരന്‍ ഉണ്ടായില്ല എന്നതാണ് സത്യം. ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ ചരിത്രം വിവരിക്കുമ്പോള്‍ വിസ്മരിക്കാനാവാത്ത സവിശേഷ നാമധേയമാണ് സാക്ഷാല്‍ ബാല്‍താക്കറെയുടേത്. താക്കറെയുടെ ‘പൊളിറ്റിക്കല്‍ സ്‌കെച്ചുകള്‍’ ഒട്ടേറെ ദേശീയ നേതാക്കളെ ശുണ്ഠിയെടുപ്പിച്ചിരുന്നു. വരകളിലെ സൗമ്യതീഷ്ണത സദാ മൗനിയായ താക്കറെയുടെ വ്യക്തിത്വത്തിന്റെ ഭാഗമായ ഒരു ഭാവമായിരുന്നുവെന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ പരിണാമങ്ങള്‍ തെളിയിച്ചതായി മുംബൈയില്‍ താക്കറെയുടെ സഹപ്രവര്‍ത്തകനായിരുന്ന മുതിര്‍ന്ന മലയാളി പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജ്ജ് സ്മരിക്കാറുണ്ട്. നെഹ്‌റുവിന് ശേഷമുള്ള ഇന്ത്യന്‍ പൊളിറ്റിക്‌സിനെ കാര്യമായി പിന്തുടര്‍ന്ന കാര്‍ട്ടൂണിസ്റ്റ് ആബുവാണ്. സോഷ്യലിസ്റ്റ് നേതൃനിരയുടെ ഉദയം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാലുഷ്യങ്ങള്‍ എന്നിവയെ അക്കാലത്തെ കാര്‍ട്ടൂണ്‍ വിഷയങ്ങളായിരുന്നു. നെഹ്‌റുവിന്റെ പ്രസംഗങ്ങള്‍ കേട്ട് അദ്ദേഹത്തെ വരച്ചിരുന്ന ശങ്കറിന്റെ ശൈലിയില്‍നിന്ന് പ്രസംഗങ്ങള്‍ പത്രങ്ങളില്‍ വായിച്ച് വരക്കുന്ന ശൈലിയിലേക്ക് ശങ്കേഴ്‌സ് സ്‌കൂളിലെ പിന്‍ഗാമികള്‍ ചെന്നെത്തി. നെഹ്‌റുവിനുശേഷം ദേശീയ രാഷ്ട്രീയത്തില്‍ പെട്ടെന്ന് തലയെടുപ്പ് കാണിച്ചുതുടങ്ങിയ നേതൃനിരയോട് സത്യത്തില്‍ ആ കാലഘട്ടത്തിലെ കാര്‍ട്ടൂണിസ്റ്റുകളില്‍ വലിയൊരു ശതമാനത്തിനും അത്ര വലിയ ആദരമൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. നാളത്തെ പ്രസംഗത്തില്‍ ജയപ്രകാശ് നാരായണന്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് ഇന്നുതന്നെ വരച്ചു പത്രത്തില്‍ വരുത്തുന്ന കാര്‍ട്ടൂണിസ്റ്റുകളുണ്ടായത് അങ്ങനെയാണ്. കാര്‍ട്ടൂണിസ്റ്റിന്റെ ദീര്‍ഘദര്‍ശനമായിരുന്നില്ല അതില്‍ വരയപ്പെട്ടത്, ചില നേതൃരൂപങ്ങളോടുള്ള മനോഭാവങ്ങളായിരുന്നു.
ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ മറ്റൊരു ഘട്ടം ആരംഭിക്കുന്നത് ഇന്ദിരാഗാന്ധിയുടെ കാലത്തോടെയാണ്. കോണ്‍ഗ്രസിനകത്തെ നേതൃ വടംവലികളും അഭിപ്രായ ഭിന്നതകളും കാര്‍ട്ടൂണിസ്റ്റുകള്‍ സമൃദ്ധമായിത്തന്നെ ഉപയോഗപ്പെടുത്തി. ‘ഇന്ദിരാഗാന്ധിയുടെ മൂക്ക്’ കാര്‍ട്ടൂണിസ്റ്റുകളുടെ ഒരു സവിശേഷ ശ്രദ്ധാവസ്തുവായിരുന്നു. ചിലര്‍ അക്കാലത്ത് വരച്ച് വഷളാക്കിയെടുത്തു ഇന്ദിരാഗാന്ധിയുടെ മൂക്കിനെ. ഇക്കൂട്ടത്തില്‍ ഒരാളാണ് മലയാളിയായ ഒ.വി വിജയന്‍. ഇന്ദിരാ കാലഘട്ടത്തിലെ തന്റെ വരകളെക്കുറിച്ച് വിജയന്‍ പിന്നീട് പുനരാലോചനകള്‍ നടത്തുന്നുണ്ട്. ‘അത്രക്ക് പാടില്ലായിരുന്നു’ എന്ന തരത്തിലാണ് ആ പുനരാലോചനകള്‍ നീങ്ങുന്നത്. ‘ധര്‍മ്മപുരാണം’ എന്ന നോവലില്‍ അടിയന്തരാവസ്ഥയെ വാക്കുകള്‍കൊണ്ട് കാര്‍ട്ടൂണ്‍വത്കരിച്ച അതേ ഒ.വി വിജയന്റെ പ്രസിദ്ധമായ ‘പ്രസിഡന്‍ഷ്യല്‍ ബാത്ത്‌റൂം കാര്‍ട്ടൂണ്‍’ എന്നാല്‍ അത്രയധികം ആ കാലത്ത് ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായില്ല. പ്രസിഡണ്ടായിരുന്ന മുഹമ്മദ് ഫഖ്‌റുദ്ദീന്‍ അലി ബാത്ത്ടബില്‍ കിടന്നുകൊണ്ട് തനിക്കുനേരെ നീണ്ടുവരുന്ന ഭരണകൂട ഇണ്ടാസില്‍ ഒപ്പിടുന്ന കാര്‍ട്ടൂണാണത്. കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ ഒ.വി വിജയനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തിയ വരയായിരുന്നു അത്. ഇതേ രീതിയില്‍ ഒരു കാര്‍ട്ടൂണ്‍ ആബുവും വരക്കുകയുണ്ടായിട്ടുണ്ട്. അതിനേക്കാള്‍ തീഷ്ണങ്ങളായ വരകള്‍ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് ആബുവിനെപ്പോലുള്ളവരില്‍ നിന്നുണ്ടായിരുന്നു. അടിയന്തരാവസ്ഥ വിഷയമാകുന്ന അക്കാലത്തെ കാര്‍ട്ടൂണുകളില്‍ പലതും വരകളിലും ശൈലികളിലും ആശയങ്ങളിലും സമാനപ്പെടുന്നതു കാണാം. അതുകൊണ്ട് തന്നെ ഒ.വി വിജയന്റെയും ആബുവിന്റെയും കാര്‍ട്ടൂണുകള്‍ പരസ്പരം മാറിപ്പോകുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഒ.വി വിജയന്റെ കാര്‍ട്ടൂണുകള്‍ ചിലത് ദാര്‍ശനികമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും തീഷ്ണമായ രാഷ്ട്രീയ വിമര്‍ശനങ്ങളില്‍നിന്ന് അകലം പുലര്‍ത്തുന്നതായി തോന്നിപ്പിക്കുകയും ചെയ്തിരുന്നു. ചരിത്രപരമായി ‘ശങ്കേഴ്‌സ് സ്‌കൂളിന്റെ’ പിന്‍ഗാമിയായിരിക്കവേ തന്നെ ഒ.വി വിജയന്‍ ശങ്കര്‍ വരകളുടെ നേര്‍ക്കുനേര്‍ സ്വഭാവം ഉപേക്ഷിക്കുന്നതു കാണാം. ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ സവിശേഷ ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന ‘ശങ്കേഴ്‌സ് പിരിയഡിന്’ ശരിയായ ആവര്‍ത്തനം ഉണ്ടായില്ല എന്ന് പൊതുവില്‍ വിലയിരുത്തപ്പെട്ടു. രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ മാറ്റങ്ങളും ശൈഥില്യങ്ങളും മാധ്യമ പ്രവര്‍ത്തകരുടെ അക്കാലത്തെ പ്രതീക്ഷകള്‍ക്കെതിരായ ദിശയില്‍ ദേശീയ രാഷ്ട്രം വ്യതിചലിച്ചു നീങ്ങിയതുമെല്ലാം വരകളെ വലിയ തോതില്‍ സ്വാധീനിക്കുകയുണ്ടായിട്ടുണ്ട്. കാര്‍ട്ടൂണ്‍ വാര്‍ത്തയോളമോ, ചില ഘട്ടങ്ങളില്‍ അതിലധികമോ പരിഗണന നല്‍കപ്പെട്ടിരുന്ന മാധ്യമ പ്രവര്‍ത്തനത്തിന്റെ കാലത്താണ് ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്നവയും ഇന്നും ഞെട്ടലുണ്ടാക്കുന്നവയുമായ പല വരകളും പത്രത്താളുകളില്‍ പ്രത്യക്ഷപ്പെട്ടത്.
തീര്‍ച്ചയായും ദേശീയ പത്രമാധ്യമങ്ങളെ അനുകരിച്ചു തന്നെയാണ് മലയാള പത്രങ്ങള്‍ കാര്‍ട്ടൂണുകള്‍ ഉപയോഗിക്കാന്‍ ശീലിച്ചുതുടങ്ങിയത്. എഴുപതുകളില്‍ പല ദേശീയ പത്രങ്ങളിലെയും വരകളെ ചില മലയാള പത്രങ്ങള്‍ അതേപടി ആവര്‍ത്തിക്കുന്നതു കാണാം. ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തന രംഗത്ത് വാഴ്ന്നിരുന്ന മലയാളികളായ മുതിര്‍ന്ന പത്രപ്രവര്‍ത്തകരാണ് ആദ്യകാലത്ത് മലയാളി കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ആശയങ്ങള്‍ നല്‍കിക്കൊണ്ടിരുന്നത് എന്നോര്‍ക്കണം. സി. രാമചന്ദ്രനും എം.പി നാരായണ പിള്ളയെയും വി.കെ.എന്നുമെല്ലാം ഇക്കാര്യം തുറന്നുപറഞ്ഞിട്ടുള്ളതാണ്. പ്രാദേശിക കാര്‍ട്ടൂണ്‍ ശൈലികള്‍ വികസിപ്പിക്കുന്നതില്‍ ദേശീയ കാര്‍ട്ടൂണുകളെ മലയാള പത്രങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി. എന്നാല്‍ തദ്ദേശീയ മലയാളി കാര്‍ട്ടൂണുകള്‍ എക്കാലവും ഒരു ചിത്രകഥാ സ്വാധീനത്തിന് വിധേയമായിരുന്നു. മലയാള കാര്‍ട്ടൂണുകളില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെട്ട രാഷ്ട്രീയ മുഖം ഇ. കെ നായരുടേതാണ്. കെ. കരുണാകരന്‍ പോലും തൊട്ടുപിറകെ മാത്രമാണ് വരുന്നത്. നായനാരുടെ സംസാര ശൈലികളിലും പെരുമാറ്റങ്ങളിലും സഹജമായിരുന്ന കോമിക്- കാര്‍ട്ടൂണിക് ശൈലികള്‍ അദ്ദേഹത്തെ വരകളുടെ പ്രിയങ്കരനാക്കി മാറ്റി. എന്നാല്‍ ഏറ്റവും കൂടുതലായി വരകളിലൂടെ വിചാരണ ചെയ്യപ്പെട്ട കേരള നേതാവ് കെ. കരുണാകരന്‍ തന്നെയായിരുന്നു. കേരളത്തില്‍ യു.ഡി.എഫ് നേതാക്കളാണ് വരകളുടെ വിമര്‍ശനങ്ങള്‍ക്ക് കൂടുതലായി വിധേയമാക്കപ്പെട്ടവര്‍. ഇടതുപക്ഷ നേതാക്കള്‍ കാര്‍ട്ടൂണുകളില്‍ വരുമ്പോള്‍ത്തന്നെ അവരെ വരയ്ക്കപ്പെട്ടത് സവിശേഷ സന്ദര്‍ഭങ്ങളുടെ പശ്ചാത്തലം മാത്രം മുന്‍നിര്‍ത്തിയുള്ള തമാശകളായിട്ടാണ്. കേരളീയ പൊതു സമൂഹം മലയാള പത്രമാധ്യമങ്ങളിലെ കാര്‍ട്ടൂണ്‍ വരകളെ പരമാവധി ആസ്വദിച്ചിരുന്നു ഒരു ഘട്ടം വരെയും. രാഷ്ട്രീയ രംഗത്ത് ചലനങ്ങളുണ്ടാക്കിയ കാര്‍ട്ടൂണ്‍ അനുഭവങ്ങളെക്കുറിച്ചൊന്നും മലയാളികള്‍ക്ക് പറയാനുണ്ടാവില്ല. എന്നാല്‍ മലയാളത്തില്‍ വരയ്ക്കപ്പെടുന്ന വരകളും രാഷ്ട്രീയക്കാരെ സ്പര്‍ശിക്കാറുണ്ട് എന്നതിന് ശരീഅത്ത് വിവാദക്കാലത്തെ ഇ.എം.എസിനെക്കുറിച്ചുള്ള വരകള്‍ സി.പി.എം പോളിറ്റ് ബ്യൂറോ ചര്‍ച്ചക്കെടുത്തതില്‍നിന്ന് വ്യക്തമാണ്. സമീപകാലത്ത് പെരിയ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍, പ്രദേശത്തെ ഒരു സി.പി.എം മുസ്‌ലിം നേതാവ് സംഭവത്തിന് മുമ്പൊരിക്കല്‍ നടത്തിയ ഉന്മൂല പ്രസംഗത്തെ മാതൃഭൂമിയുടെ സണ്‍ഡേ സ്‌ട്രോക്കില്‍ വരയ്ക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി പത്രത്തിന് ഒന്നിലധികം ദിവസങ്ങളില്‍ അതിനെതിരെ എഴുതേണ്ടിവന്നത് ഇവിടെയും ഇന്നും കാര്‍ട്ടൂണുകള്‍ ചില രാഷ്ട്രീയ അനുരണനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിന്റെ സമീപകാല തെളിവാണ്. പൊതു തെരഞ്ഞെടുപ്പ് സമീപിച്ചു കഴിഞ്ഞ ഈ ഘട്ടത്തില്‍ മലയാള പത്രത്താളുകളില്‍ വന്നുപോകുന്ന വരകള്‍ ഏതെല്ലാം തരത്തിലുള്ള രാഷ്ട്രീയ സന്ദേശങ്ങളെയാണ് പ്രസരിപ്പിക്കുന്നത് എന്ന ഒരന്വേഷണം തീര്‍ച്ചയായും പ്രസക്തം തന്നെയാണ്. ‘വെളുക്കാന്‍ തേച്ചത് പാണ്ടായി മാറുന്നതുപോലെ’ കാര്‍ട്ടൂണുകളും പലപ്പോഴും വഴിതെറ്റി സഞ്ചരിക്കുന്നത് നമുക്കു കാണാം.

web desk 1: