കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്റെ സുരക്ഷിതബോധത്തെ അപ്പാടെ തകര്‍ത്ത് വീണ്ടും വന്‍ സ്‌ഫോടനങ്ങള്‍. വെള്ളിയാഴ്ച പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ സംസ്‌കാര ചടങ്ങിലുണ്ടായ മൂന്ന് സ്‌ഫോടനങ്ങളില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു.
അഫ്ഗാന്‍ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുല്ല അബ്ദുല്ല അടക്കം നിരവധി ഉന്നതര്‍ പങ്കെടുത്ത സംസ്‌കാര ചടങ്ങിലാണ് ചാവേറുകള്‍ ആക്രമണം നടത്തിയത്.
കാബൂളിലെ നയതന്ത്ര മേഖലയില്‍ 90 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരിയില്‍ സുരക്ഷ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച തുടങ്ങിയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ ഖബറടക്കത്തിനിടെയാണ് സംഭവം.
സെനറ്റര്‍ മുഹമ്മദ് ആലം ഇസ്ദയാറിന്റെ മകന്‍ താപ മാര്‍ഷല്‍ ഫാഹിമാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട പ്രക്ഷോഭകന്‍.
സ്‌ഫോടനങ്ങളുടെ ശക്തിയില്‍ മനുഷ്യ ശരീരങ്ങള്‍ ചിതറിത്തെറിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഫാഹിമിന്റെ ഖബറടകത്തിന് പ്രസിഡന്റ് അടക്കം ഉന്നതര്‍ എത്തുമെന്ന് കണക്കുകൂട്ടിയായിരിക്കാം ചാവേറുകള്‍ എത്തിയതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ പ്രമുഖര്‍ ഉള്‍പ്പെട്ടതായി അറിവില്ല.
കാബൂളില്‍ വീണ്ടും സ്‌ഫോടനം; 20 മരണം
Tags: Afganisthan