കാബൂള്‍: അഫ്ഗാനിസ്താന്റെ തലസഥാനമായ കാബൂളില്‍ ഒരു രാഷ്ട്രീയ യോഗത്തിനു സമീപമുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ബല്‍ഖ് പ്രവിശ്യ ഗവര്‍ണറും താജിക് ജംഇയത്തുല്‍ ഇസ്്‌ലാമി നേതാവുമായ അത്ത മുഹമ്മദ് നൂറിന്റെ അനുയായികളുടെ യോഗത്തിനുനേരെയാണ് ആക്രമണമുണ്ടായത്. രാഷ്ട്രീയ സംഗമം നടക്കുന്ന ഹോട്ടലിനടത്താണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് പറയുന്നു. കൊല്ലപ്പെട്ടവരില്‍ അഞ്ച് പൊലീസുകാരും രണ്ട് സാധാരണക്കാരും പെടും. അനേകം പേര്‍ക്ക് പരിക്കുണ്ട്. 2019ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയ പാര്‍ട്ടികളെ ഉണര്‍ത്താനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി പ്രമുഖ പാര്‍ട്ടികളെല്ലാം യോഗങ്ങള്‍ നടത്തുന്നുണ്ട്. ബുധനാഴ്ച പ്രസിഡന്റ് അഷ്‌റഫ് ഗനി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാനെ പിരിച്ചുവിട്ടിരുന്നു. അടുത്ത വര്‍ഷം നിശ്ചയിച്ച പാര്‍ലമെന്റ്, പ്രവിശ്യ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് സമയത്തിന് നടക്കുമോ എന്ന് സംശയമുയന്നിട്ടുണ്ട്.