X
    Categories: Views

കാട്ടാനക്കൂട്ടം നായാട്ട് സംഘത്തെ ആക്രമിച്ചു; യുവാവ് മരിച്ചു

കോതമംഗലം:തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപം ഞായപ്പിള്ളി മുടിയുടെ താഴ്ഭാഗത്ത് ഭരണിക്കുഴിയില്‍ നാലംഗ സംഘത്തിനു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. കാട്ടാന ആക്രമിച്ചു കൊന്നതെന്ന് സംശയിക്കുന്ന സംഘത്തിലൊരാളുടെ മൃതദേഹം വനത്തിനുള്ളില്‍ നിന്ന് കണ്ടെടുത്തു. നായാട്ടിനെത്തിയതാണ് നാലംഗ സംഘമെന്നാണ് പ്രാഥമിക വിവരം. തട്ടേക്കാട് വഴുതനാപ്പിള്ളില്‍ ജോസിന്റെ മകന്‍ ടോണി മാത്യു(27) ആണ് കൊല്ലപ്പെട്ടത്.

ഞായപ്പിള്ളി വാട്ടപ്പിള്ളി ബേസില്‍ തങ്കച്ചന്(40)ഗുരുതരമായി പരിക്കേറ്റു. ഇവര്‍ക്ക് ഒപ്പം സമീപവാസികളും സുഹൃത്തുക്കളുമായ ഷജിത്, അനീഷ് എന്നിവരാണ് ഉണ്ടായിരുന്നതെന്ന് വനപാലകര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ രക്ഷപ്പെട്ടു. വാരിയെല്ലുകള്‍ക്ക് പൊട്ടലും ദേഹമാകെ ചതവുമേറ്റനിലയില്‍ ബേസിലിനെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് ഇവര്‍ കാട്ടാന കൂട്ടത്തിന്റെ അക്രമണത്തിനിരയായതെന്നാണ് കരുതുന്നത്. രാത്രി 12.45 ഓടെയാണ് ടോണിയുടെ മൃതദേഹം കോതമംഗലത്ത് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചത്. രണ്ട് കാട്ടാനകളാണ് ഒരുമിച്ച് ആക്രമിച്ചതെന്നാണ് രക്ഷപ്പെട്ടവരില്‍ നിന്ന് നാട്ടുകാര്‍ക്ക് ലഭിച്ച വിവരം.

കാലുകള്‍ ചതഞ്ഞൊടിഞ്ഞും ദേഹമാസകലം രക്തം പടര്‍ന്ന നിലയുമാണ് ടോണിയുടെ ജഡം കാണപ്പെട്ടത്. കാലില്‍ വെടിയേറ്റതുപോലുള്ള മുറിവ് കാണപ്പെടുന്നുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും ഇരുവരുടെയും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആന തുമ്പികൈയിലെടുത്ത് ബേസിലിനെ ചുഴറ്റിയെറിയുകയായിരുന്നെന്നും ടോണിയെ ചവിട്ടുകയായിരുന്നെന്നുമാണ് രക്ഷപ്പെട്ട സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. അതേസമയം ടോണിയുടെ തുടയില്‍ കാണപ്പെട്ട മുറിവ് കൂടുതല്‍ ദുരൂഹതക്ക് കാരണമായിട്ടുണ്ട്. കാട്ടാന ആക്രമിക്കപ്പെട്ട സമയത്ത് തോക്ക് പൊട്ടി വെടിയുണ്ട തുളഞ്ഞുകയറിയതാണ് മുറിവെന്നും സംശയിക്കുന്നുണ്ട്. സംഭവ സ്ഥലത്ത് രക്തം തളം കെട്ടികിടപ്പുണ്ട്. തട്ടേക്കാട് ഞായപ്പിള്ളിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് സംഭവം. കോതമംഗലം ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ടോണിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മുവാറ്റുപുഴ ഡിവൈ.എസ്.പി.കെ ബിജുമോന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

കുട്ടമ്പുഴ എസ് ഐ പി.ജംഷീദിന്റെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. ടോണി മാത്യുവിന്റെ സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് ഞായപ്പിളളി സെന്റ് ആന്റണീസ് പള്ളി സെമിത്തേരികില്‍. മാതാവ്: ഏലിക്കുട്ടി (സെലിന്‍) കോതമംഗലം തോട്ടുങ്കല്‍ കുടുംബാംഗമാണ്. സഹോദരി സ്മിത.

chandrika: