X
    Categories: Views

കശ്മീര്‍ സമാധാനത്തിന് വേണ്ടത് മുന്‍വിധികളല്ല

ജമ്മുകശ്മീരില്‍ കഴിഞ്ഞ രണ്ടുകൊല്ലത്തിലധികമായി തുടര്‍ന്നുവരുന്ന അതിരൂക്ഷമായ ക്രമസമാധാനപ്രശ്‌നങ്ങളെക്കുറിച്ച് വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ദിനേശ്വര്‍ശര്‍മ സമിതിയുടെ പ്രാരംഭ നടപടികള്‍ക്കിടെ സംസ്ഥാനത്തുനിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സമാധാനകാംക്ഷികളെ സംബന്ധിച്ച് അത്രകണ്ട് ശുഭകരമല്ലാത്തതാണ്. ഒക്ടോബര്‍ 23നാണ് തികച്ചും അപ്രതീക്ഷിതമായി മുന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) തലവന്‍ ദിനേശ്വര്‍ശര്‍മയെ പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്കായി നിയോഗിക്കുന്നതായി കേന്ദ്ര ആഭ്യന്തരവകുപ്പുമന്ത്രി രാജ്‌നാഥ്‌സിങ് വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. സംസ്ഥാനത്തെ പ്രതിഷേധങ്ങളും അക്രമങ്ങളും അവക്കെതിരായ പൊലീസ്-അര്‍ധസൈനിക-സൈനിക നടപടികളും കുറച്ചൊന്നുമല്ല സംസ്ഥാനത്തും രാജ്യത്തും വേവലാതി ഉണ്ടാക്കിയിട്ടുള്ളത്. ഈയാഴ്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ പരസ്പരം അവിശ്വാസം പ്രകടിപ്പിക്കുമാറ് ഇരുവിഭാഗവും മുന്നോട്ടുവെച്ച മുന്‍വിധികളോടെയുള്ള പ്രസ്താവനകള്‍ പ്രതീക്ഷകളുടെ മേലുള്ള കരിനിഴലായിപ്പോയെന്ന് പറയാതെ വയ്യ.

ഐ.എസിലേക്ക് പോയ ഇന്ത്യക്കാരെക്കുറിച്ചും അസമിലെ ആഭ്യന്തര സംഘര്‍ഷത്തെക്കുറിച്ചുമൊക്കെ അന്വേഷണം നടത്തി പരിചയമുള്ള കേരള കേഡര്‍ ഐ.പി.എസുകാരനായ ദിനേശ്വര്‍ശര്‍മയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയാണ് വിവാദത്തിനിടയാക്കിയത്. ജമ്മുകശ്മീരിനെ സിറിയയാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ആ പ്രസ്താവം. ഇതിനെതിരെ കശ്മീരിലെ ഹുര്‍റിയത്ത് നേതാക്കള്‍ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. ഇത്തരം പ്രസ്താവനകള്‍ ചര്‍ച്ചക്ക് ഫലമുണ്ടാക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിലപാടുമായി തുടര്‍ന്നും മുന്നോട്ടുപോകുന്നുവെന്നതിന്റെ തെളിവാണിതെന്നും സയ്യിദ്അലി ജീലാനി, യാസീന്‍ മാലിക്, മിര്‍വായിസ് ഉമര്‍ഫാറൂഖ് എന്നീ വിമത നേതാക്കള്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുകയാണ്. സിറിയയിലേത് അധികാരവടംവലിയും വംശീയ യുദ്ധവുമാണെങ്കില്‍ എഴുപതു വര്‍ഷമായി അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച മനുഷ്യാവകാശ പ്രശ്‌നമാണ് കശ്മീര്‍.

ഇവ രണ്ടിനെയും തമ്മില്‍ സാമ്യപ്പെടുത്തുന്നത് ചതിയും വ്യാജപ്രചാരണവുമാണ്- തീവ്രവാദ നേതാക്കളുടെ പ്രസ്താവനയിലെ വരികള്‍ ഇങ്ങനെ പോകുന്നു. കശ്മീരിന് സ്വയംഭരണം നല്‍കണമെന്ന മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ ്‌നേതാവുമായ പി. ചിദംബരത്തിന്റെ പ്രസ്താവനയും വിവാദമായെങ്കിലും ഇതിനെ പിന്തുണക്കുന്ന നിലപാടാണ് ഹുര്‍റിയത്ത് നേതാക്കള്‍ സ്വീകരിച്ചിട്ടുള്ളത്. യഥാര്‍ഥത്തില്‍ കശ്മീര്‍ പ്രശ്‌നത്തിന്റെ ഗൗരവത്തെക്കുറിച്ച് സാമാന്യജ്ഞാനമുണ്ടെങ്കില്‍ ഇന്ത്യാസര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യസ്ഥന്‍ ഇത്തരമൊരു പ്രസ്താവന നടത്തുമായിരുന്നില്ല. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്‌സന്റെ വരവും ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമെല്ലാം നടക്കുന്നതിനിടെയാണ് ശര്‍മയുടെ സ്ഥാനാരോഹണം എന്നത് ചില സംശയങ്ങള്‍ രൂപപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള സമീപനത്തിലേക്ക് വൈകിയെങ്കിലും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ എത്തിയെന്ന തോന്നലിനെയാണ് ദിനേശ്വര്‍ ശര്‍മയുടെ അപക്വമായ പ്രസ്താവന സ്വയം ഇല്ലാതാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം ഹിസ്ബുല്‍ നേതാവ് സലാഹുദ്ദീന്റെ പുത്രന്‍ ഷാഹിദ് യൂസഫിന്റെ വസതി റെയ്ഡ് ചെയ്തുകൊണ്ട് എന്‍.ഐ.എ നടത്തിയ പ്രകോപനം വീണ്ടും സ്ഥിതിഗതികള്‍ വഷളാക്കാനേ ഉപകരിച്ചിട്ടുള്ളൂ. ആയുധങ്ങള്‍ക്കുപകരം ഏതാനും മൊബൈല്‍ ഫോണുകള്‍ മാത്രമേ ഈ റെയ്ഡില്‍ കണ്ടെടുക്കാനായുള്ളൂ.

2014ല്‍ അധികാരമേറ്റതുമുതല്‍ മുന്‍ യു.പി.എ സര്‍ക്കാരിന്റെ കശ്മീര്‍ നയത്തിന് വിരുദ്ധമായി സംസ്ഥാത്തെ ജനങ്ങളെ ശത്രുക്കളായി കാണുന്ന രീതിയിലുള്ള നടപടികളുമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടുവന്നത്. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു കശ്മീര്‍ വിഘടനവാദി നേതാവ് ബുര്‍ഹാന്‍വാനിയുടെ കൊലപാതകം. ഇതിലൂടെ സംസ്ഥാനത്തെ അരക്ഷിതാവസ്ഥയില്‍ നിന്ന് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന മിഥ്യാധാരണയിലായിരുന്നു ബി.ജെ.പി സര്‍ക്കാര്‍. സംസ്ഥാനത്തെ പി.ഡി.പി സഖ്യ സര്‍ക്കാരും ഇതിന് പരോക്ഷ പിന്തുണ നല്‍കി. ഫലത്തില്‍ മുറിവില്‍ മുളകു പുരട്ടുന്ന പ്രതീതിയാണ് ഉണ്ടായത്. 2016 ജൂലൈ എട്ടിന് നടന്ന ഇരുപത്തൊന്നുകാരനായ ഹിസ്ബുല്‍ കമാണ്ടര്‍ വാനിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുണ്ടായ അക്രമങ്ങള്‍ താഴ്‌വരയെയാകെ കലാപകലുഷിതമാക്കി. ഇതേതുടര്‍ന്ന് കടുത്ത രീതിയിലുള്ള പ്രതിഷേധവും അതിനുതക്ക പ്രതിരോധവുമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്ത് നടന്നുവരുന്നത്. നൂറുകണക്കിന് പേര്‍ക്ക് സൈന്യത്തിന്റെയും പൊലീസിന്റെയും വെടിയുണ്ടകള്‍ക്ക് ഇരയാകേണ്ടിവന്നുവെന്ന് മാത്രമല്ല, കേന്ദ്രത്തിന്റെ പുതിയ കശ്മീര്‍നയം അഭൂതപൂര്‍വമായ അവസ്ഥയിലേക്ക് താഴ്‌വരയെ കൊണ്ടുപോകുന്നതുമായി. യുവാവിനെ സൈനിക വാഹനത്തില്‍ കെട്ടിയിട്ട് ഓടിച്ചതും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പെല്ലറ്റുകള്‍ കൊണ്ട് നിറയൊഴിച്ചതുമെല്ലാം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ മിതവാദ മുഖത്തെയാണ് വികൃതമാക്കിയത്.

2016ല്‍ പാര്‍ലമെന്റംഗങ്ങളുടെ സംയുക്ത സംഘം സംസ്ഥാനം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെട്ടിട്ടും അനുരഞ്ജനത്തിന് തയ്യാറല്ലെന്ന നിലപാടിലായിരുന്നു കേന്ദ്രം. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത്‌സിന്‍ഹക്കുപുറമെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങും സംസ്ഥാനം സന്ദര്‍ശിച്ച് പ്രശ്‌നപരിഹാരത്തിന് ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തി. തീവ്രവാദി നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നായിരുന്നു ഇരുവരുടെയും അഭിപ്രായം. എന്നാല്‍ മോദിയും ബി.ജെ.പിയും തങ്ങള്‍ പിടിച്ച മുയലിന ് കൊമ്പ് മൂന്ന് എന്ന നിലപാടിലായിരുന്നു.

ലോകത്ത് കാലങ്ങളായി നീറിനില്‍ക്കുന്ന പ്രശ്‌നത്തെ സായുധ ബലംകൊണ്ട് ശാശ്വതമായി പരിഹരിച്ച ചരിത്രം വിരലിലെണ്ണാവുന്നവ മാത്രമേ നമുക്കുമുന്നിലുള്ളൂ. നമ്മുടെ പാരമ്പര്യവും മറിച്ചാണ്. പാകിസ്താന്റെ ഭാഗത്തുനിന്നുള്ള അനാവശ്യ ഇടപെടലുകളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമായി ജനങ്ങളെ പ്രത്യേകിച്ചും യുവാക്കളെ വിശ്വാസത്തിലെടുക്കാനുള്ള പരിശ്രമങ്ങളാണ് നമുക്ക് വേണ്ടത്. പൗരന്മാരെ വിശ്വാസത്തിലെടുക്കാതെയും അവരെ വെടിയുണ്ടകള്‍ കൊണ്ട് നേരിട്ടും സമാധാനം പുന:സ്ഥാപിക്കാമെന്ന് കരുതുന്നത് തലതിരിഞ്ഞ നയതന്ത്രജ്ഞതയായേ കാണാനാകൂ. അന്താരാഷ്ട്രപരമായും രാഷ്ട്രീയമായും സാമൂഹികമായും മതപരമായുമൊക്കെ അതിലോലമായ കശ്മീരിന്റെ കാര്യത്തില്‍ വളരെയധികം പരിപക്വവും അതിസൂക്ഷ്മവും അവധാനതയോടെയുമുള്ള നീക്കങ്ങളാണ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. ശ്രമകരമെങ്കിലും അതിനുള്ള നീക്കങ്ങള്‍ ഇനിയെങ്കിലും ഉണ്ടായേ തീരൂ. അതല്ലെങ്കില്‍ ഒരു പക്ഷേ ഇന്ത്യയുടെ തീരാശാപമായി ഈ ‘ഭൂമിയിലെ സ്വര്‍ഗം’ നിലകൊള്ളും.

chandrika: