X

കശ്മീര്‍; താഴ്‌വരയെ തകര്‍ത്ത തീവ്രവാദം വന്ന വഴി


പി.വി.എ പ്രിംറോസ


്ഇന്ത്യന്‍ ഭരണഘടനയോട് പൂര്‍ണമായും താദാത്മ്യം പ്രാപിക്കാന്‍ 1949 മെയ് മാസത്തോടെ രാജ്യങ്ങള്‍ തയ്യാറായെങ്കിലും ജമ്മു കശ്മീര്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. കഛഅയില്‍ പറഞ്ഞ മൂന്ന് കാര്യങ്ങളായ പ്രതിരോധം, വിദേശം, വാര്‍ത്താ വിനിമയം എന്നതില്‍ മാത്രമെ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കേണ്ടതുള്ളൂ എന്ന നിലപാടില്‍ അവര്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. പുതുതായി എന്ത് നിയമം കൊണ്ടുവന്നാലും അത് ജമ്മു കശ്മീരിന്റെ അനുവാദത്തോട് കൂടി മാത്രമെ പാസാക്കാന്‍ കഴിയൂ എന്ന രീതിയിലാണ് നിയമം രൂപകല്‍പന ചെയ്തത്. ജമ്മു കശ്മീരിന് പ്രത്യേക അവകാശം നിലനിര്‍ത്താനുള്ള ഇന്ത്യന്‍ ഭരണഘടനയുടെ 370ാം അനുഛേദം നിലനിര്‍ത്തിയിരിക്കുന്നത് ഈയൊരു അവകാശം സംരക്ഷിക്കാനാണ്. അതില്‍ യാതൊരു മാറ്റവും വരുത്താന്‍ നിയമം അനുവദിക്കുന്നില്ല എന്ന് സുപ്രീം കോടതി തന്നെ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്.
ഈയൊരു വസ്തുത മനസ്സിലാക്കാതെയാണ് കേരളവും കര്‍ണാടകയും പോലെ കേന്ദ്രത്തിന് പൂര്‍ണമായി നിയന്ത്രണാധികാരമുള്ള സംസ്ഥാനമെന്ന ധാരണയില്‍ 370ാം വകുപ്പ് ഏകപക്ഷീയമായി റദ്ദാക്കിക്കൊണ്ട് അമിത് ഷാ രാജ്യസഭയില്‍ ബില്ലവതരിപ്പിച്ചത്.
പാക്കിസ്ഥാന്‍ തീവ്രവാദികളോടോ പാക്കിസ്ഥാന്‍ പട്ടാളത്തോടോ സ്വീകരിക്കുന്ന നയ നിലപാടുകളല്ല തദ്ദേശവാസികളായ കശ്മീരികളോട് പുലര്‍ത്തേണ്ടത് എന്ന ന്യായമായ ബോധം ഓരോ ഭാരതീയനും കൈമുതലായുണ്ടാവണം. അതോടൊപ്പം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോട് കാണിക്കുന്ന സ്‌നേഹവും ദയാവായ്പ്പും കശ്മീരിന്റെ കാര്യത്തില്‍ മാത്രം അന്യംനിന്ന് പോകരുതെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കണം. പ്രത്യേകിച്ച്, മതത്തിന്റെ പേരില്‍ രാജ്യം രൂപീകരിച്ച് പാക്കിസ്ഥാന്‍ മുന്നോട്ട് പോയപ്പോഴും അതില്‍ ചേരാതെ ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിം ജനസാമാന്യത്തെ ഇന്ത്യയില്‍ ഉറപ്പിച്ച് നിര്‍ത്തിയപരസ്പര വിശ്വാസത്തിലൂന്നിയ അവരുടെ ദേശസ്‌നേഹത്തെ മാനിച്ചെങ്കിലും ഭരണീയര്‍ കണ്ണു തുറക്കണം.
പുല്‍വാമ ആക്രമണ ശേഷം കശ്മീരികളുടെ ജനജീവിതം ഏറെ ദുസ്സഹമായി മാറിയെന്ന് അവിടുന്ന് പുറത്ത് വന്ന വാര്‍ത്തകള്‍ സൂചിപ്പിപ്പിച്ചിരുന്നു. തദ്ദേശവാസിയായ ഭീകരവാദിയുടെ വിധ്വംസക പ്രവര്‍ത്തനം മൂലം ആ നാട് മുഴുവന്‍ പീഡനമനുഭവിക്കേണ്ട ഗതികേടിലാണിപ്പോള്‍. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അജണ്ടകളില്‍ ഒന്നാം സ്ഥാനത്തേക്ക് കാശ്മീര്‍ ചാവേര്‍ സ്‌ഫോടനത്തിന്റെ അലയൊലികള്‍ വന്നുകയറിയതു മുതല്‍ രാജ്യസ്‌നേഹം തെളിയിക്കാനുള്ള പെടാപാടിലായിരുന്നു. പല മത-രാഷ്ട്രീയ കൂട്ടായ്മകളും. തങ്ങള്‍ നിര്‍മിച്ച രാജ്യസ്‌നേഹത്തിന്റെ ചതുരക്കള്ളികള്‍ക്കുള്ളിലേക്ക് മറ്റുള്ളവരെക്കൂടി ചുരുട്ടിക്കൂട്ടാനുള്ള സംഘ്പരിപാറിന്റെ കുതന്ത്രങ്ങള്‍ക്ക് കുട ചൂടാനാണ് ഭരണകൂടം മുമ്പും ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
എന്നാല്‍, ഇന്ത്യയുടെ ഭാഗമായ ഒരു പ്രദേശവും അവിടുത്തെ നിവാസികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് മനുഷ്യത്വത്തിന് നിരക്കുന്നതല്ല. അതോടൊപ്പം വസ്തുതകളെ മറച്ചുവെക്കുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ‘ശുഷ്‌കാന്തി’ ഏറെ അലോസരം സൃഷ്ടിക്കുന്നു.
തൊണ്ണൂറ് ശതമാനം മുസ്‌ലിംകളുള്ള പ്രദേശമായിരുന്നിട്ടും ഹിന്ദു-മുസ്‌ലിം-സിഖ് ഐക്യം മുദ്രാവാക്യമായെടുത്ത്, വിഭജനത്തിനെതിരെ ശക്തമായി നിലകൊണ്ട്, അനിവാര്യമായ ഇന്ത്യാ-പാക് വിഭജന സമയത്ത് ജിന്നയുടെ ക്ഷണം നിരസിച്ച് ഇന്ത്യയുടെ ഭാഗമാകാന്‍ തീരുമാനിച്ച ‘കശ്മീര്‍ സിംഹം’ എന്ന അപരനാമത്തിലറിയപ്പെടുന്ന ഷേഖ് അബ്ദുല്ലയുടെ പിന്‍ഗാമികളെ പൂര്‍ണ വിശ്വാസത്തിലെടുത്ത് ആഭ്യന്തര കാര്യങ്ങളില്‍ അവരുടെ അവകാശങ്ങള്‍ വകവെച്ച് കൊടുക്കേണ്ടതിന് പകരം പലപ്പോഴും സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്തിയുള്ള സമീപനമാണ് രാജ്യം സ്വീകരിച്ചത്.
370ാം വകുപ്പ് പ്രകാരം നിയന്ത്രിത സ്വയംഭരണാവകാശം വകവെച്ച് നല്‍കിയ സമയത്ത് പോലും ദുര്‍ബലമായ ആരോപണത്തിന്റെ പേരില്‍ ഷേക്ക് അബ്ദുല്ലയെ ജയിലിലാക്കി രാഷ്ട്രീയക്കളിക്ക് തുടക്കം കുറിച്ചത് ഭരിക്കുന്ന പാര്‍ട്ടി തന്നെയാണ്. ഷേഖ് അബ്ദുല്ലയുടെ മന്ത്രിസഭയിലെ രണ്ടാമനായ ബക്ഷി ഗുലാം മുഹമ്മദിനെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ തലപ്പത്തേക്ക് കൊണ്ടുവരികയും മുന്‍ നിശ്ചയപ്രകാരം പാര്‍ട്ടിയെ കോണ്‍ഗ്രസ്സില്‍ ലയിപ്പിക്കുകയുമാണുണ്ടായത്. ലയന സമയത്ത് ഇന്ത്യ വാഗ്ദാനം നല്‍കുകയും പിന്നീട് വെടിനിര്‍ത്തലിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ നിര്‍ദേശിക്കുകയും ചെയ്ത ഹിത പരിശോധനയെന്ന ആവശ്യം ഷേക്ക് അബ്ദുല്ലയുടെ പുതിയ സംഘടനയായ പെബ്ലിസൈറ്റ് ഫ്രണ്ട് (ജഹലയശരെശലേ എൃീി)േ പലപ്പോഴായി ഉന്നയിക്കുകയും കോണ്‍ഗ്രസിലെ പലരും ഏറ്റു പിടിക്കുകയും ചെയ്തു. ഓരോ തെരഞ്ഞെടുപ്പ് കാലത്തും വ്യത്യസ്ത കാരണങ്ങള്‍ ഉന്നയിച്ച് പൊതുജന സമ്മതനായ ഷേഖ് അബ്ദുല്ലയെ തുറുങ്കിലടക്കുകയും എതിര്‍കക്ഷികളുടെ നാമ നിര്‍ദേശ പത്രികകള്‍ തള്ളുകയും തെരഞ്ഞെടുപ്പ് പ്രഹസനമാക്കി ജയിക്കുകയുമാണ് അവിടെ ഭരണകക്ഷി ചെയ്തു പോന്നിട്ടുള്ളത്. ജമാഅത്തെ ഇസ്‌ലാമിയെ മത്സരിപ്പിക്കാന്‍ അനുവദിച്ചും കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോയുടെ അറിവോടെ സ്വതന്ത്രരെ മത്സരിപ്പിച്ചും ഇലക്ഷനില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് പൗരന്മാരെ അസന്തുഷ്ടരാക്കി.
ജനവിധിയെ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഭരണകൂടം മുന്നോട്ട് പോയപ്പോഴും ഇന്ത്യയെന്ന വികാരത്തോടൊപ്പം നില്‍ക്കാനുള്ള വിവേകം കശ്മീര്‍ ജനത കാണിച്ചിരുന്നു എന്നത് അവിടെയുള്ള ഓരാ സംഭവവികാസങ്ങളില്‍ നിന്നും നമുക്ക് ബോധ്യപ്പെടും. ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായിരിക്കെ 1965ല്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് കശ്മീരിലേക്ക് പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ അയച്ചു. ഗവണ്‍െമന്റില്‍ അസംതൃപ്തരായ തദ്ദേശവാസികളുടെ പൂര്‍ണ സഹകരണം പ്രതീക്ഷിച്ച പാക് ഭരണാധികാരികളെ ഞെട്ടിച്ചുകൊണ്ട് അവര്‍ക്കെതിരെ സംഘടിക്കാനും നുഴഞ്ഞു കയറ്റക്കാരെ ഒറ്റിക്കൊടുക്കാനും പ്രദേശവാസികള്‍ മുന്‍കയ്യെടുക്കുകയായിരുന്നു.
1971ല്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധ സമയത്തും പൂര്‍ണമായ ഇന്ത്യയനുകൂല നിലപാട് തന്നെയാണ് കശ്മീര്‍ സ്വീകരിച്ചത്. പാക്കിസ്ഥാന്‍ കൂടുതല്‍ ദുര്‍ബലമാവുകയും ബംഗ്ലാദേശ് വേര്‍പെടുകയും ചെയ്തപ്പോഴും കശ്മീര്‍ പ്രദേശം ശാന്തമായിരുന്നു. 1975ല്‍ ഇന്ദിരാ ഗാന്ധിയുടെ സഹായത്തോടെ ഷേഖ് അബ്ദുല്ല വീണ്ടും അധികാരത്തിലേറി. അടിയന്തരാവസ്ഥയുടെ പ്രക്ഷുബ്ധാവസ്ഥയിലും കശ്മീര്‍ ഇളകിയില്ല. എന്നാല്‍ ഷേഖിന്റെ മരണത്തോടെ കശ്മീരിലെ സ്ഥിതി വഷളായി. സോവിയറ്റ് നിയന്ത്രണത്തിന്‍ കീഴിലായിരുന്ന അഫ്ഗാനിസ്ഥാനില്‍ ഒളിപ്പോര്‍ നടത്താനായി പാക്കിസ്ഥാന് അമേരിക്കയുടെ ആയുധ സഹായം ലഭിച്ചിരുന്ന കാലമായിരുന്നു അത്. ഈ ആയുധങ്ങള്‍ ഉപയോഗപ്പെടുത്തി പാക്കിസ്ഥാന്‍ കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം ആരംഭിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഡല്‍ഹിയില്‍ നടന്ന അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജഗ്‌മോഹന്‍ ഗവര്‍ണര്‍ എന്ന നിലയില്‍ സ്വീകരിച്ച നടപടികള്‍ സാഹചര്യങ്ങള്‍ കൂടുതല്‍ കലുഷിതമാക്കി. താഴ്‌വരയിലെ കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ ഭീകരവാദികള്‍ നടത്തിയ ആക്രമണങ്ങള്‍ മൂലം അവര്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിലേക്കും സംസ്ഥാനത്തിന്റെ മറ്റു പരിസര പ്രദേശങ്ങളിലേക്കും കൂട്ടമായി പലായനം ചെയ്തു. (തുടരും)

web desk 1: