ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരാക്രമണം. ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഫിറോസ് ദറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. അചബാല്‍ മേഖലയില്‍ ഇന്നലെ വൈകീട്ടോടെയാണ് പൊലീസ് സംഘത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. സൈന്യം തിരിച്ചടിക്കുന്നതിനിടെ രണ്ട് സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ഇന്നലെ കാലത്ത് കുല്‍ഗാം ജില്ലയില്‍ സൈന്യവും ഭീകരരും തമ്മില്‍ സമാനമായ രീതിയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഇതില്‍ രണ്ട് ഭീകരരും ഒരു സിവിലിയനും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അനന്തനാഗിലും ആക്രമണം നടന്നത്. കഴിഞ്ഞ ഒരു മാസമായി നിയന്ത്രണ രേഖക്കു സമീപം നുഴഞ്ഞുകയറ്റം വ്യാപകമായതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം 22 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നതായും 38 ഭീകരരെ വധിച്ചതായും സൈന്യം വ്യക്തമാക്കി.
ഇന്നലെ കാലത്ത് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു ഭീകരര്‍ അടക്കം നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. നൗഷേരയില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് ഒരു ജവാനും പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ 22 കാരനായ ഗ്രാമവാസിയുമാണ് കൊല്ലപ്പെട്ടത്. കുല്‍ഗാം ജില്ലയിലെ അര്‍വാനി ഗ്രാമത്തില്‍ സൈന്യം നടത്തിയ ഓപ്പറേഷനില്‍ ലഷ്‌കര്‍ കമാണ്ടര്‍ ജുനൈദ് മാട്ടോ ഉള്‍പ്പെടെ രണ്ടു ഭീകരരെ വധിച്ചിരുന്നു. സി.ആര്‍.പി.എഫ്, രാഷ്ട്രീയ റൈഫിള്‍സ്, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, ജമ്മുകശ്മീര്‍ പൊലീസ് എന്നിവര്‍ സൈനിക നീക്കത്തില്‍ പങ്കെടുത്തു.
ഭീകരര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാത്തിലാണ് സേന പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. ഈ സമയത്ത് പ്രദേശത്തെ കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാസേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകരര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിലാണ് ഖര്‍പോറസ്വദേശിയായ മുഹമ്മദ് അഷ്‌റഫ്(22) കൊല്ലപ്പെട്ടത്. അടിവയറിന് വെടിയേറ്റ അഷ്‌റഫ് തല്‍ക്ഷണം മരിച്ചു. ഒമ്പത് പ്രതിഷേധക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
വടക്കന്‍ കശ്മീരിലെ ബന്ദിപോറയില്‍ സൈന്യം നടത്തിയ വെടിവെപ്പിലും രണ്ട് ഗ്രാമീണര്‍ക്ക് പരിക്കേറ്റു. ചെക്‌പോയിന്റില്‍ നിര്‍ത്താതെ പോയ വാഹനത്തിനു നേരെ സൈനികര്‍ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ശ്രീനഗറിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ നൗഷേര സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പിലാണ് നായിക് ഭക്തവര്‍ സിങ് (34) വീരമൃത്യു വരിച്ചത്. പഞ്ചാബിലെ ഹാജിപൂര്‍ സ്വദേശിയാണ്. പുലര്‍ച്ചെ 5.15 ഓടെയാണ് പാകിസ്താന്‍ പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.