ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പെരുന്നാള്‍ ദിനത്തിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല. സംസ്ഥാനത്തെ പ്രധാന പള്ളികളും ദര്‍ഗകളും അടച്ചിട്ട സര്‍ക്കാര്‍ നടപടി ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്തതാണ്. ഇതിന് വലിയ പ്രത്യാഘാതമുണ്ടാകും. ജനസംഘത്തിന്റെ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നാണ് ആളുകള്‍ പറയുന്നത്. തന്റെ അയല്‍പക്കത്തെ സയ്യിദ് സാഹിബ് ദര്‍ഗയില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് എത്തിയ ആളുകള്‍ പള്ളിയുടെ വാതിലിന് താഴിട്ടത് കണ്ട് അമ്പരന്നു. രോഷാകുലരായാണ് അവര്‍ ഇതേക്കുറിച്ച് തന്നോട് പറഞ്ഞത്- ഇന്ത്യന്‍ എക്്‌സ്പ്രസുമായി ഫോണില്‍ സംസാരിക്കവെ ഉമര്‍ അബ്ദുല്ല പറഞ്ഞു. ഇത്തരമൊരു സാഹചര്യം ഇതുവരെ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. പ്രധാന പള്ളികള്‍ക്കെല്ലാം സര്‍ക്കാര്‍ താഴിട്ടിരുന്നു. ഹസ്രത്ബാല്‍, മഖ്ദൂം സാഹിബ്, ജാമിഅ മസ്ജിദ്, സയ്യിദ് സാഹിബ് എന്നിവിടങ്ങളിലൊന്നും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടന്നില്ല.
തനിക്കും ഇത്തവണ പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കാന്‍ കഴിഞ്ഞില്ല. മുമ്പൊരിക്കലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഹസ്രത്ബാല്‍ ദര്‍ഗയോടു ചേര്‍ന്നുള്ള പള്ളിയിലാണ് മിക്കപ്പോഴും ഞങ്ങള്‍ പെരുന്നാള്‍ നമസ്‌കാരത്തിനെത്തുന്നത്. ഗോക്പൂര്‍ റോഡിലെ തന്റെ വസതിയില്‍നിന്ന് അധികം അകലമല്ലാതെയാണ് ദര്‍ഗ. മുഖ്യമന്ത്രി മെഹ്്ബൂബ മുഫ്തിക്കും ഇത്തവണ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലന്നാണ് താന്‍ അറിഞ്ഞതെന്നും ഉമര്‍ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.