X

കള്ളപ്പണവേട്ടയുടെ ഇര സാധാരണക്കാരോ

അറുനൂറ്, ആയിരം കറന്‍സി നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഇരകള്‍ കള്ളപ്പണക്കാരോ രാജ്യത്തെ സാധാരണക്കാരോ ? ഇങ്ങനെ തോന്നിപ്പിക്കുന്ന വിധമാണ് കഴിഞ്ഞ മൂന്നു ദിവസമായി രാവും പകലും സാമാന്യ ജനം കയ്യിലുള്ള നക്കാപിച്ച കാശ് വെച്ചുമാറാനായി നെട്ടോട്ടമോടുന്നത്. തൊഴില്‍ ചെയ്തു കിട്ടിയ ദിവസക്കൂലിയില്‍ നിന്ന് ഭക്ഷണത്തിനും ആസ്പത്രിക്കും മറ്റും ചെലവഴിക്കാന്‍ വെച്ച പണമാണ് പൊടുന്നനെ കടലാസിന് തുല്യമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ പ്രധാനമന്ത്രി രാഷ്ട്രത്തോട് നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനം കേട്ടതു മുതല്‍ കയ്യിലുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുമായി അലയുകയാണിപ്പോള്‍ ജനം. ഇവരാരും കള്ളപ്പണക്കാരോ അഴിമതിക്കാരോ അല്ല. അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ഓരോരുത്തരുടെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന് വാഗ്ദാനം നല്‍കിയ പ്രധാനമന്ത്രിയും ബി.ജെ.പിയുമാണ് ഇപ്പോള്‍ അവരുടെ സ്വന്തം പണം പോലും തൃണ തുല്യമാക്കിയിരിക്കുന്നത്. രണ്ടു ദിവസത്തെ ഇടവേളക്കുശേഷം ഇന്നലെ എ.ടി.എം കേന്ദ്രങ്ങള്‍ തുറന്നെങ്കിലും പലതിലും പണമില്ലായിരുന്നു. ഉള്ളതിലാകട്ടെ പെട്ടെന്ന് തീരുകയും ചെയ്തു. ഇതോടെ അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലായിരിക്കുകയാണ് ശരാശരി ജനത. വ്യാപാര വ്യവസായ മേഖലയിലെ മുരടിപ്പു മൂലമുണ്ടാകുന്ന നഷ്ടം വേറെയും. ഓഹരി വിപണി ഇടിയുകയും രൂപയുടെ വില തകരുകയും ചെയ്തു. മരണങ്ങളും ക്രമസമാധാനപ്രശ്‌നങ്ങളും വേറെ.

അടച്ചിട്ട ഒരുനാള്‍ പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ ബാങ്കുകളിലെത്തിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അതുണ്ടായില്ലെന്നാണ് വ്യാഴാഴ്ചത്തെ അനുഭവം. പോളിങ് ബൂത്തിനെ വെല്ലുന്ന ജനക്കൂട്ടമായിരുന്നു മിക്ക ബാങ്കുകള്‍ക്കുമുന്നില്‍ ഇന്നലെയും. ബാങ്കുകളില്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നെങ്കിലും ആവശ്യത്തിന് പണമില്ലാതെ വൈകീട്ടു വരെ ക്യൂ നിന്ന ശേഷം പലര്‍ക്കും വെറും കയ്യോടെ മടങ്ങേണ്ടിവന്നു. സ്ത്രീകളും പ്രായമായവരും നോട്ടുകളുമായി വെയിലത്ത് ക്യൂ നില്‍ക്കുന്ന കാഴ്ച ദയനീയമായിരുന്നു. മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷം ആളെ കുറക്കാനായി ചില ബാങ്കുകളില്‍ നിന്ന് ആധാര്‍ കാര്‍ഡ് തന്നെ വേണമെന്ന് പറഞ്ഞ് ഇറക്കി വിടപ്പെട്ടവരുമുണ്ട്. നീറോ ചക്രവര്‍ത്തിയെ ഓര്‍മിപ്പിക്കുകയാണ് ജപ്പാനിലുള്ള പ്രധാനമന്ത്രിയെങ്കില്‍ ഒരു പ്രശ്‌നവുമില്ലെന്ന് സ്വയം ആശ്വസിക്കുകയാണ് മന്ത്രി വെങ്കയ്യ നായിഡു. അഞ്ഞൂറ് പോയി രണ്ടായിരം വന്നാല്‍ മാറാന്‍ എന്താ മാജിക്കാണോ കള്ളപ്പണം. അര്‍ഥ വ്യവസ്ഥിതിയെ വിഴുങ്ങുന്ന വ്യാളിയായ കള്ളപ്പണത്തിനും അഴിമതിക്കും വ്യാജ നോട്ടുകള്‍ക്കും പൊതു ജനം എതിരല്ല. എന്നാല്‍ ഇന്ത്യക്കാരുടെ എണ്‍പതു ലക്ഷം കോടി രൂപയുടെ കള്ളപ്പണത്തില്‍ 50 ലക്ഷം കോടിയും രാജ്യത്തിനു പുറത്തെ സ്വിസ് ബാങ്ക് പോലുള്ള വ്യാജ അക്കൗണ്ടുകളിലാണെന്ന് 2011ല്‍ ഇപ്പോഴത്തെ ഭരണകക്ഷി തന്നെയാണ് വിളിച്ചു പറഞ്ഞത്. ആ മഞ്ഞുമലയുടെ അരികില്‍ തൊടാന്‍ പോലും കഴിഞ്ഞില്ലെന്നതിന്റെ തെളിവാണ് ആദായ നികുതി വകുപ്പിന് നാലു മാസം കൊണ്ട് കിട്ടിയ വെറും 65,250 കോടി.

രാജ്യത്ത് പ്രചാരത്തിലുള്ള എണ്‍പതു ശതമാനം കറന്‍സിയും നോട്ടുകളായാണ് ഉപയോഗിക്കുന്നത്. ലക്ഷങ്ങളുടെ എ.ടി.എം തട്ടിപ്പിന് അകമ്പടിയായാണ് ഈ പൊല്ലാപ്പു കൂടി ജനത്തിന്റെ തലയില്‍ വീണിരിക്കുന്നത്. തൊഴിലും കച്ചവടവും ഉപേക്ഷിച്ച് കയ്യിലുള്ള നോട്ടുകള്‍ മാറാന്‍ ചെന്നവര്‍ക്ക് ഇരുട്ടടിയാണ് ഇപ്പോഴനുഭവപ്പെടുന്നത്. കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, സ്വകാര്യ ആസ്പത്രികള്‍, അനാഥ ശാലകള്‍, ട്രെയിന്‍ യാത്രക്കാര്‍, അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നിവരൊക്കെ അക്ഷരാര്‍ഥത്തില്‍ വെട്ടിലായി. ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സിന് ചെന്ന മലയാളി താരങ്ങള്‍ക്കു വരെ പട്ടിണിയായിരുന്നു ഫലം. പണി ചെയ്തിട്ടും കൂലി കിട്ടാത്തവരും ഒട്ടേറെ. ബാങ്ക് ജീവനക്കാര്‍ അക്ഷീണം യത്‌നിച്ചിട്ടും അവരുടെ നിയന്ത്രണത്തിന് അപ്പുറമാണ് കാര്യങ്ങള്‍. തയ്യാറെടുപ്പ് പോരെന്നതിന്റെ സൂചനയാണ് സഹകരണ മേഖല. അഞ്ഞൂറിന് പകരം ആയിരം കിട്ടിയ പലരും അതു മാറാനാവാതെയും വലയുന്നു. കോഴിക്കോട്ടും ആലപ്പുഴയിലും തലശേരിയിലും ബാങ്കുകള്‍ക്കു മുന്നില്‍ അടിപിടിയും കുഴഞ്ഞു വീഴലും മരണങ്ങളും വരെ ഉണ്ടായി. അധികാരത്തിന്റെ അന്ത:പുരങ്ങളിലിരിക്കുന്നവര്‍ക്ക് സാധാരണക്കാരന്റെ പൊറുതികേട് കാണാന്‍ കഴിയില്ലെന്നതിന്റെ ഉത്തമോദാഹരണമാണിതെല്ലാം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞതുപോലെ ഒരു കള്ളപ്പണക്കാരനെയും ഈ ക്യൂവില്‍ കണ്ടില്ല.

പൊടുന്നനെ പണം പിന്‍വലിച്ചാല്‍ മാത്രമേ കള്ളപ്പണക്കാര്‍ക്ക് അതുപയോഗിക്കാന്‍ കഴിയാതെ വരൂ എന്ന ന്യായം സമ്മതിച്ചാലും ബാങ്കുകളില്‍ ആവശ്യത്തിന് പണമെത്തിച്ചില്ല എന്നത് സര്‍ക്കാര്‍ നടപടിയിലെ അനവധാനതയാണ് വെളിച്ചത്താക്കുന്നത്. ഏറെ രഹസ്യമായാണ് പ്രധാനമന്ത്രിയും കേന്ദ്ര ധനകാര്യവകുപ്പും മൂല്യ നിരാസ നടപടി തീരുമാനിച്ചതത്രെ. എന്നാല്‍ 2000 രൂപയുടെ പുതിയ നോട്ടിന്റെ ചിത്രം എങ്ങനെ ദിവസങ്ങള്‍ക്കുമുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ വന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. റിലയന്‍സ് കമ്പനിയുടെ മുന്‍ മേധാവിയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ഏതാനും ദിവസം മുമ്പ് മാത്രമാണ് റിലയന്‍സിന് പതിനായിരം കോടി രൂപ പിഴയിട്ടത്. ഇവരുടെ പക്കലുള്ള കള്ളപ്പണം വെളുപ്പിക്കാനായിരുന്നോ ഇതെന്ന് സംശയിക്കുന്നവരുണ്ട്. മോദിയുടെ ഗുജറാത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണവാര്‍ത്തകള്‍ വരുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നയുടന്‍ കിട്ടിയ മൂന്നു മണിക്കൂറുകള്‍ക്കുള്ളില്‍ എത്ര കോടികള്‍ കൈമാറി എന്നതിന് ഉത്തരമില്ല. വിമാന ടിക്കറ്റ് വന്‍തോതില്‍ വിറ്റഴിഞ്ഞത് ഒരു സൂചനയാണ്.

കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കണമെങ്കില്‍ ആദ്യം വേണ്ടത് അവയുടെ സ്രോതസ്സ് കണ്ടെത്തുകയെന്നതാണ്. ഇതിന് ഇന്നും നടപടിയില്ല. ചെലവഴിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ചിട്ടുള്ള തുകയുടെ എത്രയിരട്ടിയാണ് തെരഞ്ഞെടുപ്പുകളില്‍ ചെലവഴിക്കപ്പെടുന്നത്. ബി.ജെ.പിക്ക് ഇതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവുമോ. മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കള്ളപ്പണം ചെലവഴിക്കില്ലെന്ന് പറയാന്‍ പ്രധാനമന്ത്രിയും അമിത്ഷായും തയ്യാറാണ്ടോ. ഇതിനൊക്കെ തൃപ്തികരമായ മറുപടി പറഞ്ഞിട്ട് മതി പൊതു ജനത്തെക്കൊണ്ട് ‘മോദികഷായം’ കുടിപ്പിക്കല്‍.

chandrika: