50 ദിവസത്തിനകം രാജ്യത്തെ ജനങ്ങളുടെ ദുരിതമവസാനിക്കുമെന്ന് വാഗ്ദാനം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവര്‍ഷ ദിനത്തില്‍ ജനങ്ങളെ പൂര്‍ണമായും നിരാശപ്പെടുത്തി. ഒന്നര മാസംകൊണ്ട് എത്ര കള്ളപ്പണം പിടികൂടിയെന്നോ, തിരിച്ചുവന്നുവെന്നോ, എത്ര ദിവസത്തിനകം ദുരിതം തീരുമെന്നോ പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കിയില്ല.
നവംബര്‍ എട്ടിനു നോട്ടു നിരോധിക്കുമ്പോള്‍ പ്രധാനമന്ത്രി ഉറപ്പു നല്‍കിയ 50 ദിവസത്തെ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. എന്നാല്‍ എത്ര ദിവസം നോട്ടു നിയന്ത്രണം തുടരുമെന്ന് വ്യക്തമാക്കിയില്ല. നോട്ട് നിരോധനത്തില്‍ സഹകരിച്ച ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദിപറഞ്ഞു. രാജ്യത്ത് ജനങ്ങള്‍ ഇത്രയും ദുരിതം നേരിടേണ്ടി വന്നത് കള്ളപ്പണക്കാരെയും അഴിമതിക്കാരും മൂലമാണെന്നു പറഞ്ഞ അദ്ദേഹം സാധാരണക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടേണ്ടി വന്നതായും സമ്മതിച്ചു.
കര്‍ഷകരുടെ കിസാന്‍ കാര്‍ഡുകള്‍ റുപേ കാര്‍ഡുകളാക്കി മാറ്റും, സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യം 4000ല്‍ നിന്ന് 6000മായി ഉയര്‍ത്തിയത്, ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പാനുകൂല്യം തുടങ്ങി ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി പറയേണ്ട നയപരമായ കാര്യങ്ങളാണ് പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ഇതു വെറും പൊള്ളയായ കാര്യങ്ങളാണെന്നും ജനങ്ങളുടെ ദുരിതമെന്ന് തീരുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കേണ്ടെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് വ്യക്തമാക്കി.