ദേശീയ ടീമിലേക്ക് പരിഗണിക്കാതിരുന്ന സെലക്ടര്‍മാരുടെ തീരുമാനം ന്യായീകരിച്ച് ബാറ്റ് വീശിയ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ പൂര്‍ണ പരാജയമായിട്ടും രാജസ്ഥാനെതിരെ കൃഷ്ണഗിരിയില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹി മികച്ച നിലയില്‍. ദേശീയ താരങ്ങളായ ഗംഭീറും ധവാനും നിറം മങ്ങിയിട്ടും ആദ്യ ഇന്നിംഗ്‌സില്‍ 69 റണ്‍സിന്റെ ലീഡ് നേിടയ ഡല്‍ഹിയുടെ നിയന്ത്രണത്തിലായിരുന്നു രണ്ടാം ദിനവും. കളിയവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന നിലയിലാണ് രാജസ്ഥാന്‍. 31 പന്തില്‍ 4 റണ്‍സുമായി കഴിഞ്ഞ ദിവസത്തെ ശതകക്കാരന്‍ അമിത് കുമാര്‍ ഗൗതവും 3 പന്തില്‍ റണ്‍സൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന്‍ തന്‍വീറുല്‍ ഹഖുമാണ് ക്രീസില്‍.
ഡല്‍ഹിയുടെ ആദ്യ ഇന്നിംഗ് മറികടക്കാന്‍ രാജസ്ഥാന് ഇനിയും 50 റണ്‍സ് കൂടി വേണം. ദേശീയ ടീം മോഹവുമായി രാവിലെ കളത്തിലിറങ്ങിയ ഗൗതം ഗംഭീറും ധവാനും മലമുകളിലെ തണുപ്പിന്റെ ആലസ്യത്തിലായിരുന്നു ബാറ്റ് വീശിയത്. പിച്ചിലെ ഈര്‍പ്പത്തിന്റെ ആനുകൂല്യത്തില്‍ പന്തെറിഞ്ഞ രാജസ്ഥാന്‍ പേസ് ജോഡികളെ അമിതമായി പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ സ്‌കോര്‍ബോര്‍ഡ് നിശ്ചലമായി. അനാവശ്യ പ്രതിരോധത്തിന് മുതിര്‍ന്ന ഇരുവരും തലേന്നത്തെ സ്‌കോറിനൊപ്പം പതിനാറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പവലിയിനിലേക്ക് മടങ്ങുകയും ചെയ്തു. അനികേത് ചൗധരിയുടെ നിരുദ്രവമെന്ന് തോന്നിച്ച പന്തില്‍ ഓഫ് സ്റ്റംപ് തെറിച്ച് മടങ്ങുമ്പോള്‍ 46 പന്തില്‍ 10 റണ്‍സ് മാത്രമായിരുന്നു ഗംഭീറിന്റെ സമ്പാദ്യം.
ടീം സ്‌കോറില്‍ ഒറു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്നതിന് മുന്നേ 38 റണ്‍സുമായി ധവാനും മടങ്ങി. തുടര്‍ന്ന് ഒന്നിച്ച ഉന്മുക് ചന്ദും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ ്പന്തും ചേര്‍ന്ന് കൈവിട്ട കളി ഡല്‍ഹിയുടെ വരുതിയിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റേന്തിയ ഋഷഭ് 38 പന്തില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി നേടിയത്. എന്നാല്‍ രഞ്ജി സീസണിലെ മികച്ച റണ്‍വേട്ടക്കാരനായ ഋഷഭിന് അമിതാത്മവിശ്വാസം മൂലം അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായത് പണിമുടക്ക് ദിനത്തില്‍ കളികാണാനെത്തിയ നൂറ് കണക്കിന് കാണികള്‍ക്ക് നിരാശയായി. തന്‍വീറുല്‍ഹഖിന്റെ പന്തില്‍ വിക്കറ്റ് തെറിക്കുമ്പോള്‍ 59 പന്തില്‍ 75 റണ്‍സായിരുന്നു ഈ പത്തൊമ്പതുകാരന്റെ സമ്പാദ്യം. ഋഷഭ് നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങിയ മിലിന്ദ് കുമാര്‍ 41 റണ്‍സ് നേടി ടീം ടോട്ടല്‍ 200 കടത്തി. മിലിന്ദ് പുറത്തായതിന് ശേഷം വന്ന മനന്‍ ശര്‍മ്മയും പ്രദീപ് സാങ് വാനും നിരാശപ്പെടുത്തി.
അവസാന വിക്കറ്റില്‍ കൂറ്റനടികളിലൂടെ സുമിത് നര്‍വാളും വികാസ് തൊകാസുമാണ് ടീം സ്‌കോര്‍ 300 കടത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. നര്‍വാളിനെ പങ്കജ് സിംഗും തൊകാസിനെ ചൗധരിയും പുറത്താക്കിയതോടെ ഡല്‍ഹി 307ല്‍ ഒതുങ്ങി. അമര്‍ജീത് സൈനി 16 റണ്‍സുമായി പുറത്താവാതെ നിന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ അമിതപ്രതിരോധത്തിനാണ് ശ്രമിച്ചത്. പത്ത്് ഓവര്‍ ബാറ്റ് ചെയ്ത ഓപ്പണിംഗ് സഖ്യം 19 റണ്‍സ് മാത്രമാണ് നേടിയത്. മനന്‍ ശര്‍മ്മയുടെ പന്തിന്റെ ഗതി മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട മനേന്ദര്‍ നരേന്ദര്‍ സിംഗ് 14 റണ്‍സെടുത്ത് പുറത്തായി. രാജസ്ഥാന് വേണ്ടി ക്യാപ്റ്റന്‍ പങ്കജ് സിംഗും തന്‍വീറുല്‍ ഹഖും മൂന്ന് വിക്കറ്റ് വീതം നേടി. എ.വി ചൗധരിയും എം.കെ ലംറോയും രണ്ട് വിക്കറ്റുകളും വീഴ്ത്തി.