കൊച്ചി: ഇന്നാണ് ആ പോരാട്ടം. എട്ടു കോടി സമ്മാനത്തുകയുള്ള ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തില്‍ ആര് മുത്തമിടും. കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് മഞ്ഞയിലും അത്‌ലറ്റികോ കൊല്‍ക്കത്ത ചുവപ്പിലും വരുന്നത് വൈകീട്ട് ഏഴ് മണിക്ക്. ഐ.എസ്.എല്‍ ആദ്യ പതിപ്പില്‍ ഇതേ ടീമുകളായിരുന്നു അവസാന പോരാട്ടത്തിന് യോഗ്യത നേടിയതെങ്കില്‍ അന്ന് കൊല്‍ക്കത്തക്കായി കേരളത്തിനെതിരെ ഗോള്‍ നേടിയ മുഹമ്മദ് റഫീക്ക് ഇന്ന് മഞ്ഞക്കുപ്പായത്തില്‍ കളിക്കുമ്പോള്‍ അന്ന് കേരളത്തിന്റെ സ്വന്തമായിരുന്ന ഇയാന്‍ ഹ്യും ഇന്ന് കൊല്‍ക്കത്തക്കായാണ് കളിക്കുന്നത്.
മല്‍സരത്തിന്റെ തല്‍സമയ സംപ്രേഷണം വൈകീട്ട് ആറ് മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലുണ്ട്. ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റഴിഞ്ഞ സാഹചര്യത്തില്‍ റെക്കോര്‍ഡ് ജനക്കൂട്ടത്തെയാണ് കലൂരിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പ്രതീക്ഷിക്കുന്നത്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് സഹ ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കൊല്‍ക്കത്തയുടെ സഹ ഉടമ സൗരവ് ഗാംഗുലി, ബോളിവുഡ് ഹീറോ അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ ഫൈനലിനെത്തുന്നുണ്ട്.