മലപ്പുറം: കലക്ട്രേറ്റ്-കോടതി വളപ്പിലുണ്ടായ പൊട്ടിത്തെറി അന്വേഷിക്കാന്‍ ദേശീയ കുറ്റാന്വേഷണ വിഭാഗം ഇന്ന് മലപ്പുറത്തെത്തും. രാവിലെ കലക്ട്രേറ്റില്‍ എത്തുന്ന സംഘം തെളിവെടുപ്പ് നടത്തും. സംസ്ഥാന പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് എന്‍ഐഎ സംഘവും പരിശോധനക്കായി എത്തുന്നത്. എന്‍ഐഎ സംഘത്തിനൊപ്പം മൈസൂര്‍ സ്‌ഫോടനം അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘവും ഇന്ന് മലപ്പുറത്തെത്തി തെളിവെടുപ്പ് നടത്തും. രണ്ടു സംഭവങ്ങളും തമ്മിലുള്ള താരതമ്യമാണ് പ്രധാനമായും പഠിക്കുന്നത്. സംഭവസ്ഥലത്തു നിന്ന് ലഭിച്ച പെന്‍ഡ്രൈവും ലഘുലേഖയും കേന്ദ്രീകരിച്ചാണ് സംസ്ഥാന പൊലീസ് അന്വേഷണം നടത്തുന്നത്. എന്നാല്‍ പെന്‍ഡ്രൈവിലെ വിശദാംശങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊല്ലം കലക്ട്രേറ്റില്‍ നടന്നതിനു സമാനമായ സ്‌ഫോടനമാണ് ഇതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മാവോ-ഇസ്്ലാമിക് സ്‌റ്റേറ്റ് ബന്ധമുള്ള ഏതാനും പേരെ സംസ്ഥാനത്ത് നിന്ന് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്കാര്‍ക്കെങ്കിലും ഇന്നലെ നടന്ന സ്‌ഫോടനത്തില്‍ ബന്ധമുണ്ടോ എന്നാണ് ആദ്യം അന്വേഷിക്കുക.
ഇന്നലെ ഉച്ചയോടെയാണ് കലക്ട്രേറ്റ്-കോടതി വളപ്പില്‍ നിന്ന് കാര്‍ പൊട്ടിത്തെറിച്ചത്. സമീപത്തുണ്ടായിരുന്ന മറ്റു ചില വാഹനങ്ങളുടെ ചില്ലുകളും തകര്‍ന്നു. ദ ബേസ് മൂവ്‌മെന്റ് എന്നെഴുതിയ പെട്ടി പരിസരത്തു നിന്ന് ലഭിച്ചത് പരിഭ്രാന്തിക്കിടയാക്കിയിരുന്നു. അതേസമയം മലപ്പുറം കലക്ട്രേറ്റില്‍ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ യോഗം ഇന്നു രാവിലെ 11 മണിക്ക് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.