ന്യൂഡല്‍ഹി: മധ്യപ്രദേശിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും കര്‍ഷക പ്രക്ഷോഭത്തില്‍ ആടിയുലയുന്നു. വിളകള്‍ക്ക് ന്യായമായ വില ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹരിയാനയിലെയും രാജസ്ഥാനിലെയും കര്‍ഷകരാണ് ഇന്നലെ തെരുവിലിറങ്ങിയത്.
സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക വായ്പ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹരിയാനയിലെ കര്‍ഷകര്‍ അംബാലയില്‍ ഡല്‍ഹി-ചാണ്ഡിഗഡ് ദേശീയപാത ഉപരോധിച്ചു. ഭാരതീയ കിസാന്‍ യൂണിയന്റെ (ബി.കെ.യു) നേതൃത്വത്തിലായിരുന്നു ഉപരോധം. രാജ്യതലസ്ഥാനത്തേക്കുള്ള പ്രധാന റോഡ് ട്രാക്ടറുകള്‍ ഉപയോഗിച്ച് തടസപ്പെടുത്തിയതോടെ ഗതാഗതം സ്തംഭിച്ചു.
രോഹ്തക് സോനാപേട്ട്, ഹിസാര്‍, സിര്‍സ, ഭിവാനി ചര്‍കിദാദ്രി എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ വഴി തടഞ്ഞു. മൂന്നു മണിക്കൂറോളം നീണ്ട ഉപരോധം സംസ്ഥാനത്തെ ഗതാഗത സംവിധാനത്തെ താറുമാറാക്കി. 62 കര്‍ഷക സംഘടനകളുടെ ആഹ്വാനപ്രകാരമായിരുന്നു ഉപരോധ സമരം. പ്രക്ഷോഭം ശക്തമാക്കുമെന്നും ആവശ്യങ്ങള്‍ നടപ്പാക്കാതെ പിന്‍മാറില്ലെന്നും ബി.കെ.യു നേതാവ് ഗുര്‍ണം സിങ് പ്രതികരിച്ചു.
ഹരിയാനയിലെ പ്രതിപക്ഷ കക്ഷികളായ കോ ണ്‍ഗ്രസ്, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എന്നിവരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശില്‍ ആറ് കര്‍ഷകരെ പൊലീസ് വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ കോലവും കത്തിച്ചു. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തില്‍ കുരുക്ഷേത്രയില്‍ കര്‍ഷകരുടെ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു.
അന്താരാഷ്ട്ര യോഗദിനമായ ഈ മാസം 21ന് രണ്ടാംഘട്ട സമരത്തിന് തുടക്കം കുറിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. രാജസ്ഥാനില്‍ ഗംഗാനഗര്‍-ഹനുമാന്‍ നഗര്‍ ഹൈവേയാണ് കര്‍ഷകര്‍ ഉപരോധിച്ചത്. ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച ഉപരോധം മൂന്നു മണിയോടെയാണ് പിന്‍വലിച്ചത്. പ്രതിപക്ഷ കക്ഷികളെല്ലാം കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. മധ്യപ്രദേശില്‍ സമരത്തിന് നേതൃത്വം നല്‍കിയ രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘ് നേതാവ് ശിവകുമാര്‍ ശര്‍മയെ അറസ്റ്റ് ചെയ്തു.
ഗുജറാത്തില്‍ സൗരാഷ്ട്ര, അഹമ്മദാബാദ്, ഗാന്ധിനഗര്‍, മെഹ്‌സന തുടങ്ങിയ നഗരങ്ങളിലും കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കര്‍ഷകര്‍ റോഡ് ഉപരോധിച്ച് സമരത്തില്‍ പങ്കാളിയായി.