X

കര്‍ണാടക മന്ത്രിമാരെ 21ന് ഡല്‍ഹിക്ക് വിളിപ്പിച്ച് ഖാര്‍ഗെ

സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി കര്‍ണാടകത്തിലെ പുതിയ മന്ത്രിമാര്‍ ഡല്‍ഹിയിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണം അനുസരിച്ചാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും ഡല്‍ഹിയിലെത്തുന്നത്. ഈ മാസം 21നാണ് സന്ദര്‍ശനമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ അറിയിച്ചു.

സന്ദര്‍ശന വേളയില്‍ സിദ്ധരാമയ്യയും ശിവകുമാറും പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. വികസന കാര്യങ്ങള്‍ സംബന്ധിച്ച് മന്ത്രിമാര്‍ കേന്ദ്രമന്ത്രിമാരുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തും. ‘ജൂണ്‍ 21 ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ എല്ലാ മന്ത്രിമാരെയും ഡല്‍ഹിയിലേക്ക് വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വാദ്ഗാനങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് രാഹുല്‍ ഗാന്ധി അടക്കമു ള്ള നേതാക്കളുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കും. സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികളക്കുറിച്ച് ചര്‍ച്ച നടത്താന്‍ ചില കേന്ദ്ര മന്ത്രിമാരോട് സമയം ചോദിച്ചിട്ടുണ്ട്. രാജ്യത്ത് ഫെഡറല്‍ സംവിധാനമായതിനാല്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം.

രാഷ്ട്രീയ വ്യത്യാസങ്ങള്‍ കണക്കിലെടുക്കാതെ കര്‍ണാടകയുടെ താല്‍പ്പര്യങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. എല്ലാവരുടെയും സഹകരണത്തോടെ മുന്നോട്ടുപോകാനാണ് തീരുമാനം’- കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
34 അംഗ മന്ത്രിസഭയാണ് കര്‍ണാടകയിലുള്ളത്. കഴിഞ്ഞമാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ചരിത്ര വിജയമാണ് കോണ്‍ഗ്രസ് നേടിയത്. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 135 സീറ്റ് നേടിയപ്പോള്‍ ബി.ജെ. പി 66 ലൊതുങ്ങി. കറുത്ത കുതിരയാകുമെന്ന് കരുതിയ ജെ.ഡി.എസിന് 19 സീറ്റ് മാത്രമാണ് ലഭിച്ചത്.

webdesk11: