X

കരുത്ത് ഗ്യാലറി

കൊച്ചി: കേരള ബ്ലാസ്‌റ്റേഴസിനു 2014 ഡിസംബര്‍ 20 ശനിയാഴ്ച ഒരിക്കലും മറക്കാനാവില്ല. മുംബൈയിലെ ഡി.വൈ. പാട്ടില്‍ സറ്റേഡിയത്തിലെ 36,484 പേരോളം വരുന്ന ഫുട്‌ബോള്‍ ആരാധകരുടെ മുന്നില്‍ ഐഎസ്എല്‍ ആദ്യ സീസണിന്റെ ഫൈനലില്‍ കപ്പ് നേടാമെന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹത്തിനുമേല്‍ കൊല്‍ക്കത്തയുടെ കരിനിഴല്‍ വീഴുമ്പോള്‍ കേരളം ഒന്നാകെ തൊട്ടുമുന്നിലെത്തിയ കിരീട നേട്ടം നഷ്ടമായ വിഷമത്തിലായിരുന്നു.

വെറും ഒരു ഗോളിനാണ് അന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിനു കപ്പ് നഷ്ടപ്പെട്ടത്. വീണ്ടും ഐഎസ്എല്ലിന്റെ ഫൈനല്‍ എത്തിയിരിക്കുന്നു. പഴയ എതിരാളികള്‍ തന്നെ കലാശക്കളിക്ക് ഇത്തവണയും മുഖാമുഖം വരുന്നതോടെ ഓര്‍മ്മയില്‍ ഓടിയെത്തുന്ന കളി നിമിഷങ്ങള്‍ നിരവധി. പക്ഷേ, ഇത്തവണ കാര്യങ്ങള്‍ പാടെ മാറി മറിഞ്ഞു. കൊച്ചിയിലെ ഹോം ഗ്രൗണ്ടിലാണ് കേരള ബ്ലാസറ്റേഴ്‌സ് ഫൈനല്‍ കളിക്കാന്‍ പോകുന്നത്. ഹോം ഗ്രൗണ്ടിലെ അരലക്ഷത്തോളം വരുന്ന ആരാധകരുടെ കരുത്തോടെ, ഉജ്ജ്വല ഫോമില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളാണ് ഹോം ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത്. ഈ ഒരു മുന്‍തൂക്കം ആയിരിക്കും കേരളത്തിന്റെ സാധ്യത ഉയര്‍ത്തുക.

ഇത്തവണ ബ്ലാസറ്റേഴ്‌സിനു വേണ്ടി മുഹമ്മദ് റഫീഖ് ഫൈനലില്‍ കൊല്‍ക്കത്തക്കെതിരെ ഗോള്‍ നേടിയാല്‍ കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷം ഇറക്കുക എന്ന പഴഞ്ചോല്ല് ആയിരിക്കും സംഭവിക്കുക . 2014 ലെ ഫൈനലില്‍ കേരളത്തിനെ തോല്‍പ്പിച്ച 90 ാം മിനിറ്റിലെ കൊല്‍ക്കത്തയുടെ വിജയഗോള്‍ വലയില്‍ എത്തിച്ചത് മുഹമമദ് റഫീഖ് ആയിരുന്നു. അന്ന് ഫൈനില്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ ഉണ്ടായിരുന്ന ഇഷ്ഫാഖ് അഹമ്മദ്, സന്ദേശ് ജിങ്കന്‍, മൈക്കല്‍ ചോപ്ര, മെഹ്താബ് ഹൂസൈന്‍, എന്നിവരാണ് ഇപ്പോഴും ടീമില്‍ തുടരുന്നത്. അതേസമയം അന്ന് കൊല്‍ക്കത്തയ്ക്കു വേണ്ടി കളിച്ചിരുന്ന മുഹമ്മദ് റാഫി, മുഹമ്മദ് റഫീഖ് എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയപ്പോള്‍ 2014ലെ ബ്ലാസറ്റേഴ്‌സിന്റെ ഹീറോ ആയ ഇയാന്‍ ഹ്യൂമും സ്റ്റീഫന്‍ പിയേഴ്‌സണും ഇപ്പോള്‍ കൊല്‍ക്കത്തയുടെ കൂടെയാണ്. രണ്ടുവര്‍ഷം മുന്‍പ് കളിച്ച ടീമില്‍ നിന്നും ഏതാനും പേര്‍ മാത്രമെ ഇപ്പോള്‍ ടീമില്‍ ഉള്ളു.അന്ന് വിജയഗോള്‍ നേടിയ റഫീഖ് ഇന്ന് നമ്മുടെ കൂടെയുണ്ടെന്ന്് ബ്ലാസറ്റേഴ്‌സ്‌കോച്ച് സ്റ്റീവ് കോപ്പല്‍ പറഞ്ഞു. അന്ന് റഫീഖ് സബ്സ്റ്റിറ്റൂഷന്‍ ബെഞ്ചില്‍ നിന്നും കളിക്കാനായി ഇറങ്ങിയതും ഗോള്‍ നേടിയതുംഎക്‌സട്രാ ടൈമിലാണ് . കഴിഞ്ഞ ദിവസം ഡല്‍ഹി ഡൈനാമോസിനെതിരായി വിജയം നേടിയ പെനാല്‍ട്ടി ഷൂട്ടൗട്ടിലെ ഗോളിന്റെ ഉടമയായി മാറിയതും ബെഞ്ചില്‍ നിന്നും വന്നാണെന്നതാണ് പ്രധാന സവിശേഷത.

അതേ സമയം ജയിക്കാന്‍ പ്രതികാരം വേണ്ടെന്നും ടീം സ്പിരിറ്റും വിജയദാഹവും മതിയെന്നും കോച്ച് സ്റ്റീവ് കോപ്പല്‍ പറഞ്ഞുഅന്നത്തെ ഫൈനലില്‍ നിന്നും ഇന്ന് വളരെയേറെ മാറിക്കഴിഞ്ഞു. ഇത് തീര്‍ച്ചയായും മറ്റൊരു ഗെയിം ആയിരിക്കുമെന്നും , ഇവിടെ പ്രതികാരത്തിനായിരിക്കില്ല ഊന്നല്‍ നല്‍കുക, പകരം ടീം സ്പിരിറ്റും ഫൈനല്‍ ജയിക്കണമെന്ന വാശിക്കായിരിക്കും പ്രധാന്യമെന്നും കോപ്പല്‍ ചൂണ്ടിക്കാട്ടി.

മികച്ച ടീമിനെതിരെയാണ് കളിക്കാനുള്ളത്. ഇപ്പോള്‍ കൊല്‍ക്കത്തയ്ക്കു വേണ്ടി കളിക്കുന്ന പലരും രണ്ടു വര്‍ഷം മുന്‍പ് കേരള ബ്ലാസറ്റേഴ്‌സിനുവേണ്ടി കളിച്ചവരാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് സാഹചര്യങ്ങള്‍ നേരത്ത തന്നെ പരിചിതമാണ്. ആരാധകരുടെ പിന്തുണയാണ് ടീമിന്റെ പ്രധാന ശക്തി. 90 മിനിറ്റും ആരാധകരുടെ പൂര്‍ണ പിന്തുണ ഇല്ലാതെ വിജയത്തിനു ഒട്ടും ഗ്യാരണ്ടി ഇല്ല. എന്തായാലും ഒരു കാര്യം ഉറപ്പ്. ഈ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഫേവറേറ്റ് ടീമെന്നും കോപ്പല്‍ പറഞ്ഞു

ഐഎസ്എല്ലിന്റെ ചരിത്രത്തിലെ ആദ്യസീസണ്‍ ജേതാക്കളായ അത്‌ലറ്റേിക്കോ ഡി കൊല്‍ക്കത്ത രണ്ടാം കിരീട നേട്ടത്തിനു തയ്യാറെടുത്തു കഴിഞ്ഞു . ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷവും സെമി ഫൈനലില്‍ എത്തിയ ഏക ടീമും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ്. മൂന്നു വര്‍ഷത്തിനിടെ രണ്ടു കീരീട നേട്ടങ്ങള്‍ എന്ന റെക്കോര്‍ഡ് കുറിക്കാനാണ് കൊല്‍ക്കത്ത ടീം കൊച്ചിയില്‍ എത്തുന്നത്.
മറ്റൊരു രസകരമായ സവിശേഷത രണ്ടു ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ടീമുകളാണ് ഫൈനലിനു കൊമ്പുകോര്‍ക്കുന്നത്. സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ കേരള ബ്ലാസറ്റേഴ്‌സും സൗരവ് ഗാംഗുലിയുടെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും.

chandrika: