X
    Categories: MoreViews

കണ്ണൂര്‍ സി.പി.എമ്മില്‍ കട്ടൗട്ട് വിവാദം പുകയുന്നു

 
തിരുവനന്തപുരം: ജില്ലാ സെക്രട്ടറി പി.ജയരാജനെതിരായ സഹനേതാക്കളുടെ നീക്കം സി.പി.എം കണ്ണൂര്‍ ജില്ലാഘടകത്തെ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു. ജയരാജനെതിരായ നേതാക്കളുടെ നീക്കത്തെ എന്തുവില കൊടുത്തും പ്രതിരോധിക്കാനാണ് കീഴ്ഘടകങ്ങളുടെ തീരുമാനം. ഇക്കാര്യത്തില്‍ സംസ്ഥാനനേതൃത്വത്തെ പോലും അവഗണിച്ച് മുന്നോട്ടു പോകാന്‍ അണികളും അണികളുടെ ആശീര്‍വാദത്തോടെ നിലവിലെ രീതി തന്നെ തുടരാന്‍ ജയരാജനും തീരുമാനിച്ചിട്ടുണ്ട്. കാസര്‍കോട് മുള്ളേരിയ പഞ്ചായത്തിലെ കാറഡുക്കയില്‍ പി.ജയരാജന്റെ കൂറ്റന്‍ കട്ടൗട്ട് സി.പി.എം പ്രവര്‍ത്തകര്‍ സ്ഥാപിച്ചതും സംസ്ഥാന നേതൃത്വത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായി ജയരാജന്‍ കണ്ണൂരില്‍ പ്രകാശ് കാരാട്ട് പങ്കെടുത്ത പരിപാടി ബഹിഷ്‌കരിച്ചിരുന്നു. കാരാട്ട് പങ്കെടുത്ത ദേശീയ സെമിനാറിലെ അധ്യക്ഷ സ്ഥാനത്തുനിന്നാണ് ജയരാജന്‍ വിട്ടുനിന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാരാട്ടിനെ സ്വീകരിക്കാനും ജയരാജന്‍ എത്താത്തതും സംസ്ഥാന നേതൃത്വത്തില്‍ അമ്പരപ്പുണ്ടാക്കി. സ്വയംമഹത്വവല്‍ക്കരിക്കാനുള്ള ജയരാജന്റെ നീക്കത്തെ അണികള്‍ കയ്യും നീട്ടി സ്വീകരിക്കുകയാണെന്ന സൂചനകളാണ് കണ്ണൂരില്‍ നിന്ന് പുറത്തു വരുന്നത്. ഇതില്‍ അസ്വസ്ഥരാണ് പിണറായി വിജയനും കോടിയേരിയും ജയരാജ ദ്വയങ്ങളും. #ക്‌സുകളും കട്ടൗട്ടുകളും സ്ഥാപിച്ച് മഹത്വവല്‍ക്കരണം നടത്തരുതെന്ന സി.പി. എം സംസ്ഥാനനേതൃത്വത്തിന്റെ മുന്നറിയിപ്പുകളെ തള്ളാനാണ് അണികളുടെ തീരുമാനം.

chandrika: