നഴ്‌സുമാര്‍ സമരം നടത്തുന്ന സ്വകാര്യ ആസ്പത്രിയിലേക്ക് നഴ്‌സിങ് വിദ്യാര്‍ത്ഥികളെ സേവനത്തിനു നിയോഗിച്ച കണ്ണൂര്‍ ജില്ലാ കലക്ടറുടെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കലക്ടറുടെ ഉത്തരവ് തള്ളി പരിയാരം മെഡിക്കല്‍ കോളജിലെ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ ജോലിക്ക് ഹാജരായില്ല. ഇതിനിടെ വേതന വര്‍ധന ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തില്‍ പങ്കാളികളാകുമെന്ന് ഇവരുടെ രക്ഷിതാക്കളും അറിയിച്ചു. സമരം ഒത്തുതീര്‍പ്പക്കണമെന്നാവശ്യപ്പെട്ട് 29ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി. ഇതോടെ സമരം സര്‍ക്കാറിന് കൂടുതല്‍ തലവേദനയായി മാറും.
ഇന്നലെ രാവിലെ പരിയാരം നഴ്‌സിങ് കോളജിനു മുന്നില്‍ 300ഓളം വിദ്യാര്‍ത്ഥികള്‍ നഴ്‌സുമാരുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു പ്രകടനം നടത്തി. വിദ്യാര്‍ത്ഥികളെ ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നും നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ ജോലി ചെയ്യാന്‍ കഴിയില്ലെന്നും വിദ്യാത്ഥികള്‍ പറഞ്ഞു.
പത്തു വീതം വിദ്യാര്‍ത്ഥികളെ
പയ്യന്നൂര്‍ സബ, തളിപ്പറമ്പ ലൂര്‍ദ് എന്നീ ആസ്പത്രികളിലേക്കാണ് നിയോഗിച്ചിരുന്നത്. കുട്ടികളെ കൂട്ടാന്‍ ആസ്പത്രി വാഹനം എത്തിയപ്പോഴാണ് പോകാന്‍ വിസമ്മതിച്ചത്. അവധിയായതിനാല്‍ വിദ്യാര്‍ത്ഥികള്‍ കോളജിനുമുന്നില്‍ സംഘടിച്ചു പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ സമരം നേരിടാനുള്ള സര്‍ക്കാര്‍ തീരുമാനം തുടക്കത്തിലേ പാളി. എന്നാല്‍ മറ്റു സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ജോലിക്ക് ഹാജരായി.
നഴ്‌സുമാരുടെ സമരം നടക്കുന്ന ജില്ലയിലെ ഒന്‍പത് ആസ്പത്രികളിലും പൊലീസ് സ്ഥിതിഗതികള്‍ വിലയിരുത്തി. കലക്ടറുടെ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. സമരത്തെ നേരിടാന്‍ കലക്ടര്‍ കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥികളെ ജോലിക്ക് നിയോഗിച്ച് ഉത്തരവിറക്കിയത്. ജില്ലയിലെ ഏഴു നഴ്‌സിങ് കോളജില്‍ നിന്നായി 200ഓളം വിദ്യാര്‍ത്ഥികളെയാണ് ജോലിക്കായി തെരഞ്ഞെടുത്തത്. എന്നാല്‍ ആദ്യ ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ കലക്ടറുടെ ഉത്തരവ് തള്ളുകയായിരുന്നു. ഇന്ന് മറ്റു സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ജോലിക്ക് ഹാജരാകില്ലെന്നാണ് വിവരം.
കണ്ണൂരിലെ ധനലക്ഷ്മി, ആശിര്‍വാദ്, കൊയിലി, അശോക, കിംസ്റ്റ്, താണ സ്‌പെഷ്യാലിറ്റി, തളിപ്പറമ്പ് ലൂര്‍ദ്ദ്, പയ്യന്നൂരിലെ സബ, അനാമിക എന്നീ ആസ്പത്രികളിലാണ് സമരം തുടരുന്നത്. ഇതിനിടെ സമരം പൊളിക്കുന്നതിന് പുതിയ തന്ത്രമെന്ന നിലയില്‍ വിരമിച്ച നഴ്‌സുമാരുടെ സേവനം തേടാനുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.
സമരം എത്രയും വേഗം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഇടതുമുന്നണിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള അടിസ്ഥാന ശമ്പളം കിട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും (യു.എന്‍.എ) ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനും (ഐ.എന്‍.എ) നിലപാട് കടുപ്പിച്ചു. സമരക്കാരുടെയും മാനേജ്മന്റിന്റേയും നിലപാട് സങ്കീര്‍ണമായതോടെ നഴ്‌സിങ് സമരം കൂടുതല്‍ കലുഷമാകുമെന്ന് ഉറപ്പായി.
ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്ന് പണിമുടക്ക് തിങ്കളാഴ്ചയില്‍ നിന്ന് ബുധനാഴ്ചയിലേക്ക് മാറ്റിയ യു.എന്‍.എ, ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ പണിമുടക്ക് ആരംഭിക്കുമെന്ന് അറിയിച്ചു. സമരം കൂടുതല്‍ ശക്തമായതോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച നാലുമണിക്ക് നഴ്‌സുമാരുടെ യൂണിയനുകളുമായി ചര്‍ച്ചക്ക് സമയം നല്‍കിയിട്ടുണ്ട്. അന്നുതന്നെ രാവിലെ മിനിമം വേജസ് കമ്മിറ്റിയും വ്യവസായ ബന്ധസമിതിയും (ഐ.ആര്‍.സി) യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പിക്കും. അതുകൂടി വെച്ചാകും മുഖ്യമന്ത്രി ചര്‍ച്ചയില്‍ നഴ്‌സിങ് യൂണിയനുകളെ കാണുന്നത്.
ഇതിനിടെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ജില്ലാ ഭരണകൂടം സ്വീകരിച്ച അസാധാരണ നടപടിക്കെതിരെ തലസ്ഥാനത്ത് നഴ്‌സിങ് കൗണ്‍സില്‍ ആസ്ഥാനത്തേക്ക് യു.എന്‍.എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ മാര്‍ച്ച് നടത്തി. ജില്ലാ കലക്ടര്‍മാരുടെ തീരുമാനം ആലോചനയില്ലാത്തതാണെന്നും നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കാരണവശാലും രോഗികളെ ശുശ്രൂഷിക്കാന്‍ കഴിയില്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.