X

കണ്ണൂരിന്റെ കണ്ണീര്‍ നിലയ്ക്കട്ടെ

രാഷ്ട്രീയ കൊലപാതകങ്ങളുടെ ഭീകരതയും എണ്ണവും കൊണ്ട് രാജ്യ ശ്രദ്ധയാകര്‍ഷിക്കുന്ന കണ്ണൂര്‍ ജില്ലയില്‍ സമാധാനത്തിന് എല്ലാ കക്ഷികളും ഒരുമിക്കുന്നുവെന്ന സൂചനയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലുണ്ടായ ധാരണകള്‍. വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ആശയപരമായുമൊക്കെ രാജ്യത്തിന് മാതൃകയായി നില്‍ക്കുന്ന കേരളത്തിന് ‘കണ്ണൂരിന്റെ കണ്ണീര്‍’ ഏതുവിധേനയും തുടച്ചുമാറ്റിയേ തീരൂ. സമാധാന കാംക്ഷികളുടെ ഭാഗത്തുനിന്നുള്ള ഏറെ മുറവിളികള്‍ക്കു ശേഷമാണ് ഇത്തരമൊരു യോഗം ചേരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെങ്കിലും ‘ഇല്ലാത്തതിനേക്കാള്‍ ഭേദം വൈകിയത്’ ആണെന്നതിനാല്‍ നടപടി ശുഭോദര്‍ക്കമാണ്. മുപ്പത് വര്‍ഷത്തിനകം മുന്നൂറോളം പേര്‍ കൊലചെയ്യപ്പെട്ട കണ്ണൂരില്‍ ഒരിടത്ത് ഭരണ കക്ഷിയായ സി.പി.എം ആണെന്നതാണ് സമാധാന ശ്രമങ്ങള്‍ ഫലം കാണുമെന്ന പ്രതീക്ഷക്ക് ഒരു ഹേതു. അക്രമങ്ങളെ പ്രതിരോധിക്കുക മാത്രമേ തങ്ങള്‍ ചെയ്യുന്നുള്ളൂവെന്നാണ് ബി.ജെ.പിയും ആര്‍.എസ്.എസും പറയുന്നതെങ്കില്‍ സി.പി.എമ്മിന്റെ ന്യായവും ഏതാണ്ടിതുതന്നെയാണ്. ഇടതുമുന്നണി അധികാരത്തിലേറി അഞ്ചുമാസം കൊണ്ട് പ്രതീക്ഷകള്‍ തകിടം മറിച്ച് ഏഴ് കൊടുംകൊലകള്‍ നടന്നതിനെ തുടര്‍ന്നാണ് പൊതുജനങ്ങളുടെയും പ്രതിപക്ഷമായ യു.ഡി.എഫിന്റെയും ഭാഗത്തുനിന്ന് സമാധാനത്തിനായി ശക്തമായ സ്വരമുയര്‍ന്നത്.

കണ്ണൂരില്‍ പല ഭാഗത്തും ആയുധ നിര്‍മാണവും ബോംബ് നിര്‍മാണവും നടക്കുന്നുണ്ടെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തിന് ശേഷം അറിയിച്ചിരിക്കുന്നത്. പ്രതികളെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടു പോകുന്ന സ്ഥിതി ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കുകയുണ്ടായി. വീടുകളും പാര്‍ട്ടി ഓഫീസുകളും കേന്ദ്രീകരിച്ച് ആക്രമണം നടക്കുന്നുണ്ട്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ഗീയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായും പിണറായി വിജയന്‍ കുറ്റപ്പെടുത്തുകയുണ്ടായി. ഇക്കാര്യത്തിലെല്ലാം രാഷ്ട്രീയ കക്ഷികള്‍ ശക്തമായ ഉറപ്പുനല്‍കിയതായാണ് വിവരം. അക്രമം അടിച്ചമര്‍ത്താന്‍ പൊലീസ് ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. യോഗത്തില്‍ ബി.ജെ.പി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികള്‍ പങ്കെടുത്ത് ശക്തമായി തന്നെ അക്രമ രാഷ്ട്രീയത്തെ എതിര്‍ത്തിട്ടുണ്ട്. ഇത്തരമൊരു വാര്‍ത്ത സമാധാന കാംക്ഷികളായ കേരളീയരെ സംബന്ധിച്ചിടത്തോളം തികച്ചും സ്വാഗതാര്‍ഹമാണ്.

രാഷ്ട്രീയ കൊലപാതകങ്ങളായാലും മറ്റേതു തരം നരഹത്യകളായാലും ആധുനിക മനുഷ്യന് ഭൂഷണമല്ല. ജീവന്‍ നല്‍കാനാകാത്തിടത്തോളം അതെടുക്കാനും ആര്‍ക്കും അവകാശവുമില്ല. രാഷ്ട്രീയം വളര്‍ത്താനായി എതിര്‍ കക്ഷിക്കാരെ പരസ്പരം അരിഞ്ഞുവീഴ്ത്തുന്നത് എന്തിന്റെ പേരിലായാലും അംഗീകരിക്കാനാവില്ല. ജനാധിപത്യവും ഭരണഘടനയും ക്രമ സമാധാനവും നിലനില്‍ക്കുന്ന സമൂഹത്തില്‍ പൊലീസും നീതിപീഠവും നോക്കുകുത്തിയായിരിക്കാനുമാവില്ല. എത്രയോ യുവാക്കള്‍, അമ്മമാര്‍, ഭാര്യമാര്‍, കുരുന്നുകള്‍ എന്നിവരാണ് ഈ കുരുതികളുടെ ഇരകളായിട്ടുള്ളതും പലരും ഇപ്പോഴും ജീവച്ഛവങ്ങളായി കഴിയുന്നതും. അമ്മമാരുടെ കണ്ണീരിന് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒരു വിലയും കല്‍പിക്കുന്നില്ലെന്നതിന്റെ സൂചനയാണ് എതിര്‍പ്പുകള്‍ക്കിടയിലും ഓരോ തവണയും തുടര്‍ന്നുകൊണ്ടിരിക്കുന്ന നരഹത്യകള്‍. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ചിലപ്പോള്‍ ക്വട്ടേഷന്‍ സംഘവുമാണ് ആയുധ നിര്‍മാണത്തിനും കൊലപാതകങ്ങള്‍ക്കും പിന്നില്‍. കേസന്വേഷണം നടക്കുമ്പോള്‍ ജയിലിലേക്ക് അയക്കാനായി വാടക പ്രതികളെ തയ്യാറാക്കുന്നതും ഇക്കൂട്ടരാണ്. സര്‍വകക്ഷി യോഗം നടന്ന ദിവസം തന്നെ, സി.പി.എം നേതാവ് പടുവിലായി മോഹനന്‍ വധക്കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസുകാരന്‍ സുബീഷ് പൊലീസിനോട് നടത്തിയതായി പറയുന്ന മൊഴിയില്‍ ഫസലിനെ വധിച്ചത് ആര്‍.എസ്.എസുകാരാണെന്ന് പറഞ്ഞതായാണ് വാര്‍ത്ത. സി.ബി.ഐ അന്വേഷിക്കുന്ന ഫസല്‍ വധക്കേസില്‍ സി.പി.എം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും പ്രതികളാണ്. രണ്ടു കൊലക്കേസില്‍ കൂടി ആര്‍.എസ്.എസിനെതിരെ സുബീഷ് മൊഴി നല്‍കിയിട്ടുണ്ടത്രെ.

മിക്ക കേസുകളിലും യഥാര്‍ഥ പ്രതികളെ പാര്‍ട്ടിക്കാര്‍ സംരക്ഷിക്കുകയാണ് പതിവ്. ഇവരെ പിന്നീട് കൊല്ലപ്പെട്ടവരുടെ കക്ഷിക്കാര്‍ കൊന്ന് അവരുടേതായ നിയമം നടപ്പാക്കുകയാണ് ചെയ്യാറ്. ഇതിന് അറുതി വരുത്തിയാലേ കൊലപാതകങ്ങള്‍ ശാശ്വതമായി നില്‍ക്കൂ. ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കുന്ന സാഹചര്യവും എന്തു വിലകൊടുത്തും ഒഴിവാക്കേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കണ്ണൂര്‍ വിഷയം പരസ്യമായി ഉന്നയിച്ചെങ്കിലും അതവസാനിപ്പിക്കാന്‍ അദ്ദേഹം ഒരു നടപടിയുമെടുക്കുകയുണ്ടായില്ല. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചെങ്കിലും അതും ഫലം കണ്ടില്ല. പാര്‍ട്ടി ഗ്രാമങ്ങളുടെയും പാര്‍ട്ടിയുടെയും സ്വയം പ്രഖ്യാപിത കോടതികളാണ് എതിരാളികള്‍ക്ക് വധ ശിക്ഷ വിധിക്കുന്നതെന്ന വൈചിത്ര്യവും ഇവിടെയാണ്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധത്തില്‍ നാമത് കണ്ടതാണ്.

കഴിഞ്ഞ മാസം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കുറച്ച് നിര്‍ദേശങ്ങള്‍ തയ്യാറാക്കി രാഷ്ട്രീയ കക്ഷികള്‍ക്ക് നല്‍കിയെങ്കിലും അദ്ദേഹത്തിനെതിരെ പരസ്യമായി നിലപാടെടുക്കുകയാണ് ഭരണ കക്ഷിയായ സി.പി.എമ്മിന്റെ ജില്ലാ നേതൃത്വം ചെയ്തത്. സമാധാനം പാലിച്ചാല്‍ തങ്ങള്‍ മോശക്കാരാകുമെന്ന മിഥ്യാധാരണയായിരുന്നു സി.പി.എം നേതൃത്വത്തിന്. പാടത്ത് പണിയെടുത്താല്‍ വരമ്പത്ത് കൂലി നല്‍കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രകോപനപരമായ പ്രസ്താവനയും എരിതീ കെടുത്തതിന് പകരം അതില്‍ എണ്ണയൊഴിക്കുന്നതായിപ്പോയി. ഉത്തരവാദിത്തപ്പെട്ട ഭരണകക്ഷിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു അത്തരമൊരു പ്രസ്താവന. അണികള്‍ക്ക് ആവേശം പകരാനാണത്രെ ഇത്തരം വാചകക്കസര്‍ത്തുകള്‍. തുടര്‍ച്ചയായ അക്രമങ്ങള്‍ കണ്ടും കേട്ടും ദേഹവും മനവും മരവിച്ച കുടുംബങ്ങളെയും പൊതു ജനങ്ങളെയും സംബന്ധിച്ച് ഇത്തരം വായാടിത്തങ്ങള്‍ ആ കക്ഷിയെക്കുറിച്ചും നേതാക്കളെക്കുറിച്ചും സൃഷ്ടിക്കുന്ന ബോധമെന്തെന്ന് ഇവര്‍ ചിന്തിക്കുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങളില്‍ കണ്ണൂര്‍ സംസ്ഥാനത്ത് ആറാം സ്ഥാനത്താണെന്ന കണക്കു നിരത്തി സ്വയം സമാധാനിക്കുകയായിരുന്നു മുഖ്യമന്ത്രി. തൊഴിലാളി ചൂഷണത്തിനതിരെ രക്തരൂക്ഷിത പോരാട്ടങ്ങളിലൂടെ വളര്‍ത്തിയെടുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമെന്ന നിലക്ക് കണ്ണൂരില്‍ ദുരഭിമാനം വെടിഞ്ഞ് സി.പി.എം സമാധാനത്തിന് സന്നദ്ധമാകുമെന്നുതന്നെയാണ് ജനം പ്രതീക്ഷിക്കുന്നത്. അതുണ്ടായാല്‍ അവര്‍ക്കുതന്നെയാണ് ഖ്യാതി. ആയുധം കൊണ്ട് എല്ലാം നേടിക്കളയാമെന്ന ചിന്ത ആര്‍.എസ്.എസും വെടിഞ്ഞേ തീരു. സമാധാനത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ കൊലപാതകത്തിന് അണിയറയില്‍ ഒരുക്കം നടത്തുന്ന ഇരട്ടമുഖം ഇനിയെങ്കിലും പാര്‍ട്ടികള്‍ വെടിയുമെന്ന് പ്രത്യാശിക്കാം. ഇനിയൊരമ്മക്കും മകന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാന്‍ ഇടവരരുത്.

chandrika: