X
    Categories: MoreViews

കങ്കാരുക്കളെ കടുവ പിടിച്ചു

 

ധാക്ക: കടലാസിലെ പുലികള്‍ കടുവകള്‍ക്കു മുന്നില്‍ വെറും എലികളായി. ടെസ്റ്റ് ക്രിക്കറ്റിലെ വമ്പന്‍മാരായ ഓസ്‌ട്രേലിയയെ ഞെട്ടിച്ചുകൊണ്ട് ടെസ്റ്റില്‍ ചരിത്രവിജയവുമായി ബംഗ്ലാദേശ്. ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ 20 റണ്‍സിന് വിജയിച്ചാണ് ബംഗ്ലാ കടുവകള്‍ ചരിത്രത്തില്‍ ഇടം നേടിയത്. അതേ സമയം നിലവാരമുള്ള സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കാന്‍ ഓസീ ബാറ്റ്‌സ്മാന്‍മാരുടെ കഴിവ് കേട് ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നതാണ് ബംഗ്ലാദേശിന്റെ വിജയം. 2014ല്‍ യു.എ.ഇയില്‍ പാകിസ്താനോടും കഴിഞ്ഞ വര്‍ഷം ശ്രീലങ്കയോടും, ഈ വര്‍ഷമാദ്യം ഇന്ത്യയോടും തോറ്റ ഓസീസിന് കനത്ത ആഘാതമാണ് ബംഗ്ലാദേശില്‍ നിന്നേറ്റ തോല്‍വി. ബംഗ്ലാദേശിന്റെ പത്താം ടെസ്റ്റ് വിജയമാണിത്. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് പടുത്തിയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് കടുവകളുടെ സ്പിന്നിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ഒന്നാം ദിനം മുതല്‍ സ്പിന്നര്‍മാരെ കൈയ്യയച്ച് സഹായിച്ച പിച്ചില്‍ കൃത്യതയോടെ പന്തെറിഞ്ഞ ബംഗ്ലാദേശ് 244 റണ്‍സിന് കങ്കാരുക്കളെ ഓള്‍ഔട്ടാക്കുകയായിരുന്നു. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള ബംഗ്ലാ താരം ഷാക്കിബുല്‍ ഹസനാണ് കങ്കാരുപ്പടയുടെ നട്ടെല്ല് തകര്‍ത്തത്. രണ്ട് വിക്കറ്റിന് 109 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം കളി പുനരാരംഭിച്ച ഓസീസ് ടീമിന് കരിയറിലെ 19-ാം ശതകം നേടിയ ഡേവിഡ് വാര്‍ണറുടെ ബാറ്റിങും രക്ഷക്കെത്തിയില്ല. തലേ ദിവസത്തെ സ്‌കോറിനൊപ്പം 49 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷമാണ് വാര്‍നര്‍-സ്മിത്ത് സഖ്യം പിരിഞ്ഞത്. സ്‌കോര്‍ 158ല്‍ നില്‍ക്കെ 112 റണ്‍സെടുത്ത വാര്‍നറെ ഷാക്കിബ് വിക്കറ്റിന് മുന്നില്‍ കുടുക്കി. 14 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ സ്മിത്തും (37) ഷാക്കിബിന് കീഴടങ്ങി. പിന്നീട് കണ്ടത് ബംഗ്ലാ ബൗളര്‍മാരുടെ വീര്യമായിരുന്നു. 33 റണ്‍സെടുത്ത് പുറത്താവാതെ നിന്ന പാറ്റ് കമ്മിന്‍സ് ഒഴികെ ഒരാള്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. അഞ്ചു വിക്കറ്റെടുത്ത ഷാക്കിബിന് പുറമെ തൈജുല്‍ ഇസ്്‌ലാം മൂന്നും, മെഹിദി ഹസന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റന്‍ സ്മിത്തിന്റേയും വാര്‍നറുടെയും വിക്കറ്റുകളടക്കം രണ്ട് ഇന്നിങ്‌സുകളിലായി പത്തുവിക്കറ്റ് വീഴ്ത്തിയ ഷാക്കിബുല്‍ ഹസനാണ് ബംഗ്ലാദേശിന്റെ വിജയശില്‍പ്പി. ആദ്യ ഇന്നിങ്‌സില്‍ 84 റണ്‍സും ഷാക്കിബ് നേടിയിരുന്നു. ഒന്നാം ഇന്നിങ്‌സിലെ അഞ്ചുവിക്കറ്റ് നേട്ടത്തിലൂടെ മറ്റൊരു നേട്ടവും ഷാക്കിബ് സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് കളിക്കുന്ന ഒമ്പത് രാജ്യങ്ങള്‍ക്കെതിരെയും അഞ്ചുവിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറായി ഷാക്കിബ് മാറി. ഡെയില്‍ സ്റ്റെയിന്‍, മുത്തയ്യ മുരളീധരന്‍, രംഗന ഹെരാത് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു താരങ്ങള്‍. ഒരു ടെസ്റ്റില്‍ പത്ത് വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ബംഗ്ലാദേശി ബൗളര്‍ കൂടിയാണ് ഷാക്കിബ്.
ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 260ന് മറുപടിയായി ഓസീസ് 217 റണ്‍സാണ് നേടിയിരുന്നത്. ഒന്നാം ഇന്നിങ്‌സില്‍ നേടിയ 43 റണ്‍സ് ലീഡിന്റെ പിന്‍ബലത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശ് 221 റണ്‍സിന് ഓള്‍ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണിന്റെ ബൗളിങാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ബംഗ്ലാദേശിന് വേണ്ടി തമീം ഇക്ബാല്‍ (78) രണ്ടാം ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. ചരിത്ര ജയം നേടിയതിന് പിന്നാലെ നാലിന് ചിറ്റഗോംഗില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് ആദ്യ ടെസ്റ്റില്‍ ജയിച്ച സംഘത്തെ ബംഗ്ലാദേശ് നിലനിര്‍ത്തിയിട്ടുണ്ട്.

chandrika: