ഇന്ത്യന്‍ സൈന്യം സെപ്തംബര്‍ 29ന് നടത്തിയ അതിര്‍ത്തി കടന്നുള്ള ‘സര്‍ജിക്കല്‍ സ്‌ട്രൈക്കി’നുശേഷം പാക്കിസ്താന്റെ ഭാഗത്തുനിന്ന് ഭീകരരിലൂടെ ഇതാ മറ്റൊരു ആക്രമണം കൂടി രാജ്യത്തിന് നേരിടേണ്ടി വന്നിരിക്കുന്നു. തുടര്‍ച്ചയായ സൈനിക ആക്രമണങ്ങളിലൂടെ രാജ്യം അരക്ഷിതാവസ്ഥക്ക് സമാനമായ അവസ്ഥയിലാണിപ്പോള്‍. പ്രത്യേകിച്ചും അതിര്‍ത്തി സംസ്ഥാനമായ ജമ്മു കശ്മീര്‍. ദേശ സ്‌നേഹവും രാജ്യസുരക്ഷയും തങ്ങളുടെ കുത്തകയാണെന്ന് അവകാശപ്പെടുകയും ഭരണത്തെ പിന്തുണക്കാത്തവരെല്ലാം രാജ്യ ദ്രോഹികളെന്ന് മുദ്ര കുത്തുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് രാജ്യം തുടരെത്തുടരെ ആക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നതെന്നത് വലിയ ഗൗരവമര്‍ഹിക്കുന്ന വിഷയമാണ്. പ്രതിപക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാളിലെ സൈനിക സാന്നിധ്യം കൂടിയാകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തീക്കൊള്ളി കൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്നു വേണം അനുമാനിക്കാന്‍. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്ര ശ്രമമെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറയുന്നത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ് മമത. കേന്ദ്ര നീക്കത്തില്‍ ഏറെ ദുരൂഹതകളുണ്ട്.
നവംബര്‍ 29ന് പുലര്‍ച്ചെ ജമ്മു അതിര്‍ത്തിയില്‍ നിന്ന് 15 കിലോ മീറ്റര്‍ അകലെയുള്ള നഗ്രോട്ട സൈനിക കേന്ദ്രത്തിലാണ് പാക് ഭീകരര്‍ സൈനിക വേഷം ധരിച്ചെത്തി രണ്ട് ഓഫീസര്‍മാരുള്‍പ്പെടെ ഏഴു പേരെ വകവരുത്തിയത്. പാക്കിസ്താന്റെ ഭാഗത്തു നിന്നുള്ള സൈനിക കേന്ദ്രത്തിലേക്കുള്ള ഈ വര്‍ഷത്തെ മൂന്നാമത്തെ ആക്രമണമാണിത്. ഈ വര്‍ഷം പുതു വര്‍ഷ ദിനത്തിലാണ് പഞ്ചാബിലെ പത്താന്‍കോട്ട് സൈനിക കേന്ദ്രത്തില്‍ പാക് ഭീകരര്‍ ആക്രമണം നടത്തി ഇത്രയും തന്നെ സൈനികരെ കൊലപ്പെടുത്തിയത്. ശേഷം സെപ്തംബര്‍ 18ന് പാക് അതിര്‍ത്തിയിലെ ഉറി സൈനിക കേന്ദ്രത്തില്‍ 19 സൈനികര്‍ വധിക്കപ്പെട്ടു. സൈനികര്‍ ഡ്യൂട്ടി മാറുന്ന സമയത്താണ് മൂന്ന് ആക്രമണവും നടന്നിട്ടുള്ളത്.
ജമ്മു അതിര്‍ത്തിയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് നഗ്രോട്ട. നിരവധി സൈനിക പരിശോധനകള്‍ കഴിഞ്ഞ് മാത്രമേ സൈനികനല്ലാത്ത ഒരാള്‍ക്ക് ഇവിടുത്തെ സൈനിക കേന്ദ്രത്തിലേക്ക് പ്രവേശിക്കാനാകൂ എന്നിരിക്കെയാണ് രണ്ടു ഭീകരര്‍ സൈനിക കേന്ദ്രത്തിലെ മെസ് കെട്ടിടത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തിയത്. രണ്ടു പേരെയും വധിച്ചെങ്കിലും സൈനിക ഓഫീസര്‍മാരുടെ കുടുംബാംഗങ്ങളെ ബന്ദികളാക്കുന്നതടക്കമുള്ള നീക്കത്തെ തടയിടാനായത് രണ്ടു സ്ത്രീകളുടെ സമയത്തുള്ള ഇടപെടല്‍ മൂലമായിരുന്നു. അല്ലെങ്കില്‍ അവര്‍ പോലും കൊല്ലപ്പെടുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതിര്‍ത്തിയില്‍ മാത്രമാണ് ഇരു രാജ്യങ്ങളും തമ്മില്‍ പോരാട്ടം നടത്തുന്നതെന്ന ധാരണകളെ കടത്തിവെട്ടുന്ന വിധമുള്ള സംഭവങ്ങളാണിപ്പോള്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നത്.
രാജ്യത്ത് ഈ വര്‍ഷം ഇതുവരെയായി എണ്‍പതിലധികം സൈനികര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. രണ്ടു വര്‍ഷത്തിനിടെ മാത്രമുള്ള സൈനികരുടെ നഷ്ടം ഇരുന്നൂറോളമാണ്. ‘നഗ്രോട്ട’യുടെ ദിവസം തന്നെ രണ്ടു സൈനികര്‍ ബംഗാളില്‍ സൈനിക കോപ്റ്റര്‍ തകര്‍ന്നും രക്തസാക്ഷികളാകുകയുണ്ടായി. ജൂലൈയില്‍ ഹിസ്ബ് കമാണ്ടര്‍ ബുര്‍ഹാന്‍ വാനി സൈന്യത്തിന്റെ വെടിയേറ്റു മരിച്ചതിനുശേഷം ആഭ്യന്തരമായും അന്തര്‍ദേശീയമായുമുള്ള ഇരുതല ആക്രമണമാണ് രാജ്യത്തിന് നേരിടേണ്ടിവരുന്നത്. ഉറി ആക്രമണം രാജ്യത്തിനാകെയും കേന്ദ്ര സര്‍ക്കാരിനും ഏല്‍പിച്ച അഭിമാന ക്ഷതം ചെറുതായിരുന്നില്ല. ഇതിനുശേഷമായിരുന്നു കൊട്ടിഘോഷിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്ക്്. ഇതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരോ സൈന്യമോ പൂര്‍ണമായി പുറത്തുവിട്ടില്ലെങ്കിലും ബി.ജെ.പി സര്‍ക്കാരിലെ മന്ത്രിമാരും നേതാക്കളും വീരവാദം പറഞ്ഞു നടക്കുകയായിരുന്നു നാട്ടിലാകെ. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി നേതാക്കളായ രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളുമൊക്കെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ന്യായീകരിച്ചത് ഉന്നതമായ ദേശീയബോധം കൊണ്ടായിരുന്നു. പാക്കിസ്താന്‍ ഭരിക്കുന്നത് ജനാധിപത്യ സര്‍ക്കാരല്ലെന്നും സൈന്യത്തിന്റെ കയ്യിലാണ് ആ രാജ്യമെന്നും അറിയാതെ വീരസ്യം പറഞ്ഞു നടക്കാതെ വേണ്ട മുന്‍കരുതലെടുത്തിരുന്നെങ്കില്‍ രാജ്യം വീണ്ടുമൊരു നാണക്കേടിലകപ്പെടില്ലായിരുന്നു.
പത്താന്‍കോട്ട് ആക്രമണത്തിനുശേഷം ഉന്നത സൈനിക മേധാവികള്‍ ചേര്‍ന്ന് തയ്യാറാക്കിയ പരിഹാര നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പ്രതിരോധ വകുപ്പിലെ ഉന്നതര്‍ കൂട്ടാക്കിയില്ലെന്നു കൂടിയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പുതുതായി നിയമിച്ച കേണല്‍ ജാവേദ്ബാജ്‌വ പാക് അധീനകശ്മീരിലും മറ്റും ഇന്ത്യയുമായി ഏറെ സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ്. ഇതു കണക്കിലെടുക്കുമ്പോള്‍ ബാജ്‌വ സ്ഥാനമേറ്റെടുത്തയുടന്‍ നടന്ന നഗ്രോട്ട ആക്രമണം പാക് സൈന്യത്തിന്റെ വീര്യമുയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതിനേക്കാളുപരി, സംഘ്പരിവാര്‍ വീരവാദങ്ങളുടെ പൊള്ളത്തരം വെളിച്ചത്താക്കുന്നതുകൂടിയായിപ്പോയി. പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ പോലും നഗ്രോട്ട സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല എന്നോര്‍ക്കണം. പാക്കിസ്താനുമായി ഇന്ത്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് 2003ലെ പാര്‍ലമെന്റ് ആക്രമണത്തെതുടര്‍ന്നാണ്. ഇതിനുശേഷം മുന്‍ പ്രധാനമന്ത്രിമാരായ വാജ്‌പേയിയും ജനറല്‍ മുഷറഫും തമ്മില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതടക്കമുള്ള സമാധാന നടപടികള്‍ കൈക്കൊള്ളുകയുണ്ടായി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങും ആ പാതയിലൂടെ തന്നെയാണ് ചലിച്ചതെങ്കിലും 2008ല്‍ മുംബൈ താജ്‌ഹോട്ടല്‍ ആക്രമണം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. ഒരുവസരത്തില്‍ മോദി തന്നെ നവാസ് ശരീഫിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ യാഥാര്‍ഥ്യം ഇതൊന്നുമായിരുന്നില്ലെന്നാണിപ്പോള്‍ വ്യക്തമാകുന്നത്. ഇന്ത്യയെ കശ്മീര്‍ വിഷയം ഉയര്‍ത്തി കുരുക്കിലാക്കുക എന്ന തന്ത്രമാണ് പാക്കിസ്താന്‍ നടപ്പിലാക്കുന്നത്. രാജ്യത്തെ വിഭജിക്കാന്‍ നാം ഒരുക്കമല്ല എന്നിരിക്കെ വെടിയൊച്ചകള്‍ക്കും കൂട്ടക്കൊലകള്‍ക്കുമപ്പുറം സമാധാന-ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കുകയാണ് പോംവഴി. പാക്കിസ്താനെ പ്രശംസിച്ചുകൊണ്ടുള്ള നിയുക്ത യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന പുതിയ ചൂണ്ടുപലകയാണ്. ഇടുങ്ങിയ കക്ഷിരാഷ്ട്രീയം കൊണ്ട് രാജ്യത്തെയും ജനതയെയും സംരക്ഷിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിയുകയാണ് കരണീയം.