പല്ലെക്കെലെ: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ശ്രീലങ്കക്ക് ജയം. 106 റണ്‍സിനാണ് കംഗാരുക്കളെ ശ്രീലങ്ക തോല്‍പിച്ചത്. 268 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റുചെയ്യാനിറങ്ങിയ ഓസ്ട്രേലിയക്ക് 161 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
സ്‌കോര്‍ ബോര്‍ഡ് ചുരുക്കത്തില്‍: ശ്രീലങ്ക: 117, 353. ഓസ്ട്രേലിയ: 203, 161.
രണ്ട് ഇന്നിങ്സിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ രംഗന ഹെരാത്ത് ആണ് കംഗാരുക്കളുടെ കഥ കഴിച്ചത്. സക്ഷണ്‍ സന്ദകന്‍ ഏഴ് വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിങ്സില്‍ 55 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍. ജോ ബേണ്‍സ് 29, മിച്ചല്‍ മാര്‍ഷ് 25 എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കയെ 117ന് പുറത്താക്കി ഓസ്ട്രേലിയ തുടങ്ങിയെങ്കിലും അതേനണയത്തില്‍ ലങ്കയും തിരിച്ചടിച്ചു.
ആദ്യ ഇന്നിങ്സില്‍ 203 റണ്‍സിന് പുറത്തായെങ്കിലും കംഗാരുക്കള്‍ 86 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ കുസാല്‍ മെന്‍ഡിസിന്റെ മികവില്‍ 353 റണ്‍സാണ് ലങ്ക പടുത്തുയര്‍ത്തിയത്. 86ന് നാല് എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്നാണ് ദിനേഷ് ചാന്ദിമലും മെന്‍ഡിസും ചേര്‍ന്ന് ടീമിനെ കരകയറ്റിയത്. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ അടിപതറുകയായിരുന്നു.