X

ഓസീ ധിംതരികിട തോം

ഹൊബാര്‍ട്ട്: കടലാസിലെ പുലികള്‍ കളത്തില്‍ എലികളായപ്പോള്‍ പ്രോട്ടീസ് വീണ്ടും കണക്കു തീര്‍ത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് നാണംകെട്ട തോല്‍വി. ഇന്നിംഗ്‌സിനും 80 റണ്‍സിനുമാണ് കംഗാരുപ്പട തോറ്റമ്പിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 121ന് രണ്ട് എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയ കേവലം 161 റണ്‍സിന് പുറത്താകുകയായിരുന്നു. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 85ന് പുറത്തായി 241 റണ്‍സ് ലീഡ് വഴങ്ങിയതിനെ തുടര്‍ന്ന് ഓസീസ് മാധ്യമങ്ങള്‍ ടീമിനെ ഒന്നടങ്കം വിമര്‍ശിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് നിര അമ്പേ പരാജയപ്പെട്ടതോടെ ഓസീസ് നായകന്‍ സ്മിത്തിനെതിരെ മുറവിളികള്‍ ഉയര്‍ന്നു കഴിഞ്ഞു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. സ്‌കോര്‍: ഓസ്‌ട്രേലിയ: 85, 161. ദക്ഷിണാഫ്രിക്ക: 326. രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ കെയ്ല്‍ ആബട്ടും നാല് വിക്കറ്റ് വീഴ്ത്തിയ റബാദയുമാണ് ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയെ തകര്‍ത്തു തരിപ്പണമാക്കിയത്.

23.1 ഓവറില്‍ 77 റണ്‍സ് വഴങ്ങിയാണ് ആബട്ട് ആറ് വിക്കറ്റ് വീഴ്ത്തിയത്. റബാദയാകട്ടെ 17 ഓവറില്‍ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. നാലാം ദിനം അവസാന എട്ട് വിക്കറ്റുകള്‍ കേവലം 32 റണ്‍സിനാണ് ഓസ്‌ട്രേലിയ നഷ്ടപ്പെടുത്തിയത്. ഓസ്‌ട്രേലിയക്കായി ഉസ്മാന്‍ ക്വാജ (64), ഡേവിഡ് വാര്‍ണര്‍ (45), ക്യാപ്റ്റന്‍ സ്മിത്ത് (31) എന്നീ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ രണ്ടക്കം കടന്നത്. മറ്റ് ഏഴു പേരുടെ സംഭാവന വോഗ്‌സ് (2), ബോണ്‍സ് (0), ഫെര്‍ഗ്യൂസണ്‍ (1) പീറ്റര്‍ നെവില്‍ (6) ജോ മെന്നി (0), മിച്ചല്‍ സ്റ്റാര്‍ക്ക് (0) നഥാന്‍ ലിയോണ്‍ (4) എന്നിങ്ങനെയായിരുന്നു. ജോഷ് ഹസില്‍വുഡ് ആറ് റണ്‍സുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്‌സില്‍ ഓസീസ് നിരയില്‍ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നിരുന്നത്.
നേരത്തെ ക്വിന്റണ്‍ ഡികോക്കിന്റെ (104)സെഞ്ച്വറിയുടെ സഹായത്തോടെ ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 326 റണ്‍സ് അടിച്ചെടുത്തിരുന്നു.

ഇരു ഇന്നിങ്‌സുകളിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ കെയ്ല്‍ ആബട്ടാണ് കളിയിലെ താരം. 2008ലും, 2012ലും ഓസ്‌ട്രേലിയയില്‍ പരമ്പര സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയന്‍ മണ്ണില്‍ നേടുന്ന തുടര്‍ച്ചയായ മൂന്നാം പരമ്പര നേട്ടമാണിത്. ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും മാത്രമാണ് ഇതിനു മുമ്പ് ഓസീസിനെതിരെ തുടര്‍ച്ചയായി മൂന്നൂ പരമ്പരകള്‍ സ്വന്തമാക്കിയിട്ടുള്ളത്. കങ്കാരുക്കള്‍ക്കെതിരെ ദക്ഷിണാഫ്രിക്ക നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ ജയമാണ് ഹൊബാര്‍ട്ടിലേത്. 1969-70ല്‍ ഡര്‍ബനില്‍ ഇന്നിങ്‌സിനും 129 റണ്‍സിനും ഓസീസിനെ പരാജയപ്പെടുത്തിയതാണ് റെക്കോര്‍ഡ്. ഇരു ഇന്നിങ്‌സുകളിലുമായി 16 ഓസീ ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ടാമത്തെ സംഭവമാണ്. 1912ലാണ് ഇതിനു മുമ്പ് ഇത്തരമൊരു നാണക്കേട് ഓസീസിന് സംഭവിച്ചത്. സ്വന്തം നാട്ടില്‍ ഇരു ഇന്നിങ്‌സുകളിലും കുറഞ്ഞ സ്‌കോര്‍ നേടുകയും 20 വിക്കറ്റ് നഷ്്ടപ്പെടുകയും ചെയ്ത ചരിത്രം 112 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഓസീസിനുണ്ടായത്.

chandrika: