X
    Categories: Culture

ഓണ്‍ലൈന്‍ പെണ്‍വാണിഭം: മൂന്നംഗ സംഘം പിടിയില്‍

കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ്‌സ്റ്റാന്റിന് സമീപമുള്ള കമ്മട്ടിപ്പാടത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിവന്ന മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ബാംഗ്ലൂരില്‍ നിന്നും പണം കൊടുത്ത് വാങ്ങി കടത്തിക്കൊണ്ടുവന്ന പെണ്‍കുട്ടിയെ ഉപയോഗിച്ചായിരുന്നു പെണ്‍വാണിഭം. പെണ്‍കുട്ടിയെ സംഘത്തിന്റെ പിടിയില്‍ നിന്നും പൊലീസ് മോചിപ്പിച്ചു. സംഘത്തിലെ പ്രധാനിയായ വൈറ്റില പൊന്നുരുന്നി ആനാതുരുത്തില്‍ അജി എന്ന ജോണി ജോസഫ്(42), ലോഡ്ജ് ഉടമകളായ കൊട്ടാരക്കര കിഴക്കേത്തെരുവ് തെങ്ങുവിളവീട്ടില്‍ റെജി(32), മൈനാഗപ്പിള്ളി കടപ്പലാല്‍ ഭവനില്‍ മനീഷ് ലാല്‍(27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൊച്ചി സിറ്റി ആന്റി ഹ്യുമന്‍ ട്രാഫിക്കിങ് ക്ലബ്ബ് അംഗങ്ങള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കല്‍ക്കട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ ബാംഗ്ലൂരില്‍ നിന്നാണ് പ്രതികള്‍ കടത്തിക്കൊണ്ടുവന്ന് പെണ്‍വാണിഭത്തിനായി ലോഡ്ജില്‍ താമസിപ്പിച്ചിരുന്നതെന്ന് ഐ ജി ശ്രീജിത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ചുദിവസത്തേക്ക് 25,000 രൂപ ഇടനിലക്കാരനു നല്‍കിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ചത്.അജിയാണ് പെണ്‍കുട്ടിയെ വാങ്ങിയത്. ജോലി തരപ്പെടുത്തി നല്‍കാമെന്നായിരുന്നു പ്രതികള്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. മുറിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍വാണിഭം നടന്നുവന്നിരുന്നതിന് നിരവധി തെളിവുകള്‍ ലഭിച്ചുവെന്നും ഐ ജി ശ്രീജിത് പറഞ്ഞു. അരലക്ഷത്തോളം രൂപ പ്രതികളില്‍ നിന്നും പോലിസ് പിടിച്ചെടുത്തു. ഓണ്‍ലൈന്‍ വഴിയാണ് പ്രതികള്‍ ഇടപാടുകാരെ ലോഡ്ജിലേക്ക് എത്തിച്ചിരുന്നത്. ഇടപാടുകാരില്‍ നിന്നും വന്‍ തുക കൈപ്പറ്റിയിരുന്നതായി പ്രതികള്‍ സമ്മതിച്ചതായും പോലീസ് പറഞ്ഞു.

കൂടുതല്‍ പെണ്‍കുട്ടികള്‍ പ്രതികളുടെ വലയില്‍ അകപ്പെട്ടിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും സംഘത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും ഐ ജി പറഞ്ഞു. ലൊക്കാന്റോ എന്ന വെബ്‌സൈറ്റില്‍ കൊടുത്തിരുന്ന നമ്പരില്‍നിന്നാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. പെണ്‍കുട്ടിയെ പ്രതി അജിക്ക് നല്‍കിയ ഇടനിലക്കാരനെ പിടികൂടുന്നതിനായി അന്വേഷണസംഘം ബംഗലൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കൊച്ചി റെയ്ഞ്ച് ഐജി ശ്രീജിത്ത് ഐപിഎസിന്റെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ എം പി ദിനേശ് ഐപിഎസ്, ഡിസിപി ഡോ. അരുള്‍ ആര്‍ ബി കൃഷ്ണ, എറണാകുളം അസി.പൊലിസ് കമ്മിഷണര്‍ കെ ലാല്‍ജി എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊച്ചി സിറ്റി ഷാഡോ പൊലിസും സെന്‍ട്രല്‍ സിഐ അനന്തലാല്‍, കടവന്ത്ര എസ്‌ഐ സജീവ്, വനിതാ എസ്‌ഐ ട്രീസ എന്നിവര്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

ഷാഡോ പൊലീസ് അംഗങ്ങളായ വിനോദ്, വേണു, ആന്റണി, സാനു, വാവ, യൂസഫ്, ഷൈമോന്‍ എന്നിവരും കടവന്ത്ര പൊലീസ് സ്‌റ്റേഷനിലെ എഎസ് ഐ ഗോപി, എസ് സിപിഒ സന്തോഷ്, അനില്‍കുമാര്‍, ഷാജി, ഡബ്ല്യു സിപിഒ പ്രവീണ, എഎസ്‌ഐ ഉണ്ണികൃഷ്ണന്‍ എന്നിവരും പ്രതികളെ പിടിക്കാന്‍ നേതൃത്വം നല്‍കി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Web Desk: