പ്രമുഖ പൊതുമേഖലാ എണ്ണ ഉത്പാദക കമ്പനിയായ ഒ.എന്‍. ജിസിയുടെ പ്രകൃതി വാതകം ഊറ്റിയെടുത്തതിന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 10311.76 കോടി രൂപ (1.55 ബില്യന്‍ ഡോളര്‍) പിഴ. കേന്ദ്ര പെട്രോൡയം മന്ത്രാലയമാണ് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ട് റിലയന്‍സിന് നോട്ടീസയച്ചത്. ബംഗാള്‍ ഉള്‍ക്കടലിലെ കൃഷ്ണ ഗോദാവരി തടത്തിലെ (കെ.ജി ബേസിന്‍) ഒ.എന്‍.ജി.സി ഉടമസ്ഥതയിലുള്ള പ്രകൃതി വാതകപ്പാടത്തു നിന്ന് ഏഴു വര്‍ഷമായി റിലയന്‍സ് പ്രകൃതി വാതകം ഊറ്റുന്നു എന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് അന്വേഷിച്ച ജസ്റ്റിസ് എ.പി ഷാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്താനുള്ള തീരുമാനം. നോട്ടീസിന് മറുപടി നല്‍കാന്‍ റിലയന്‍സിന് ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ഒ.എന്‍.ജി.സിയുടെ പാടത്തിനടുത്തുള്ള സ്രോതസ്സ് ഉപയോഗിച്ച് റിലയന്‍സ് 11.22 ദശലക്ഷം ക്യൂബിക് മീറ്റര്‍ വാതകം ഊറ്റിയെന്നായിരുന്നു പരാതി. 2009 ഏപ്രില്‍ ഒന്നിനും 2016 മാര്‍ച്ച് 31നുമിടയിലായിരുന്നു വാതകം ചോര്‍ത്തിയത്. ചോര്‍ത്തല്‍ പുറത്തായതോടെ സര്‍ക്കാര്‍ പഠന കമ്മീഷനെ നിയോഗിക്കുകയായിരുന്നു. റിലയന്‍സ് നല്‍കുന്ന നഷ്ടപരിഹാരം ഒ.എന്‍.ജി.സിക്കല്ല, കേന്ദ്രസര്‍ക്കാറിനാണെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, വാര്‍ത്ത പുറത്തുവന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍ 1.6 ശതമാനം ഇടിവു രേഖപ്പെടുത്തി.