കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഒന്‍പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു. നാളെ രാവിലെ പത്തുമണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് വിട്ടയച്ചിരിക്കുന്നത്. എന്‍ഐഎ ദക്ഷിണേന്ത്യാ മേധാവി കെ.ബി. വന്ദന ഐപിഎസിന്റെ നേതൃത്തിലുള്ള സംഘമാണ് ഇദ്ദേഹത്തെ നീണ്ട മണിക്കൂറുകള്‍ ചോദ്യം ചെയ്തത്.
വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു എന്‍ഐഎ ദക്ഷിണേന്ത്യാ മേധാവി ചോദ്യം ചെയ്യാന്‍ ഹാജരായത്. രാവിലെ പത്തു മണിക്കു തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് ഏഴുമണി വരെ നീണ്ടു. തിരുവനന്തപുരത്ത് വച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍ഐഎയുടെ പ്രധാന ശ്രമം. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കാതെ സ്വന്തം വാഹനത്തില്‍ കൊച്ചിയിലെത്തിയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിനു ഹാജരായത്.