ഡല്‍ഹി: സത്യം-പുത്തന്‍ നായകന്‍ ശ്രേയാംസ് അയ്യരില്‍ നിന്നും കപ്പിത്താന്‍ പദവിയിലെ ആദ്യ മല്‍സരത്തില്‍ തന്നെ ഇത്തരത്തിലൊരു വെടിക്കെട്ട് ടീമിന്റെ ടെക്‌നിക്കല്‍ തലവനായ റിക്കി പോണ്ടിംഗ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അമ്മമ്മോ-സിക്‌സറുകളുടെ മാലപ്പടക്കത്തില്‍ ഗ്യാലറി തന്നെ തരിച്ചിരുന്നു. അവസാന ഓവറില്‍ മാത്രം പിറന്നത് നാല് സിക്‌സറുകളാണ്. ടീം നേടിയത് നാല് വിക്കറ്റിന് 219 റണ്‍സ്. എളുപ്പത്തില്‍ ടീം ജയിക്കുകയും ചെയ്തു. ആറ് മല്‍സരങ്ങളില്‍ ടീമിനെ നയിക്കുകയും അതിലൊന്നില്‍ മാത്രം ജയിക്കുകയും ചെയ്ത ഗൗതം ഗാംഭീര്‍ ഇന്നലെ കളിച്ചില്ല. പ്രതിയോഗികള്‍ തന്റെ മുന്‍ ടീമായതിനാലും പുതിയ താരങ്ങള്‍ക്ക് അവസരമാവട്ടെ എന്ന് കരുതിയുമാണ് ഗാംഭീര്‍ മാറിയത്. കോളിന്‍ മണ്‍റോക്കും ആദ്യ സംഘത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. പകരം ഡാന്‍ കൃസ്റ്റ്യന്‍ വന്നപ്പോള്‍ കൊല്‍ക്കത്താ സംഘത്തിലേക്ക് ടോം കുറാന് പകരം മിച്ചല്‍ ജോണ്‍സണ്‍ വന്നു.
ഇനി നടക്കാനുള്ള എട്ട് മല്‍സരങ്ങളില്‍ ഏഴില്ലെങ്കിലും ജയിച്ചാല്‍ മാത്രമേ സാധ്യതയുള്ളു എന്ന് മനസ്സിലാക്കി തന്നെയായിരുന്നു സ്വന്തം മൈതാനത്ത് ഡല്‍ഹിക്കാരുടെ മുന്നേറ്റം. പ്രിഥി ഷാ എന്ന അണ്ടര്‍ 19 നായകന്‍ വെടിക്കെട്ടിന് തുടക്കമിട്ടു. മണ്‍റോയായിരുന്നു കൂട്ട്. ആദ്യ വിക്കറ്റ് സഖ്യം 54 വരെയെത്തി. പ്രിഥി തകര്‍പ്പന്‍ ഫോമിലായിരുന്നു. രണ്ട് സിക്‌സറുകളും നാല് ബൗണ്ടറികളും നിറം പകര്‍ന്ന ഇന്നിംഗ്‌സ്. 62 റണ്‍സാണ് യുവതാരം നേടിയത്. മൂന്നാമനായാണ് പുതിയ നായകന്‍ ശ്രേയാംസ് വന്നത്. നിലുറപ്പിക്കാനൊന്നും അദ്ദേഹം സമയമെടുത്തില്ല. ടീമിന്റെ അവസ്ഥ മാനിച്ച് കൊണ്ട് തകര്‍പ്പനടികളായിരുന്നു. പത്ത് പടുകൂറ്റന്‍ സിക്‌സറുകളാണ് ആ ബാറ്റില്‍ നിന്നും പിറന്നത്. ബൗണ്ടറികള്‍ മൂന്ന് മാത്രം. നാല്‍പ്പത് പന്തില്‍ പുറത്താവാതെ 93 റണ്‍സ്. എല്ലാ ബൗളര്‍മാരും കാര്യമായി അടി വാങ്ങി. യുവ സീമര്‍ ശിവം മാവിയെയാണ് ഡല്‍ഹി ക്യാപ്റ്റന്‍ കാര്യമായി ആക്രമിച്ചത്. നാല് ഓവറില്‍ 58 റണ്‍സ്. ഗ്ലെന്‍ മാക്‌സ്‌വെല്‍ 27 റണ്‍സ് നേടി.
മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്തക്ക് തുടക്കം മുതല്‍ തിരിച്ചടിയേറ്റു. വലിയ സ്‌ക്കോര്‍ പിന്തുടരേണ്ട ബാധ്യതയില്‍ ക്രിസ് ലിന്‍ അഞ്ച് റണ്‍സുമായി പുറത്തായി. കൂറ്റനടിക്കാരന്‍ സുനില്‍ നരേന്‍ മൂന്ന് സിക്‌സറുകള്‍ പായിച്ച് അപകടസൂചന നല്‍കിയെങ്കിലും 26 ല്‍ മടങ്ങി. റോബിന്‍ ഉത്തപ്പക്ക് ഒരു റണ്‍ മാത്രമാണ് ലഭിച്ചത്. റാണ എട്ടിനും നായകന്‍ ദിനേശ് കാര്‍ത്തിക് 18 നും പുറത്തായതോടെ ചിത്രം വ്യക്തമായി. പക്ഷേ വിന്‍ഡീസുകാരന്‍ ആന്ദ്രെ റസല്‍ പതിവ് പോലെ ഞെട്ടിക്കല്‍ പ്രകടനം നടത്തി. അതിവേഗം അര്‍ധ സെഞ്ച്വറി നേടിയ താരത്തെ പിന്തുണക്കാന്‍ പക്ഷേ മറ്റാരുമുണ്ടായിരുന്നില്ല.