X
    Categories: CultureMore

ഐ.ഒ.സി കേരളത്തില്‍ 5400 കോടി രൂപയുടെ നിക്ഷേപം നടത്തും

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കേരളത്തില്‍ 5400 കോടി രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതായി ഐഒസി വൃത്തങ്ങള്‍ അറിയിച്ചു. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ പുതുവൈപ്പ് സെസില്‍ നിര്‍മിക്കുന്ന ആറു ലക്ഷം മെട്രിക് ടണ്‍ ശേഷിയുള്ള എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനലാണ് ഇതില്‍ പ്രധാനം. ഐഒസിയുടെ കൊച്ചി എല്‍പിജി പ്ലാന്റ് വഴിയുള്ള, ജെട്ടി-കൊച്ചി റിഫൈനറി പൈപ്പ്‌ലൈനും ഇതില്‍ ഉള്‍പ്പെടുന്നു. കൊച്ചി-സേലം പൈപ്പ്‌ലൈനുമായി ഇത് ബന്ധിപ്പിക്കപ്പെടും. ബിപിസിഎല്‍ പാലക്കാട് നിര്‍മിക്കുന്ന എല്‍പിജി ടെര്‍മിനല്‍ ഈ പ്രോജക്ടില്‍ ഉള്‍പ്പെടും. പൈപ്പ്‌ലൈന്‍ ഐഒസിഎല്‍-ബിപിസിഎല്‍ സംയുക്ത സംരംഭമാണ്. പ്രോജക്ടിന്റെ മൊത്തം ചെലവ് 2200 കോടി രൂപയാണ്.

2020-ഓടെ പാചകവാതക ഇറക്കുമതി വര്‍ധിപ്പിക്കേണ്ടിവരും. 23 പുതിയ ബോട്ടിലിങ് പ്ലാന്റ് ഉള്‍പ്പെടെ എല്‍പിജി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഐഒസി. കൊച്ചിയിലെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍, ബിപിസിഎല്ലുമായി ചേര്‍ന്നുള്ള കൊച്ചി-സേലം പൈപ്പ്‌ലൈന്‍, മുണ്‍ട്രാ-ഗോരക്പൂര്‍ എല്‍പിജി പൈപ്പ്‌ലൈന്‍ എന്നിവ ഇതിന്റെ ഭാഗമാണ്. കൊച്ചിയിലെ എല്‍പിജി ഇറക്കുമതി ടെര്‍മിനലും പൈപ്പ്‌ലൈനും പാചകവാതക നീക്കം സുഗമവും സുരക്ഷിതവുമാക്കും. പൈപ്പ്‌ലൈന്‍ വഴിയുള്ള പാചകവാതക നീക്കം റോഡു വഴിയുള്ള 500 ബുള്ളറ്റ് ടാങ്കറുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം 150 കോടി രൂപയുടെ അധിക നികുതി വരുമാനവുമാണ് ഉണ്ടാവുക. 300 പേര്‍ക്ക് തൊഴിലവസരങ്ങളും ലഭ്യമാണ്.

എല്‍പിജി ഇറക്കുമതി ടെര്‍മിനലിന് പരിസ്ഥിതി ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ എല്‍പിജിയുടെ ഏറ്റവും സുരക്ഷിത സ്റ്റോറേജ് സംവിധാനമായ മൗണ്ടഡ് ബുള്ളറ്റാണ് സ്റ്റോറേജിന് ഉപയോഗിക്കുക. ടാങ്കുകള്‍ക്ക് ചുറ്റും റീ-ഇന്‍ഫോഴ്‌സ്ഡ് സിമന്റ് കോണ്‍ക്രീറ്റ് ഭിത്തികള്‍ ഉണ്ടായിരിക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: