കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇരുമ്പനം പ്ലാന്റില്‍ തൊഴിലാളികളും ലോറി ഉടമകളും ആരംഭിച്ച പണിമുടക്ക് മൂന്നാം ദിനത്തിലേക്ക്. സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമായി. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്(എകെഎഫ്പിടി)ഇന്നലെ കമ്പനിയിലേക്ക് മാര്‍ച്ച് നടത്തി. തൊഴിലാളികളുമായി സംസ്ഥാന പ്രസിഡന്റ് തോമസ് വൈദ്യന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രതിസന്ധി അയഞ്ഞില്ല.
തുടര്‍ന്ന് മുഴുവന്‍ ഡീലര്‍മാരെയും പങ്കെടുപ്പിച്ച് പ്രത്യേക ജനറല്‍ ബോഡി ചേര്‍ന്നു. സമരത്തില്‍ നിന്നും തൊഴിലാളികളും ലോറി ഉടമകളും പിന്‍മാറണമെന്നാവശ്യപ്പെട്ട് യോഗം പ്രമേയം പാസാക്കി. ഇന്നുമുതല്‍ സംസ്ഥാനത്തെ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പിന്‍വലിച്ചു. എന്നാല്‍ പുതിയ സ്റ്റോക്ക് എടുക്കേണ്ടെന്നാണ് തീരുമാനം. ഇതോടെ നിലവിലെ സ്‌റ്റോക്ക് തീരുന്ന മുറക്ക് പമ്പുകള്‍ അടയും. ഇന്നലെ തന്നെ പല ഭാഗങ്ങളിലും പമ്പുകള്‍ അടഞ്ഞുതുടങ്ങി.