X

ഐ.എസ്.ആല്‍ ആദ്യസെമി ഒന്നാം പാദം ഇന്ന് കൊല്‍ക്കത്തയില്‍: മുംബൈ / കൊല്‍ക്കത്ത

കൊല്‍ക്കത്ത : ആരവങ്ങള്‍ സെമിയിലേക്ക്…. ഇനി അഞ്ചേ അഞ്ച് അങ്കങ്ങള്‍-അതിലറിയാം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പുത്തന്‍ ജേതാവിനെ. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഒന്നാം സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ രബീന്ദ്ര സരോബര്‍ സ്‌റ്റേഡിയത്തില്‍ ആതിഥേയരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇന്ന് മുംബൈ സിറ്റി എഫ്.സിയെ നേരിടുന്നു. ഇരുപാദ സെമി മല്‍സരമായതിനാല്‍ ഇന്ന് തോറ്റാലും പേടിക്കാനില്ലെന്ന വിശ്വാസമുണ്ട് ടീമുകള്‍ക്ക്. പക്ഷേ ഹോം മല്‍സരമെന്ന ആനുകൂല്യത്തെ പ്രയോജനപ്പെടുത്താനായാല്‍ മേല്‍കൈ നേടാം. ഇയാന്‍ ഹ്യും, ഹെക്ടര്‍ പോസ്റ്റിഗ, അര്‍ണാബ് മണ്ഡല്‍ തുടങ്ങിയവര്‍ക്കെതിരെ ഡിയാഗോ ഫോര്‍ലാനും ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുമെല്ലാം ഇറങ്ങുമ്പോള്‍ പോരാട്ടം കേമമാവും. സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ തിണ്ണമിടുക്ക് പ്രയോജനപ്പെടുത്തി ആദ്യ പാദത്തില്‍ നേട്ടം ഉണ്ടാക്കാനാകും കൊല്‍ക്കത്തയുടെ ശ്രമം. ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയ കഴിഞ്ഞ അഞ്ച് മത്സരങ്ങള്‍ എടുത്താല്‍ മുംബൈ സിറ്റിക്കാണ് മുന്‍ത്തൂക്കം . മൂന്നു തവണ മുംബൈ ജയിച്ചു. കൊല്‍ക്കത്ത ഒരു തവണയും. ഒരു മത്സരം സമനിലയിലും കലാശിച്ചു. ഈ സീസണില്‍ കൊല്‍ക്കത്തയില്‍ നടന്ന ലീഗ് റൗണ്ടിലെ രണ്ടാം പാദത്തില്‍ ഡീയാഗോ ഫോര്‍ലാന്റ ഏക ഗോളിനു മുംബൈ സിറ്റി ജയിച്ചിരുന്നു. മുംബൈയില്‍ നടന്ന ആദ്യ പാദം 1-1നു സമനിലയിലും കലാശിച്ചു. മുംബൈയ്ക്കു വേണ്ടി ഡെ ഫെഡറിക്കോ യും കൊല്‍ക്കത്തയ്ക്കുവേണ്ടി ഹാവി ലാറയുമാണ് ഗോള്‍ നേടിയത്. സെമിഫൈനലില്‍ ആദ്യം ഗോള്‍ അടിക്കുന്നതു നിര്‍ണായകമാകും. കഴിഞ്ഞ 16 മത്സരങ്ങളില്‍ എട്ടുതവണയും ആദ്യം ഗോള്‍ അടിച്ച ടീമിനായിരുന്നു ജയം. മുംബൈ സിറ്റി ആദ്യം ഗോള്‍ നേടിയ ആറ് മത്സരങ്ങളിലും തോറ്റിട്ടില്ല. മറുവശത്ത് എടികെ ലീഡ് വഴങ്ങിയ ഒരു മത്സരത്തില്‍ ജയിച്ചു. ലീഗ് മത്സരങ്ങളില്‍ മുംബൈ സിറ്റിക്കെതിരെ മെച്ചപ്പെട്ട കളി പുറത്തെടുക്കാന്‍ കഴിഞ്ഞതായി കൊല്‍ക്കത്തയുടെ പരിശീലകന്‍ ഹോസെ മൊളിനൊ പറഞ്ഞു. മുംബൈയുടെ പ്രധാന കരുത്ത് അവരുടെ സ്‌ട്രൈക്കര്‍മാരാണ്. ഈ സ്‌ട്രൈക്കര്‍മാരെ പൂട്ടിയിടാന്‍ തക്ക കരുത്താര്‍ജ്ജിച്ച പ്രതിരോധമാണ് കൊല്‍ക്കത്തയുടേതെന്നും എന്നാല്‍ ഗോള്‍ നേടുക എന്ന വലിയ ജോലിയാണ് കൊല്‍ക്കത്തയുടെ മുന്നിലുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഹോം ഗ്രൗണ്ടിലെ മത്സരം മറ്റുടീമുകള്‍ക്കു അനുഗ്രഹം ആകുമ്പോള്‍ കൊല്‍ക്കത്തയുടെ കാര്യം നേരെ മറിച്ചാണ്. സ്വന്തം ഗ്രൗണ്ടിലാണ് കൊല്‍ക്കത്തയുടെ ഏറ്റവും മോശം പ്രകടനം.ഹോം ഗ്രൗണ്ടിലെ ഏഴ് മത്സരങ്ങളില്‍ ജയിച്ചത് ഒരു മത്സരം മാത്രം. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സമനില പിടിച്ച ടീമും കൊല്‍ക്കത്തയാണ്. എട്ടു മത്സരങ്ങളിലാണ് കൊല്‍ക്കത്ത സമനില വഴങ്ങിക്കൊടുത്തത്. കൊല്‍ക്കത്ത ഒരിക്കലും സമനിലകള്‍ക്കു വേണ്ടി കളിക്കുകയായിരുന്നില്ല. മറിച്ച് എല്ലാ മത്സരവും ജയിക്കാന്‍ വേണ്ടിയാണ് കളിച്ചത്. ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമനില കൊണ്ടു തൃപ്തിപ്പെടേണ്ട നിലയിലായി. തോല്‍വി ഒഴിവാക്കുന്നതിനാണ് ഈ സമനിലകള്‍ക്കു വഴങ്ങേണ്ടി വന്നതെന്നും കോച്ച് വിശദീകരിച്ചു.
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിയും നാലാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം ലീഗ് റൗണ്ടിന്റ ആവര്‍ത്തനം ആയിരിക്കുമെന്നു ഒരിക്കലും മൊളിനോ പ്രതീക്ഷിക്കുന്നില്ല. മുംബൈ ആദ്യ സ്ഥാനക്കാരായതിനാല്‍ ഈ മത്സരത്തിലെ ഫേവറേറ്റ് ടീം മുംബൈ ആകുമെന്ന ധാരണ തിരുത്തുമെന്നുറച്ചാണ് അദ്ദേഹം ടീമിനെ ഒരുക്കിയിരിക്കുന്നത്. പോയിന്റ് പട്ടികയിലെ നാലാം സ്ഥാനത്തിനു ഈ മത്സരത്തില്‍ പ്രസക്തി ഇല്ലെന്ന്് മൊളിനൊ തറപ്പിച്ചു പറയുന്നു. എന്നാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരയായതിന്റെ മുന്‍തൂക്കം തങ്ങളുടെ ടീമിനുണ്ടെന്നു മുംബൈ കോച്ച് അലക്‌സാന്ദ്രെ ഗുയിമെറസ് വിശ്വസിക്കുന്നു. ഈ സീസണില്‍ സന്ദര്‍ശക ടീമുകള്‍ക്കു കൊല്‍ക്കത്തയില്‍ മുന്‍തൂക്കം നേടാന്‍ കഴിഞ്ഞിരുന്നു എന്ന യാഥാര്‍ത്ഥ്യം മാറ്റിവെച്ചു കൊണ്ട് ഇതൊരു വ്യത്യസ്ത മത്സരമായിരിക്കുമെന്ന് ഗുയിമെറസ് പറഞ്ഞു
മുംബൈ ആദ്യമായാണ് സെമിഫൈനലില്‍ എത്തുന്നത്. എന്നാല്‍ ,കൊല്‍ക്കത്ത കഴിഞ്ഞ രണ്ടു തവണയും സെമിഫൈനലില്‍ കളിച്ചു. അതുകൊണ്ട് മുംബൈ ടീം ആദ്യ സെമിഫൈനിലിന്റെ ആകാംക്ഷയിലും ഉദ്വേഗത്തിലാണ് . ടൂര്‍ണമെന്റിലുടനീളം കാണിച്ച അതേ മികവ് ഒട്ടും നഷ്ടപ്പെടാതെ തന്നെ സെമിഫൈനലിലും പുറത്തെടുക്കും, മുംബൈ സിറ്റിയെപ്പോലെ തന്നെ വളരെ ആക്രമിച്ചു കളിക്കുന്ന ടീമാണ് കൊല്‍ക്കത്തയും . അതേപോലെ ദ്വിപാദ സെമിഫൈനലിന്റെ ഫലം തീരുമാനിക്കുന്നത് മുംബൈയിലാണെന്നതും ഗുയിമെറസ് ചൂണ്ടിക്കാട്ടി.
ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയ ടീമാണ് മുംബൈ സിറ്റി. എട്ട് ഗോളുകള്‍.അതേപോലെ മറ്റേതു ടീമിനെയും കൊതിപ്പിക്കുന്ന ആക്രമണനിരയാണ് മുംബൈ സിറ്റിയുടേത്.
ഈ പരമ്പരയിലൂട നീളം ഏറ്റവും സ്ഥിരത പുലര്‍ത്തിയ ടീമും മുംബൈ സിറ്റിയാണ്. കളിക്കാര്‍ക്കിടയില്‍ ആത്മവിശ്വാസവും ഇതിലൂടെ നല്‍ക്കാനായി. അതെല്ലം തന്നെ അനുകൂലമായ പരിസ്ഥിതിയിലും, പ്രതികൂല പരിസ്ഥിതിയിലും ടീമിനു ഒരേപോലെ മാനസിക കരുത്തോടെ കാര്യങ്ങളെ നേരിടാന്‍ കഴിയുന്നു. ഗ്രൗണ്ടില്‍ പോരിനിറങ്ങുമ്പോള്‍ വേര്‍പിരിയാതെ ഒന്നുചേര്‍ന്നു നില്‍ക്കുവാനും കഴിയുന്നു. ടീമിന്റെ ഇളക്കം തട്ടാത്ത ആത്മവിശ്വാസം മറ്റു ഒരു ടീമിനും ഇല്ലാത്ത വ്യക്തിത്വം ആണെന്നും ഈ തിരിച്ചറിവാണ് ടീമിനെ മുന്നോട്ടു നയിക്കുന്നതെന്നും കോച്ച് ഗുയിമെറസ് പറഞ്ഞു. മല്‍സരത്തിന്റെ തല്‍സമയം സംപ്രേഷണം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ വൈകീട്ട് 6-50 മുതല്‍ ആരംഭിക്കും. മലയാള വിവരണത്തിന് ഏഷ്യാനെറ്റ് മുവീസ്.

chandrika: