ദോഹ: എഴുപതാം മിനുട്ടില്‍ ഹമാദി അഹമ്മദ് എന്ന ഇറാഖിന്റെ പത്താം നമ്പറുകാരന്‍ രണ്ട് ഡിഫന്‍ഡര്‍മാരെ പിറകിലാക്കി പെനാല്‍ട്ടി ബോക്‌സിലേക്ക് കുതിച്ചു കയറി തൊടുത്ത ഷോട്ടില്‍ എല്ലാമുണ്ടായിരുന്നു… ദോഹ സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് ഇറാഖികള്‍ അലറി വിളിച്ചു-വിട്ടു കൊടുക്കരുത്…! ശേഷിക്കുന്ന ഇരുപത് മിനുട്ടില്‍ ഹമാദിയും സംഘവും തല താഴ്ത്തിയില്ല. മുന്‍നിരക്കാര്‍ പിന്‍നിരക്കാരെ സഹായിച്ച് നടത്തിയ രക്ഷാ ദൗത്യത്തില്‍ ബാഗ്ദാദിലെ എയര്‍ ഫോഴ്‌സ് ക്ലബിന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ചാമ്പ്യന്‍സ് കപ്പ്. ഐ ലീഗ് ചാമ്പ്യന്മാരായ ബംഗ്ലൂരു എഫ്.സി പൊരുതിയാണ് കളിച്ചത്. പക്ഷേ ആ എഴുപതാം മിനുട്ടില്‍ അവര്‍ മാത്രമല്ല ഗ്യാലറിയും നിശബ്ദമായി.
സുനില്‍ ചേത്രിക്കും സംഘത്തിനും നിറഞ്ഞ പിന്തുണുമായി പ്രവാസി ലോകം ഒഴുകിയെത്തിയിരുന്നു ദോഹ സ്‌റ്റേഡിയത്തിലേക്ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈസ്റ്റ് ബംഗാള്‍ ആസിയാന്‍ കപ്പ് സ്വന്തമാക്കിയതിന് ശേഷം ഒരു ഇന്ത്യന്‍ ടീം വന്‍കരാ ക്ലബ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തില്‍ കളിക്കുമ്പോള്‍, അതിന് സാക്ഷ്യം വഹിക്കാന്‍, ടീമിന് കരുത്ത് പകരാന്‍ എത്തിയവര്‍ ഗോള്‍ പിറക്കുന്ന എഴുപത് മിനുട്ട് വരെ ലൈവായിരുന്നു. പക്ഷേ ഹമാദിയുടെ ഗോള്‍ എല്ലാവരെയും നിശബ്ദരാക്കി.
ഇന്ത്യന്‍ നായകനായ ഛേത്രി മൈതാനം നിറഞ്ഞ് കളിച്ചു. മൂന്ന് തവണ ഡല്‍ഹിക്കാരന്‍ ഗോളിന് അരികിലെത്തിയ പക്ഷേ ഇറാഖി ഡിഫന്‍സ് ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് സ്വാതന്ത്രം അനുവദിച്ചതേയില്ല. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലും ചേത്രിയുടെ മിന്നല്‍ റെയ്ഡിലായിരുന്നു ബംഗ്ലൂരുവിന്റെ മുന്നേറ്റം. മലയാളിയായ സി.കെ വിനീത് മുന്‍നിരയില്‍ കളിച്ചെങ്കിലും മെച്ചപ്പെട്ട നീക്കങ്ങള്‍ കണ്ടില്ല. അവസാന മിനുട്ടില്‍ വിനീതിന് സമനിലക്കായി സുവര്‍ണാവസരം ലഭിച്ചിരുന്നു. പക്ഷേ പന്തിനെ വലയിലേക്ക് തിരിച്ചുവിടാന്‍ വിനീതിനായില്ല. ഇതാദ്യമായാണ് ഒരു ഇറാഖി ക്ലബ് ഏ.എഫ്.സി കപ്പില്‍ കിരീടം സ്വന്തമാക്കുന്നത്.