ന്യൂഡല്‍ഹി: ഉല്‍പാദനം ഏഴു കോടി തികച്ച രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മാതാവായ ഹീറോ മോട്ടോ കോര്‍പ്പ് പുത്തന്‍ മാറ്റങ്ങളുമായി സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്ക് പുറത്തിറക്കി. ഏഴു കോടിയുടെ മധുരം, സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷത്തിലായതിനാല്‍ ത്രിവര്‍ണപതാകയുടെ നിറം നല്‍കിയാണ് അച്ചീവര്‍ 150 എന്ന പ്രത്യേക പതിപ്പ് നിരത്തിലെത്തിച്ചത്. രാജ്യത്തുടനീളം 70 ബൈക്കുകള്‍ മാത്രമാണ് കമ്പനി വിപണിയിലെത്തിച്ചത്. തൂവെള്ള നിറത്തില്‍ പതാകയുടെ ത്രിവര്‍ണങ്ങള്‍ നല്‍കിയാണ് രാജ്യത്തോടുള്ള ആദരവ് രേഖപ്പെടുത്തിയത്. കമ്പനിക്കു മാത്രമല്ല രാജ്യത്തിനു തന്നെ അഭിമാനകരമായ നിമിഷമാണിതെന്ന് ഹീറോ മോട്ടോ കോര്‍പ്പ് സിഇഒയും എംഡിയുമായ പവന്‍ മുഞ്ചല്‍ പറഞ്ഞു. പത്തു കോടി ഉല്‍പാദനമെന്നതാണ് കമ്പനിയുടെ അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
അച്ചീവര്‍ 150ന്റെ റെഗുലര്‍ ബൈക്കുകളും ഇതോടൊപ്പം ഹിറോ നിരത്തിലിറക്കി. ഉയര്‍ന്ന മൈലേജും 150 സിസി കരുത്തുമുള്ള ഹീറോ അച്ചീവറിന്റെ ഡ്രം ബ്രേക്ക് മോഡലിന് 61800 രൂപയും ഡിസ്‌ക് ബ്രേക്ക് മോഡലിന് 62800 രൂപയുമാണ് വില. കമ്പനി അടുത്തിടെ പുറത്തിറക്കിയ സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട്ട് 110ല്‍ നല്‍കിയ എഞ്ചിന്‍ ടെക്‌നോളജി തന്നെയാണ് അച്ചീവറിലും ഉപയോഗിച്ചിരിക്കുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പുവരുത്തുന്ന അച്ചീവര്‍ 150ന്റെ ലിമിറ്റഡ് എഡിഷനു ആവശ്യക്കാര്‍ ഏറെയാണെന്നാണ് റിപ്പോര്‍ട്ട്. പൂജ്യത്തില്‍ നിന്ന് നൂറു കിലോമീറ്റര്‍ വേഗം ആര്‍ജിക്കാന്‍ കേവലം അഞ്ചു സെക്കന്റ് മാത്രമാണ് വേണ്ടത്. പത്ത് സെക്കന്റ് ന്യൂട്രലിലിട്ടാല്‍ തനിയെ എഞ്ചിന്‍ ഓഫാകുകയും ക്ലച്ചില്‍ തൊട്ടാല്‍ ഓണാകുകയും ചെയ്യുന്ന നൂതന സാങ്കേതിക വിദ്യയാണ് അച്ചീവറില്‍ പരീക്ഷിച്ചിരിക്കുന്നത്. കൂടാതെ ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓണ്‍ എന്ന സവിശേഷതയും അച്ചീവറിലുണ്ട്. മണിക്കൂറില്‍ 110 കിലോമീറ്ററാണ് പരമാവധി വേഗത. പുതിയ ഗ്രാഫിക്‌സോടു കൂടി ഇരുഭാഗത്തേക്കും തള്ളിനില്‍ക്കുന്ന ഇന്ധനടാങ്ക് റെഗുലര്‍ അച്ചീവറിന്റെ പ്രത്യേകതയാണ്. മാസ്‌ട്രോ എഡ്ജ്, ഡ്യുവറ്റ്, സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ബൈക്കുകള്‍ക്കു ശേഷം ഹീറോ പുറത്തിറക്കുന്ന നാലാമനാണ് അച്ചീവര്‍.