മലയാളികരുത്തില്‍ സന്തോഷ്‌ട്രോഫി ദക്ഷിണമേഖലാ മത്സരത്തില്‍ ഗോള്‍ മഴവര്‍ഷിച്ച് സര്‍വ്വീസസിന് ഉജ്ജ്വലതുടക്കം. നിലവിലെ ചാമ്പ്യന്‍മാര്‍ ഏകപക്ഷീയമായ ഏഴുഗോളുകള്‍ക്കാണ് ദുര്‍ബലരായ തെലങ്കാനയെ കീഴടക്കിയത്. പകരക്കാരായി ഇറങ്ങിയ സ്‌ട്രൈക്കര്‍ അര്‍ജുന്‍ ടുഡു, മന്‍ദീപ് എസ്.സിങ് എന്നിവര്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ മലയാളിതാരങ്ങളായ ബ്രിട്ടോ, പി.ജയിന്‍, മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ ഓരോ ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി. പാലക്കാട്ടുകാരന്‍ രാരി എസ് രാജ് നയിച്ച സര്‍വ്വീസസ് പ്രതിരോധം ഒരിക്കല്‍പോലും തെലങ്കാനക്ക് അവസരം നല്‍കിയില്ല. അഞ്ച് മലയാളി താരങ്ങളെ ആദ്യഇലവനില്‍ ഇറക്കി 5-3-2 തന്ത്രമാണ് നിലവിലെ ചാമ്പ്യന്‍മാര്‍ പരീക്ഷിച്ചത്.
ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിന്റെ മൂന്നാംമിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നാണ് ആദ്യഗോളിന് വഴിയൊരുങ്ങിയത്. മലയാളി താരം പി. ജെയ്ന്‍ ആണ് സര്‍വീസസിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ബോബിചന്ദിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് നല്‍കിയ ഷോര്‍ട്ട് പാസ് ജെയ്ന്‍ മറിച്ചുനല്‍കി പെനാല്‍റ്റി ബോക്‌സിനകത്തേക്ക് ഓടിയെത്തി. ഇടതുവിംഗില്‍ നിന്ന് ലഭിച്ച പന്തുമായി മധ്യഭാഗത്തേക്ക് മുന്നേറിയ ബോബിയുടെ വലംകാലന്‍ബുള്ളറ്റ്് ഷോട്ട്‌ഗോളിയുടെ കൈയ്ക്കുള്ളിലൂടെ ചോര്‍ന്നു. ബോക്‌സില്‍ മാര്‍ക്ക് ചെയ്യാതിരുന്ന ജെയിന് ഗോള്‍പോസ്റ്റിലെത്തിച്ചു. ആദ്യാവസാനം ആക്രമിച്ചു കളിച്ച സര്‍വ്വീസസിന് മുന്നില്‍ പ്രതിരോധത്തിന്റെ മതില്‍ തീര്‍ക്കാന്‍ ശ്രമിച്ച തെലങ്കാന പ്രത്യാക്രമണം മറന്ന മട്ടായിരുന്നു. ഗോള്‍കീപ്പര്‍ ശ്രീകുമാറിന്റെ മികച്ച സേവുകളാണ് ആദ്യ പകുതിയുടെ അവസാന നിമിഷം വരെ തെലങ്കാനയെ തുണച്ചത്.
രണ്ടാംപകുതിയില്‍ ചാമ്പ്യന്‍മാര്‍ കൂടുതല്‍ ഉണര്‍ന്നുകളിച്ചതോടെ ഗോള്‍മഴക്കാണ് കോര്‍പറേഷന്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അനൂപ് പോളിക്ക് പകരക്കാരനായി കളത്തിലിറങ്ങിയ സര്‍വ്വീസസ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ അര്‍ജുന്‍ ടുഡുവിന്റെ പാസില്‍ മലപ്പുറം കാരന്‍ മുഹമ്മദ് ഇര്‍ഷാദാണ് തെലങ്കാനവലവീണ്ടും കുലുക്കിയത്. തൊട്ടടുത്ത മിനിറ്റില്‍ ബ്രിട്ടോയുടെ ബൈസിക്കിള്‍ കിക്ക് ക്രോസ്ബാറിന് മുകളിലൂടെപോയത് കാണികള്‍ക്ക് അവിശ്വസിനീയമായിരുന്നു. 62ാം മിനുറ്റില്‍ യുവതാരം മുഹമ്മദ് ആക്വിബിന്റെ ക്രോസ് ഹെഡ്ഡറിലൂടെ തെലങ്കാനയുടെ വലയിലേക്ക് തിരിച്ചുവിട്ട് പകരക്കാരന്‍ അര്‍ജുന്‍ ടുഡു ടീമിന്റെ ഗോള്‍ നേട്ടം മൂന്നാക്കി. 86ാം മിനുറ്റില്‍ ബ്രിട്ടോയുടെ പാസുമായി മുന്നേറിയ പകരക്കാരന്‍ മന്‍ദീപ് എസ് സിംഗ് ഉതിര്‍ത്ത ഷോട്ട് ഗോളിയുടെ കയ്യില്‍ തട്ടി വലയുടെ വലതു മൂലയില്‍ വിശ്രമിച്ചു. വര്‍ദ്ധിതവീര്യത്തോടെ ചാമ്പ്യന്‍ ടീമിന്റെ കളി പുറത്തെടുത്ത സര്‍വ്വീസസ് തുടരെ തെലങ്കാന ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറി. അതേസമയം മുഹമ്മദ് അബ്ദുല്‍ റഹ്മാനെ പിന്‍വലിച്ച് സയ്യിദ് ആബിദ് ഹുസൈന്‍ റസ്‌വിയെ കളത്തിലെത്തിച്ച കോച്ച് യോഗേഷ് മൗര്യയുടെ നീക്കം തെലങ്കാന മുന്നേറ്റനിരക്ക് കരുത്ത് പകര്‍ന്നു. ഒറ്റപ്പെട്ട മുന്നേറ്റങ്ങളിലൂടെ കളം നിറഞ്ഞ ആബിദ് ഹുസൈന്‍ മികച്ച ഷോട്ടുകളുതിര്‍ത്ത് സര്‍വ്വീസസിനെ വിറപ്പിച്ചു.
തൊണ്ണൂറാം മിനുറ്റില്‍ വലതുവിങില്‍ നിന്നുള്ള ബ്രിട്ടോയുടെ ഷോട്ട് തട്ടിയകറ്റാനുള്ള തെലങ്കാന പ്രതിരോധഭടന്‍ ഭരതിന്റെ ശ്രമം പാളി. തെലങ്കാനഗോളിയെ നിസ്സഹായനാക്കി പന്ത് വലയില്‍ കയറി. അഞ്ചില്‍ തീരുമെന്ന് കരുകിയ ഗോള്‍മഴ ഇഞ്ചുറി ടൈമിന്റെ രണ്ട്, മൂന്ന് മിനുറ്റുകളില്‍ ആവര്‍ത്തിച്ച് മന്‍ദീപ് എസ് സിംഗും അര്‍ജുന്‍ ടുഡുവും സര്‍വ്വീസസിന്റെ ഗോള്‍പട്ടിക ‘ഏഴി’ല്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് 1.45ന് നടക്കുന്ന മത്സരത്തില്‍ പോണ്ടിച്ചേരി കര്‍ണാടകയേയും വൈകീട്ട് നാലിന് ആതിഥേയരായ കേരളം ആന്ധ്രാപ്രദേശിനേയും നേരിടും.