ഇന്ത്യയിലെ മുസ്‌ലിംകളെയും ദലിതരെയും ആദിവാസികളെയും മുമ്പെങ്ങുമില്ലാത്ത വിധം ഭയം കീഴ്‌പ്പെടുത്തിയിരിക്കുന്നു. കാല്‍ വിരല്‍ത്തുമ്പ് മുതല്‍ ഉച്ചി വരെ അവരെ ഭീതി ഗ്രസിച്ചിരിക്കുന്നു. സംരക്ഷകരാവേണ്ട സ്റ്റേറ്റും ഫെഡറല്‍ സംവിധാനങ്ങളും ഒറ്റുകാരും മരണവാഹകരുമായി മാറിയിരിക്കുന്നുവെന്ന തിരിച്ചറിവ് ആരെയാണ് ചകിതരാക്കാത്തത്.
ഇന്ന് ഭോപ്പാല്‍, ഇന്നലെ സൊഹ്‌റാബുദ്ധീന്‍, അന്ന് ഇഷ്‌റത്ത് ജഹാന്‍… ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും അപര സ്‌ഫോടനങ്ങളും അരങ്ങ് തകര്‍ക്കുകയാണ്. പ്രതികള്‍ക്ക് മാത്രം ഒരു മാറ്റവുമില്ല; രണ്ടാമതൊരു മതവും. പ്രതികരിച്ചവരുടെ തരവും ജാതിയും നോക്കി രാജ്യദ്രോഹി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാത്തു നില്‍ക്കുന്ന ‘ഗവണ്‍മെന്റ് ഏജന്‍സികളു’ടെ തുറിച്ചു നോട്ടത്തെ ഭയന്ന് ബാലന്‍സിങ് മന്ത്രങ്ങള്‍ ജപിക്കാന്‍ വിധിച്ച വരിയുടക്കപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിനിധികളാവാനായി സിരകളില്‍ ഇനിയും ചോരയോട്ടം തുടരേണ്ടതുണ്ടോ? ജീവിക്കുന്ന ജഡങ്ങളേക്കാള്‍ സഹ ജീവിക്ക് വളമാവേണ്ട മൃതദേഹങ്ങളാണ് അഭികാമ്യം എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ സമാധാന സ്ഥാപനങ്ങളെയും സായാഹ്ന പ്രഭാഷകരെയും കടന്ന് അത് തിരുമുറ്റത്തുമെത്തും. അന്നും കട്ട പിടിച്ച മൗനം നമ്മുടെ അകത്തളങ്ങളെ അശ്ലീലമാക്കും; തീര്‍ച്ച.
ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മീഡിയക്കിന്ന് പുത്തരിയല്ല. പതിവ് നടുക്കവും ഞെട്ടലും അല്‍പം ചില ഇന്‍വെസ്റ്റിഗേഷന്‍ ചെപ്പടികളും ഒഴിച്ചു നിര്‍ത്തിയാല്‍ അതിര്‍ത്തിയിലെ മൂന്ന് റൗണ്ട് വെടി കൊണ്ടോ ഒരു സര്‍ജിക്കല്‍ അറ്റാക്ക് തള്ളല് കൊണ്ടോ അവസാനിപ്പിക്കാവുന്നതാണ് ഓരോ സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് കൊലപാതകങ്ങളും. ഫാഷിസ്റ്റ് പ്രതിനിധികള്‍ രാജ്യമോ സംസ്ഥാനമോ ഭരിച്ച കാലമത്രയും ഇത്തരം ‘അപസര്‍പ്പകാക്രമണങ്ങള്‍’ നമ്മുടെ കാതുകളെ അലോസരപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, എത്രയെണ്ണത്തില്‍ സത്യസന്ധമായ അന്വേഷണം നടന്നിട്ടുണ്ട്? എത്ര അന്വേഷണ റിപ്പോര്‍ട്ടുകള്‍ വെളിച്ചം കണ്ടിട്ടുണ്ട്?
പുറത്ത് വിട്ട കണക്ക് പ്രകാരം, 2009 ഏപ്രില്‍ ഒന്നു മുതല്‍ 2013 ഫെബ്രുവരി 15 വരെയുള്ള അഞ്ച് വര്‍ഷത്തിനിടയില്‍ മാത്രം ഇന്ത്യയില്‍ 555 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ നടന്നിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ് 138. മണിപ്പൂര്‍ 62, അസം 52, ബംഗാള്‍ 35, ജാര്‍ഖണ്ഡ് 30, ഛത്തീസ്ഗഡ് 29 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ എണ്ണങ്ങള്‍.
ഇതിന് പുറമെ, കശ്മീരില്‍ സേന നടത്തിയ ഏറ്റുമുട്ടലുകളില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടതായും മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 500ലേറെ സൈനികര്‍ ഈ കേസുകളില്‍ പ്രതികളാണ്.
ഭോപ്പാല്‍ ജയില്‍ചാട്ടവും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും തന്നെയെടുക്കുക. വിളക്കിച്ചേര്‍ക്കാന്‍ കഴിയാത്ത ഒരുപാട് കണ്ണികള്‍ ഈ തിരക്കഥയിലുണ്ടെന്നത് വ്യക്തം. അത്യാധുനിക സൗകര്യങ്ങളും ഹൈ സെക്യൂരിറ്റി ഉപകരണങ്ങളുമുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിന്റെ താഴുകള്‍ മൂന്ന് സെക്ടറുകളിലായി എട്ട് സെല്ലുകളില്‍ പാര്‍പ്പിച്ചിരുന്ന വിചാരണത്തടവുകാര്‍ ടൂത്ത് ബ്രഷും മരക്കട്ടകളുമുപയോഗിച്ച് തുറക്കുക, പതിവിന് വിപരീതമായി രണ്ട് ഗാര്‍ഡുമാര്‍ മാത്രം. സെക്യൂരിറ്റിക്കായി ചുമതലപ്പെടുത്തിയ കോമ്പൗണ്ടില്‍ വെച്ച് പ്ലേറ്റും സ്പൂണുമുപയോഗിച്ച് കൊലപാതകം നടത്തുക, ഇരുപതടിയിലധികം ഉയരമുള്ള മതില്‍ മുകളില്‍ ആരുടെയും സഹായമില്ലാതെ ഏതാനും ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി കനത്ത വോള്‍ട്ടേജുള്ള വൈദ്യുതിക്കമ്പികളെ അതിജീവിച്ച് പുറത്ത് ചാടുക, അപ്രതീക്ഷിതമായി സി.സി.ടി.വി പ്രവര്‍ത്തന രഹിതമാവുക, ആയുധധാരികളായ വാച്ച് ടവര്‍ ഗാര്‍ഡുകളെ വെട്ടിച്ച് നാടും നഗരവും പ്രകാശവുമായി ഉണര്‍ന്ന് നില്‍ക്കുന്ന ദീപാവലി ദിനത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരം കൂട്ടമായി സഞ്ചരിക്കുക, എട്ട്‌പേരും ഒരേ സ്‌പോര്‍ട്‌സ് ഷൂവും വാച്ചും (അതും പിടിക്കാന്‍ വന്ന പൊലീസുകാരന്‍ ധരിച്ച അതേ ഷൂ തന്നെ) ധരിച്ച് പാറമടയില്‍ കഴിച്ചുകൂട്ടുക, കോടതി വിധി വരാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ വിധി അനുകൂലമാവുമെന്ന് ഏറെക്കുറെ ഉറപ്പുണ്ടായിരിക്കേ ആയുധമൊന്നും കയ്യിലില്ലാതിരുന്നിട്ടും കീഴടങ്ങാന്‍ കൂട്ടാക്കാതിരിക്കുക… ടാക്‌സ് വെട്ടിപ്പ് സിനിമകളിലെ ക്രൈം ത്രില്ലര്‍ കഥകള്‍ക്ക് പോലും പകരം നില്‍ക്കാന്‍ കഴിയാത്ത പൊലീസ് വിശദീകരണങ്ങളാണ് ഭോപ്പാല്‍ കേസ് മുന്നോട്ട് വെച്ചിരിക്കുന്നത്.
പ്രതികളുടെ കയ്യില്‍ സ്പൂണും പ്ലേറ്റുകളുമടങ്ങിയ താല്‍ക്കാലിക ആയുധങ്ങളെന്ന് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ്, പൊലീസിന് നേരെ നിറയൊഴിച്ചെന്ന് ഡി.ഐ.ജി രമണ്‍ സിങ്, കണ്ടെടുക്കുന്ന വീഡിയോയിലാവട്ടെ പ്ലാസ്റ്റിക് ഉറയില്‍ പൊതിഞ്ഞ ഉപയോഗിക്കാത്ത തകരക്കത്തിയും! ഇതിന് തന്നെ ഫോറന്‍സിക് പ്രോട്ടോകോള്‍ പാലിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഭിന്നതയും.
പറഞ്ഞു വരുന്നത്, ഭോപ്പാല്‍ കേസ് ഒന്നാന്തരം ഫേക്ക് ആണ് എന്നല്ല. ഇങ്ങിനെ പകല്‍ വെളിച്ചം പോലെ വ്യക്തമായാലും വാദികളും പ്രതികളും തിരിച്ചറിയപ്പെടാന്‍ ഒരു സാധ്യതയുമില്ല എന്നാണ്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസ് ഏറ്റെടുക്കുമെന്ന് ആദ്യം അറിയിച്ച മധ്യപ്രദേശ് ആഭ്യന്തര മന്ത്രി പിന്നീട് തിരുത്തിയതും അതിനെ അനുകൂലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജു രംഗത്തെത്തിയതും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഇനി, എന്‍.ഐ.എ അന്വേഷിച്ചാലെന്താണ് സംഭവിക്കുക? കേരളത്തില്‍ യു.എ.പി.എ ചുമത്തപ്പെട്ട കേസുകളിലും സ്‌കൂള്‍ വിവാദങ്ങളിലും അത് കണ്ടതാണ്. കൂട്ടിലിട്ട തത്തകള്‍ക്ക് പഠിപ്പിച്ചത് പറയാനേ കഴിയുകയുള്ളൂ എങ്കില്‍ ഊട്ടി വളര്‍ത്തിയ ശ്വാനന് യജമാനന് വേണ്ടി അന്യരെ കടിക്കാനുമറിയാം എന്ന വ്യത്യാസം മാത്രം.
(തുടരും)