ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന പൗരന്മാരുടെ എണ്ണം രാജ്യത്ത് നാള്‍ക്കുനാളെന്നോണം വര്‍ധിച്ചു വരികയാണ്. കഴിഞ്ഞയാഴ്ച 24 മാവോയിസ്റ്റുകള്‍ ആന്ധ്ര-ഒറീസ അതിര്‍ത്തിയില്‍ വെച്ച് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വാര്‍ത്തക്കു പിറകെയാണ് തിങ്കളാഴ്ച മധ്യപ്രദേശിലെ ഭോപ്പാലില്‍ എട്ടു സ്റ്റുഡന്റ്‌സ് ഇസ്്‌ലാമിക് മൂവ്‌മെന്റ് (സിമി )പ്രവര്‍ത്തകര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരായിരുന്ന പ്രതികള്‍ ഞായറാഴ്ച രാത്രി 12നും മൂന്നിനും ഇടയില്‍ കട്ടിലിന്റെ കമ്പിയും കിടക്കയും ഉപയോഗിച്ച് ഏണി നിര്‍മിച്ച് ജയിലിന്റെ മതില്‍ ചാടിയെന്നാണ് ഭോപ്പാല്‍ പൊലീസ് പറയുന്നത്. ഇവര്‍ മൂര്‍ച്ചയുള്ള സ്റ്റീല്‍ പാത്രങ്ങളും സ്പൂണും കൊണ്ടാണ് സുരക്ഷാജീവനക്കാരനായ ഹെഡ് കോണ്‍സ്റ്റബിള്‍ രാം ശങ്കറിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. ജയില്‍ ചാടിയ പ്രതികളെ 12 കിലോമീറ്ററകലെ മാലിക്‌വേദ ഗ്രാമത്തില്‍വെച്ച് രാവിലെ 11.30ന് ഏറ്റുമുട്ടലിനിടെ പൊലീസ് കൊലപ്പെടുത്തിയതായാണ് ഔദ്യോഗിക ഭാഷ്യം. ഗ്രാമത്തില്‍ രാത്രി ഇവര്‍ ഒളിച്ചുതാമസിക്കുകയായിരുന്നുവെന്നും പൊലീസെത്തിയപ്പോള്‍ പ്രതികള്‍ വെടിവെച്ചതായും പറയുന്നു. സാക്കിര്‍ ഹുസൈന്‍, മെഹബൂബ് , മുഹമ്മദ് അഖീല്‍ ഖില്‍ജി, മുഹമ്മദ് സാലിഖ്, അംജദ് ഖാന്‍, മുജീബ് ഷെയ്ഖ്, മുഹമ്മദ് ഖാലിദ് അഹമ്മദ്, അബ്ദുല്‍മജീദ് എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കൊലപാതകത്തെ വലിയ നേട്ടമായാണ് സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വിശേഷിപ്പിച്ചത്. അതേസമയം തങ്ങളെ പ്രകീര്‍ത്തിക്കണമെന്നാണ് സംസ്ഥാനത്തെ ജയില്‍ ചുമതലയുള്ള ബി.ജെ.പി മന്ത്രിയുടെ പ്രഖ്യാപനം.
ഔദ്യോഗിക ഭാഷ്യം ഇങ്ങനെയായിരിക്കെ ഏതാണ്ടെല്ലാ മുഖ്യധാരാ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഏറ്റുമുട്ടല്‍ കൊലപാതകത്തെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ സുരക്ഷിതത്വത്തിന് ഐ.എസ്.ഒ 9001 സര്‍ട്ടിഫിക്കറ്റ് നേടിയ സ്ഥാപനമാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ജയില്‍ ഈ അവാര്‍ഡ് നേടുന്നത്. 32 അടി ഉയരത്തില്‍ വൈദ്യുതി പ്രവാഹമുള്ള കമ്പിയില്‍ സ്പര്‍ശിക്കാതെ എങ്ങനെ പ്രതികള്‍ മതില്‍ചാടി? സി.സി.ടി.വി എന്തുകൊണ്ട് പ്രവര്‍ത്തിച്ചില്ല ? പ്രതികളുടെ പക്കല്‍ നാല് നാടന്‍ തോക്കുകളുണ്ടെന്ന് ഐ.ജി പറയുമ്പോള്‍ ആഭ്യന്തര മന്ത്രി പറയുന്നത് പാത്രവും സ്പൂണുമാണെന്നാണ്. പ്രതികളുടെ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള ചെറുത്തുനില്‍പ്പോ ആയുധപ്രയോഗമോ ഇല്ലെന്നാണ് പുറത്തുവരുന്ന തെളിവുകള്‍ വെളിപ്പെടുത്തുന്നത്. സംസ്ഥാന ഭീകര വിരുദ്ധ സേനാ തലവന്‍ സഞ്ജീവ് ഷാമിയും പ്രതികളുടെ പക്കല്‍ ആയുധങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ആരോ മൊബൈല്‍ ഫോണില്‍ വീഡിയോയില്‍ രംഗം പകര്‍ത്തിയതായാണ് ഒരു ടി.വി ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ആരാണ് ഏറ്റുമുട്ടലിനിടെ മൊബൈല്‍ പ്രവര്‍ത്തിപ്പിച്ചത്? പോയിന്റ് ബ്ലാങ്ക് റെയ്ഞ്ചില്‍ നിന്നാണ് വെടിവെക്കുന്നതായി ദൃശ്യങ്ങളിലുള്ളത്. അവരെ വെടിവെച്ചുകൊല്ലൂ എന്നും വെടിവെക്കരുത് എന്നും വിളിച്ചുപറയുന്ന ശബ്ദവും വീഡിയോയില്‍ വ്യക്തമാണ്. പ്രതികള്‍ ഗ്രാമീണരുടെ നേരെ കല്ലെറിഞ്ഞെന്നും പൊലീസിന് നേരെ നിറയൊഴിച്ചുവെന്നും പൊലീസ് വാദിക്കുമ്പോള്‍ തന്നെ അവര്‍ പൊലീസിനെ കല്ലെറിയുകയായിരുന്നുവെന്നാണ് മറ്റൊരു ഭാഷ്യം. മാത്രമല്ല, ജയില്‍ ചാടിയ പ്രതികള്‍ക്ക് അര്‍ധരാത്രി അജ്ഞാത ഗ്രാമത്തില്‍ എവിടെനിന്ന് തോക്ക് കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ എഴുതിത്തയ്യാറാക്കിയ തിരക്കഥയാണ് എന്ന സംശയം ബലപ്പെടുന്നത് ഇതൊക്കെകൊണ്ടാണ്. യു.പി അടക്കമുള്ള സംസ്ഥാനങ്ങളില്‍ മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും ഇതിനുപിന്നില്‍ സംശയിക്കണം. സംഭവത്തില്‍ കേന്ദ്രം മൗനം പാലിക്കുകയുമാണ്.
രാജ്യദ്രോഹം, ജയില്‍ ചാട്ടം, ബാങ്ക് കൊള്ള, പൊലീസുകാരെ കൊലപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചാര്‍ത്തപ്പെട്ടിരുന്നത്. യുവാക്കളായ പ്രതികളില്‍ പലരും കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി വിചാരണത്തടവില്‍ കഴിയുകയാണ് . കൊല്ലപ്പെട്ടവരിലെ മെഹബൂബ് കേരളത്തിലെ വാഗമണ്‍ സിമി ക്യാമ്പുമായി ബന്ധപ്പെട്ട കേസിലെ 31-ാം പ്രതികൂടിയാണ്. സംസ്ഥാനത്ത് വിവിധ കേസുകളില്‍ പിടികൂടപ്പെട്ട സിമിക്കാരെയെല്ലാം ഒരുമിച്ച് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ 2008 മുതല്‍ നിരോധിക്കപ്പെട്ട സംഘടനയാണ് സിമി. ഏതുകേസായാലും വിചാരണ ചെയ്ത് കോടതി ശിക്ഷിച്ചാല്‍ മാത്രമേ ശിക്ഷ നടപ്പാക്കാനുള്ള അധികാരം ഭരണകൂടങ്ങള്‍ക്കുള്ളൂ. അതുവരെ പ്രതികള്‍ കോടതിയുടെ ഉത്തരവാദിത്തത്തിലുള്ളവരാണ്.
1990കളിലാണ് മുംബൈയില്‍ പൊലീസ് ഏറ്റുമുട്ടല്‍ കൊലകള്‍ എന്ന ഓമനപ്പേരില്‍ ആളുകളെ പച്ചക്ക് വെടിവെച്ചുകൊല്ലല്‍ ആരംഭിച്ചത്. ഗുജറാത്തിലും ചെന്നൈയിലും ബംഗാളിലും ഇത്തരം കൊലപാതകങ്ങള്‍ കേട്ടു. 2002നും 2008നും ഇടയില്‍ ഇന്ത്യയില്‍ 440 വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നുവെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തന്നെ പറയുന്നത്. 2013 വരെ ഉത്തര്‍ പ്രദേശില്‍ 369 പേരും രാജസ്ഥാനില്‍ 33 പേരും മഹാരാഷ്്ട്രയില്‍ 31 പേരും ഡല്‍ഹിയില്‍ 26 പേരും ആന്ധ്രയില്‍ 22 പേരും മണിപ്പൂരില്‍ 62 പേരും ആസാമില്‍ 52 പേരും പശ്ചിമ ബംഗാളില്‍ 35 പേരും ഝാര്‍ഖണ്ടില്‍ 30 പേരും ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഗുജറാത്ത് കലാപം നടന്ന 2002 മുതല്‍ 2006 വരെ 22 പേരെയാണ് വ്യാജ ഏറ്റുമുട്ടലിലൂടെ അധികാരി വര്‍ഗം പച്ചക്ക് കൊലപ്പെടുത്തിയത്. 2008 സെപ്തംബര്‍ 19ന് ഡല്‍ഹിയിലെ ബട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും മൂന്നു മുസ്‌ലിംകളെയുമാണ് വധിച്ചത്. കാശ്മീരില്‍ നിന്നും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന 2003 മുതല്‍ 2006 വരെ ഇത്തരം നിരവധി കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. മോദിയെ കൊലപ്പെടുത്താന്‍ വന്നവരെന്നു പറഞ്ഞായിരുന്നു ഇസ്രത് ജഹാന്‍ എന്ന യുവതിയടക്കം നാലുപേരെ പട്ടാപ്പകല്‍ ഗുജറാത്ത് പൊലീസ് വെടിവെച്ചുകൊന്നത്. ഇതും ഏറ്റുമുട്ടലെന്ന വ്യാജപ്പേരിലായിരുന്നു. അഞ്ചുവര്‍ഷത്തിനുശേഷം കോടതിയാണ് സംഭവം വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് വിധി പ്രസ്താവിച്ചത്. ചെന്നൈ വ്യാജഏറ്റുമുട്ടല്‍ കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ നജ്മുല്‍ ഹുദാ പറഞ്ഞത് പല പൊലീസ്ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും പ്രശസ്തിക്കും മെഡലിനും വേണ്ടിയാണെന്നാണ്.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ദലിതര്‍ക്കെതിരെയും വാക്കുകള്‍കൊണ്ടും അധികാരം ഉപയോഗിച്ചും ഇന്ത്യന്‍ സംസ്‌കാരത്തെ നാണിപ്പിക്കുന്ന നരനായാട്ടുകളാണ് നടത്തുന്നതെന്നും ഫാസിസമാണ് ഇവരുടെ മുഖമുദ്രയെന്നും നിലനില്‍ക്കുന്ന ആരോപണങ്ങളാണ്. ഇതിനെതിരെ നിയമപരമായ വഴികളിലൂടെ നീതിക്കുവേണ്ടി പോരാടാന്‍ ന്യൂനപക്ഷങ്ങളോടൊപ്പം രാജ്യത്തെ മതേതര വിശ്വാസികളും സമാധാനകാംക്ഷികളുമായ ജനതയുണ്ടാവുമെന്നുതന്നെയാണ് ആശിക്കുന്നത്.