മന്ത്രിസ്ഥാനത്തുനിന്നുള്ള എ.കെ. ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ചാനല്‍ വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാന്‍ മുന്‍ ജില്ലാ ജഡ്ജ് പി.എസ് ആന്റണിയെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കമ്മീഷന്‍ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ശശീന്ദ്രന്റേതായി പുറത്തുവന്ന സംഭാഷണം ഏത് സാഹചര്യത്തില്‍ ഉണ്ടായതെന്നും റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖ പിന്നീട് ദുരുദ്ദേശപരമായി എഡിറ്റ് ചെയ്യുകയോ അതില്‍ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടുണ്ടോയെന്നും കമ്മീഷന്‍ പരിശോധിക്കും.
ഇതിനു പിന്നില്‍ ആരെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്, സംഭാഷണം സംപ്രേഷണം ചെയ്തതില്‍ നിയമവിരുദ്ധമായ കൃത്യങ്ങളോ ഗൂഢാലോചനയോ ഉണ്ടായിട്ടുണ്ടോ എന്നിവയും അന്വേഷണത്തിന്റെ പരാമര്‍ശ വിഷയങ്ങളില്‍ ഉള്‍പെടുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അതും കമ്മീഷന് അന്വേഷിക്കാവുന്നതാണെന്ന് മന്ത്രിസഭാ യോഗം നിര്‍ദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ശശീന്ദ്രന്‍ ഒരു സ്ത്രീയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതായി ആരോപിക്കുന്ന ഓഡിയോ ക്ലിപ്പ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു ദൃശ്യമാധ്യമം പുറത്തുവിട്ടത്. ഈ വാര്‍ത്ത ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജ് പി.എസ് ആന്റണി എറണാകുളം കാക്കനാട് സ്വദേശിയാണ്. 2016 ഒക്‌ടോബറിലാണ് അദ്ദേഹം വിരമിച്ചത്. ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചെങ്കിലും ശശീന്ദ്രനെതിരായ അന്വേഷണമല്ല സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത്തരമൊരു വാര്‍ത്ത പ്രക്ഷേപണം ചെയ്യാനുണ്ടായ സാഹചര്യവും ശബ്ദരേഖ തയാറാക്കിയതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നുമാണ് പ്രധാനമായി പരിശോധിക്കുക. ഇതുമായി ബന്ധപ്പെട്ട് ചാനല്‍ അധികൃതരില്‍ നിന്നും വിവരശേഖരണം നടത്തും.
ശശീന്ദ്രനെതിരെ ഇതുവരെയും ഒരു സ്ത്രീയുടെ പരാതി ഉണ്ടാകാത്ത സാഹചര്യത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചില്ല. തന്നെ കെണിയില്‍ പെടുത്തിയതായി ശശീന്ദ്രനും പരാതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പൊലീസ്, സൈബര്‍ പൊലീസ് അന്വേഷണത്തിന് പ്രസക്തിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.