കേപ്ടൗണ്‍: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിന് 297 എന്ന നിലയില്‍. ശ്രീലങ്കന്‍ പേസ് ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ ദിനത്തില്‍ ഓപണര്‍ ഡീന്‍ എല്‍ഗറിന്റെ സെഞ്ച്വറിയും (129) ക്വിന്റണ്‍ ഡികോക്കിന്റെ (68 നോട്ടൗട്ട്) അര്‍ധസെഞ്ച്വറികളുമാണ് ആതിഥേയര്‍ക്ക് രക്ഷയായത്. കളി നിര്‍ത്തുമ്പോള്‍ കെയ്ല്‍ ആബട്ട് (16) ആണ് ഡികോക്കിന് കൂട്ടായി ക്രീസില്‍.
ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ലങ്ക ആദ്യ ഓവറില്‍ തന്നെ സ്റ്റീഫന്‍ കുക്കിനെ (0) പുറത്താക്കി. ലക്മലിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റ് 66 റണ്‍സിലാണ് വീണത്. ഹാഷിം അംലയെ (29) ലഹിരു കുമാര ബൗള്‍ഡാക്കുകയായിരുന്നു. ജെ.പി ഡുമിനിയെ (0) ലഹിരു കുമാര മടക്കിയപ്പോള്‍ ലങ്കക്ക് നേരിയ മുന്‍തൂക്കം ലഭിച്ചു. എന്നാല്‍ ഫഫ് ഡുപ്ലസ്സി (38) എല്‍ഗര്‍ക്കൊപ്പം പൊരുതി നിന്നു. സ്‌കോര്‍ 142-ല്‍ നില്‍ക്കെ ഹെറാത്തിന് വിക്കറ്റ് നല്‍കിയാണ് ഡുപ്ലസ്സി മടങ്ങിയത്. ടെംബ ബവുമ (10) കുമാരയുടെ പന്തില്‍ പൊരുതാതെ പുറത്തായപ്പോള്‍ എല്‍ഗറിനെ ലക്മല്‍ മടക്കി. 230 പന്ത് നേരിട്ട എല്‍ഗര്‍ 15 ബൗണ്ടറി സഹിതമാണ് 129 റണ്‍സ് നേടിയത്.
ഡികോക്കും എല്‍ഗറും ആറാം വിക്കറ്റില്‍ 103 റണ്‍സ് ചേര്‍ത്തത് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി. ലഹിരു കുമാര മൂന്നും ലക്മല്‍ രണ്ടും പേരെ പുറത്താക്കി.