X

എന്‍.ഡി.എ ബന്ധം: ബി.ഡി.ജെ.എസ് രണ്ടുതട്ടില്‍ വെള്ളാപ്പള്ളിയുടെ മനംമാറ്റത്തിന് പിന്നില്‍ ശിവഗിരി മഠം

തിരുവനന്തപുരം: ബി.ജെ.പി ബന്ധം അവസാനിപ്പിക്കണമെന്ന നിലപാടില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ബി.ഡി.ജെ.എസ് രണ്ടുതട്ടില്‍. എന്‍.ഡി.എ മുന്നണിയില്‍ നിന്ന് പാര്‍ട്ടി പുറത്തുവരണമെന്ന അഭിപ്രായമാണ് ബി.ഡി.ജെ.എസിലെ ഒരു വിഭാഗത്തിനുള്ളത്. ഇക്കാര്യം തീരുമാനിക്കാന്‍ ബി.ഡി.ജെ.എസ് സംസ്ഥാന നേതൃയോഗം ഉടന്‍ ചേരും.
ബി.ഡി.ജെ.എസ് എല്‍.ഡി.എഫില്‍ ചേരണമെന്നു വെള്ളാപ്പള്ളി നടേശന്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് നേതാക്കള്‍ രണ്ടുതട്ടിലായത്. സംഘപരിവാര്‍ സംഘടനകളുമായി ചേര്‍ന്നുനില്‍ക്കുന്നത് ബി.ഡി.ജെ.എസിനും സമുദായത്തിനും ഗുണം ചെയ്യില്ലെന്നാണ് ദീര്‍ഘകാലത്തിന് ശേഷം ശിവഗിരി മഠവുമായി അടുത്ത വെള്ളാപ്പള്ളിയുടെ നിലപാട്. ശിവഗിരിയിലെ മുതിര്‍ന്ന സന്യാസികളുമായി വെള്ളാപ്പള്ളി ഈ വിഷയം ചര്‍ച്ച ചെയ്തയായി സൂചനയുണ്ട്. ശിവഗിരിയെയും ശ്രീനാരായണ പ്രസ്ഥാനങ്ങളെയും ഹൈന്ദവ സംഘടനകളുമായി കൂട്ടിക്കെട്ടുന്നതിനോട് മഠത്തിന് നേരത്തെ തന്നെ എതിര്‍പ്പുണ്ടായിരുന്നു. അതേസമയം എല്‍.ഡി.എഫിലോ യു.ഡി.എഫിലോ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെ സന്യാസിമാര്‍ അനുകൂലിക്കുന്നു.
എന്‍.ഡി.എയുടെ ഘടകകക്ഷിയായി ബി.ഡി.ജെ.എസ് തുടരുമ്പോള്‍ വെള്ളാപ്പള്ളിയെ ഉള്‍ക്കൊള്ളാനാവില്ലെന്ന നിലപാടിലാണ് ശിവഗിരിമഠം. എന്നാല്‍ തനിക്ക് ബി.ഡി.ജെ.എസുമായി യാതൊരു ബന്ധവുമില്ലെന്നും താന്‍ പാര്‍ട്ടിയുടെ ഭാരവാഹിയല്ലെന്നും വെള്ളാപ്പള്ളി ശിവഗിരിമഠത്തെ അറിയിച്ചു. പാര്‍ട്ടിയുടെ സ്ഥാപകന്‍ എന്ന നിലയിലും എസ്.എന്‍.ഡി.പിയുടെ നേതൃസ്ഥാനത്തുള്ള മകന്‍ തുഷാര്‍ നയിക്കുന്ന പാര്‍ട്ടിയെന്ന നിലയിലും ബി.ഡി.ജെ.എസുമായി ബന്ധമില്ലെന്ന വെള്ളാപ്പള്ളിയുടെ വാദത്തെ ശിവഗിരിമഠം തള്ളി.
ഈഴവസമുദായത്തിനോ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്കോ യാതൊരു ഗുണവുമില്ലാതെ ബി.ഡി.ജെ.എസ് ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നതിനോട് ശിവഗിരി മഠത്തിലെ സന്യാസിമാര്‍ക്ക് ഒരു ഘട്ടത്തിലും യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തരമൊരു വിഷയം തുറന്നുപറയാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അടുത്തിടെ ശിവഗിരി മഠത്തിലെത്തിയ വെള്ളാപ്പള്ളി സന്യാസിമാരുമായുള്ള അഭിപ്രായ ഭിന്നതകള്‍ പറഞ്ഞുതീര്‍ത്തത്. ബി.ഡി.ജെ.എസിന്റെ രൂപീകരണവുമായി ബന്ധപ്പെട്ടും തുടര്‍ന്നുനടന്ന പരിപാടികളിലും ശിവഗിരിമഠം ബന്ധപ്പെട്ടിരുന്നില്ല. രൂപീകരണത്തിനു മുന്നോടിയായി വെള്ളാപ്പള്ളി നടത്തിയ യാത്രയില്‍ പങ്കെടുത്ത ഒരു സന്യാസിയോട് മഠം വിശദീകരണം തേടുകയും ചെയ്തിരുന്നു.

chandrika: