X

എന്‍ ചന്ദ്രശേഖരന്‍ ടാറ്റാ ചെയര്‍മാന്‍

മുംബൈ: ടാറ്റാ ഗ്രൂപ്പിന് പുതിയ ചെയര്‍മാന്‍. സിറസ് മിസ്ത്രിയെ പുറത്താക്കിയ ഒഴിവിലേക്കാണ് രത്തന്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി പുതിയ ചെയര്‍മാനെ നിയമിച്ചത്. ഇന്നലെ വൈകീട്ട് 4 മണിക്ക് മുംബൈയില്‍ ചേര്‍ന്ന ടാറ്റാ സണ്‍സ് ഡയരക്ടര്‍ ബോര്‍ഡ് യോഗം തീരുമാനത്തിന് അംഗീകാരം നല്‍കി.

ഉപ്പു മുതല്‍ ഒട്ടോമൊബൈല്‍ വരെയുള്ള വിവിധ മേഖലകളില്‍ വ്യാപിച്ചു കിടക്കുന്നതാണ് നൂറു ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ടാറ്റാ ഗ്രൂപ്പിന്റെ വ്യവസായ സാമ്രാജ്യം. 2016 ഒക്ടോബറിലാണ് സിറസ് മിസ്ത്രിയെ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയത്. തല്‍ക്കാലത്തേക്ക് ചെയര്‍മാന്‍ പദവി ഏറ്റെടുത്ത രത്തന്‍ടാറ്റ, നാലു മാസത്തിനകം പുതിയ ചെയര്‍മാനെ നിയമിക്കുമെന്ന് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ടാറ്റാ സണ്‍സിനു കീഴിലെ വിവിധ കമ്പനികള്‍ പ്രത്യേകം ജനറല്‍ ബോഡി യോഗങ്ങള്‍ ചേര്‍ന്ന് സിറസ് മിസ്ത്രിയെ ഔദ്യോഗികമായിതന്നെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുകയും ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതോടെയാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്‍സി കമ്പനികളില്‍ ഒന്നായി ടി.സി.എസിനെ വളര്‍ത്തിയതില്‍ വഹിച്ച പങ്കാണ് എന്‍ ചന്ദ്രശേഖരനെ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്ത് നിമയിക്കാന്‍ പ്രേരണയായത്. സിറസ് മിസ്ത്രിയുടെ ഉടമസ്ഥതയിലുള്ള പല്ലോന്‍ജി ഗ്രൂപ്പുമായുള്ള നിയമ യുദ്ധം ഉള്‍പ്പെടെ ഒട്ടേറെ വെല്ലുവിളികളാണ് പുതിയ ചെയര്‍മാനെ കാത്തിരിക്കുന്നത്.

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ മാസ്റ്റര്‍ ബിരുദധാരിയായ എന്‍ ചന്ദ്രശേഖരന്‍ തമിഴ്‌നാട്ടിലെ നാമക്കല്‍ സ്വദേശിയാണ്. 1987ല്‍ ടാറ്റാ ഗ്രൂപ്പില്‍ ജീവനക്കാരനായി വന്ന അദ്ദേഹം വിവിധ റാങ്കുകള്‍ കടന്നാണ് 2009ല്‍ ടി.സി.എസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിതനായത്. ചന്ദ്ര എന്ന ചുരുക്കപ്പേരിലാണ് ടാറ്റാ വൃത്തങ്ങളിലും ബിസിനസ് ലോകത്തും 54കാരനായ ചന്ദ്രശേഖരന്‍ അറിയപ്പെടുന്നത്.

chandrika: