X

എട്ടു ലക്ഷം ഇന്ത്യയ്ക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും; കുവൈത്തിലെ പ്രവാസി നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തെ

കുവൈത്ത് സിറ്റി: പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പ്രവാസി ക്വാട്ട ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുക എട്ടു ലക്ഷത്തോളം പ്രവാസികള്‍. സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന ബില്‍ ഇപ്പോള്‍ വിദഗ്ദ്ധ സമിതിക്കു മുമ്പാകെയാണ് ഉള്ളത്.

വിദേശികളും സ്വദേശികളും തമ്മില്‍ നിലനില്‍ക്കുന്ന അസന്തുലിതമായ അനുപാതം കുറയ്ക്കാനാണ് കുവൈത്ത് ഭരണകൂടം ലക്ഷ്യമിടുന്നത്. നിലവില്‍ 43 ലക്ഷമാണ് കുവൈത്തിലെ ജനസംഖ്യ. ഇതില്‍ 13 ലക്ഷം മാത്രമാണ് കുവൈത്തികള്‍. വിദേശികള്‍ മുപ്പത് ലക്ഷവും. സ്വന്തം പൗരന്മാര്‍ രാജ്യത്ത് ന്യൂനപക്ഷമാകുന്ന വെല്ലുവിളിയാണ് കുവൈത്ത് നേരിടുന്നത്.

രാജ്യത്തെ പ്രവാസികളുടെ എണ്ണം 70 ശതമാനത്തില്‍ നിന്ന് മുപ്പത് ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി ശൈഖ് സബ അല്‍ ഖാലിദ് അല്‍ സബ കഴിഞ്ഞ മാസം മുന്നോട്ടുവച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് പുതിയ ക്വാട്ട ബില്‍ വരുന്നത്.

ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് കുവൈത്തില്‍ കൂടുതലുള്ളത്. ഇന്ത്യയ്ക്കാര്‍ പതിനഞ്ചു ശതമാനത്തില്‍ കൂടരുത് എന്നാണ് ബില്‍ നിര്‍ദ്ദേശിക്കുന്നത്. ഈജിപ്തുകാര്‍ക്ക് അനുവദിച്ചിട്ടുള്ളത് 10 ശതമാനം ക്വാട്ട.

നഴ്‌സുമാര്‍, എഞ്ചിനീയര്‍മാര്‍ എന്നിങ്ങനെ സര്‍ക്കാര്‍ മേഖലയില്‍ മാത്രം 28,000 പ്രവാസികള്‍ ജോലി ചെയ്യുന്നു എന്നാണ് കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ കണക്ക്. 5.23 ലക്ഷം പേര്‍ ജോലി ചെയ്യുന്നത് സ്വകാര്യ മേഖലയിലാണ്. 1.16 ആശ്രിതരുമുണ്ട്. രാജ്യത്തെ 23 ഇന്ത്യന്‍ സ്‌കൂളുകളിലായി അറുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും ചെയ്യുന്നു. 14.5 ലക്ഷം വരും മൊത്തം ഇന്ത്യയ്ക്കാര്‍.

ബില്‍ നിയമമായാല്‍ ഇന്ത്യക്കാരുടെ സാന്നിദ്ധ്യം 7-8 ലക്ഷത്തിലേക്ക് ചുരുങ്ങും. ഗള്‍ഫിനെ ആശ്രയിച്ചു കഴിയുന്ന കേരളം പോലുള്ള സമ്പദ് വ്യവസ്ഥകള്‍ക്ക് കനത്ത ആഘാതമാകും അത്. 2018ല്‍ കുവൈത്തില്‍ നിന്ന് 4.8 ബില്യണ്‍ യു.എസ് ഡോളറാണ് ഇന്ത്യയിലെത്തിയത് എന്നാണ് കണക്ക്.

ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശത്തു നിന്ന് പണമെത്തുന്നത് ഇന്ത്യയിലേക്കാണ്. 2019ല്‍ ഇത് 83 ബില്യണ്‍ ഡോളറായിരുന്നു. ഈ വര്‍ഷം വരവ് 64 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങും എന്നാണ് ലോകബാങ്ക് പറയുന്നത്. 2019ല്‍ ഇന്ത്യയിലെത്തിയ പണത്തില്‍ 15.9 ബില്യണും കേരളത്തിലേക്കായിരുന്നു. കൂട്ടത്തോടെയുള്ള കുവൈത്തികളുടെ തിരിച്ചുവരവ് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ ഏല്‍പ്പിക്കുന്ന ആഘാതം ചെറുതാകില്ല.

Test User: