എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ നടക്കുന്ന അവൈക്കിനിംഗ് അസംബ്ലി നാളെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. നേരെത്തെ തയ്യാറാക്കിയ എഴുപത് കേന്ദ്രങ്ങളിലായിരിക്കും അസ്സംബ്ലി നടക്കുക. അസംബ്ലിയുടെ സംസ്ഥാന തല ഉദ്ഘാടനം വേങ്ങര കേന്ദ്രത്തില്‍ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
പഞ്ചായത്തുകളില്‍ നിന്ന് എഴുപത്തിയേഴ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന രീതിയിലാണ് എല്ലാ കേന്ദ്രങ്ങളിലും അസംബ്ലി നടക്കുക. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു കേന്ദ്രത്തില്‍ നടക്കുന്ന അസംബ്ലിയുടെ തത്സമയ സംപ്രേഷണം മറ്റു കേന്ദ്രങ്ങളില്‍ ലഭിക്കുന്ന തരത്തിലാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ലൈവ് പ്രദര്‍ശനം എല്ലാ കേന്ദ്രങ്ങളിലും കാണിക്കാനുള്ള സജ്ജീകരണങ്ങള്‍ എല്ലാ കേന്ദ്രത്തിലുമുണ്ടായിരിക്കും. ഒരു കേന്ദ്രത്തില്‍ നിന്ന് പ്രതിജ്ഞ ചൊല്ലുമ്പോള്‍ മറ്റു കേന്ദ്രങ്ങളിലും പ്രതിജ്ഞ ഏറ്റു ചെല്ലുന്ന വിധമാണ് പരിപാടി നടക്കുക. അസംബ്ലിയുടെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രോഗ്രാം ഷെഡ്യൂളിന് പുറമെ മണ്ഡലം കമ്മിറ്റികള്‍ക്ക് കീഴിലും വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കും. സാംസ്‌കാരിക, സാഹിതീയ രംഗത്തെ അതിഥികള്‍ എല്ലാ കേന്ദ്രങ്ങളിലും പങ്കെടുക്കും.
അസംബ്ലി നടക്കുന്ന കേന്ദ്രങ്ങള്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. പരിപാടിയുടെ ഒരുക്കങ്ങള്‍ നേതാക്കള്‍ വിലയിരുത്തി. ലൈവ് സ്‌ക്രീനിങ് അടക്കമുള്ള വിഷയങ്ങളില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൈമാറി. മണ്ഡലം കമ്മിറ്റികള്‍ നേരെത്തെ തയ്യാറാക്കിയ രെജിസ്‌ട്രേഷന്‍ ഇന്ന് പൂര്‍ത്തീകരിക്കും. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന അസംബ്ലിയില്‍ കാല്‍ ലക്ഷം വിദ്യാര്‍ഥികളാണ് പങ്കെടുക്കുക. കേന്ദ്രങ്ങളിലെ അവസാന ഘട്ട ഒരുക്കത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള ഐക്യപ്പെടലായിരിക്കും വിദ്യാര്‍ത്ഥികളുടെ അവൈക്കിനിംഗ് അസംബ്ലി എന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ് എന്നിവര്‍ പറഞ്ഞു.